Sorry, you need to enable JavaScript to visit this website.

നേമം സ്‌കൂളിലെ ജാതീയ പീഡനം: അധ്യാപികക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം -ഫ്രറ്റേണിറ്റി

തിരുവനന്തപുരം - അധ്യാപികയിൽനിന്നുണ്ടായ നിരന്തര ജാതി പീഡനത്തെ തുടർന്ന് നേമം വിക്ടറി ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസുകാരി ദലിത് വിദ്യാർഥിനി ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ സമഗ്രാന്വേഷണം പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത്. ആരതിയുടെത് കേവലം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപണ വിധേയയായ അധ്യാപികക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അർച്ചന പ്രജിത്ത് ആവശ്യപ്പെട്ടു. ആരതിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒന്നര വർഷമായി ആരതിയെ അധ്യാപിക ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു. ആരതി പല തവണയായി അമ്മയോട് ഇത് പറഞ്ഞിട്ടുണ്ടായിരുന്നു. പുതിയ സ്വർണ്ണം ധരിച്ചതിനും പുതു വസ്ത്രമണിഞ്ഞതിനുമൊക്കെ ജാതീയമായി  സഹപാഠികളുടെ മുന്നിൽ വച്ച് അധിക്ഷേപങ്ങൾ അധ്യാപികയിൽ നിന്നുണ്ടായിട്ടുണ്ട്. ആത്മഹത്യ ചെയ്ത ദിവസം പോലും ആരതിയും അമ്മയും പോലീസിനോട് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

ദലിത് വിദ്യാർഥിനി അധ്യാപികയിൽ നിന്നുള്ള ജാതീയ പീഡനത്താൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല.   

അധ്യാപികയെ സംരക്ഷിക്കാൻ സ്‌കൂൾ മാനേജ്‌മെന്റും പോലീസും ഒത്തുകളിക്കുകയാണെന്ന് അർച്ചന പറഞ്ഞു. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും സ്‌കൂൾ അധികൃതരോ അധ്യാപകരോ സഹപാഠികളായ വിദ്യാർഥികളോ ആരതിയുടെ വീട് സന്ദർശിക്കാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം, സംസ്ഥാന സെക്രട്ടറി ഗോപു തോന്നക്കൽ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം, ജില്ലാ സെക്രട്ടറി ഫൈസൽ എന്നിവരുമടങ്ങിയ സംഘമാണ് ആരതിയുടെ വീട് സന്ദർശിച്ചത്.
 

Latest News