ചെന്നൈ - ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19-കാരൻ അറസ്റ്റിൽ. തമിഴ്‌നാട് ധർമ്മപുരി സ്വദേശി എം പ്രകാശ(19)നാണ് പോലീസ് പിടിയിലായത്.
തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
പ്രകാശ് കുട്ടിയുമായി സൗഹൃദത്തിലായിരുന്നുവെന്നും പലപ്പോഴും ചോക്ലേറ്റുകളും ഐസ് ക്രീമുകളും വാങ്ങിക്കൊടുത്തിരുന്നതായും ജില്ലാ പോലീസ് സൂപ്രണ്ട് സ്റ്റീഫൻ ജെസുബത്തം പറഞ്ഞു. ജൂലൈ 16ന് പ്രകാശ് കുട്ടിയെ വാട്ടർ ടാങ്കിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. സഹായത്തിനായി കരയാൻ തുടങ്ങിയതോടെ പരിഭ്രാന്തനായ പ്രകാശ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൈകളും കാലുകളും ബന്ധിച്ച് കുട്ടിയുടെ മൃതദേഹം ടാങ്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.