കോട്ടയം-ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 23 മണിക്കൂര്‍ പിന്നിട്ടിട്ടും കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചതേയുള്ളൂ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണിഞ്ഞ്, പലവിധ രീതിയില്‍ ജീവിതത്തെ സ്പര്‍ശിച്ച കഥകള്‍ പങ്കുവച്ച്, ജനം തെരുവില്‍ കാത്ത് നില്‍ക്കുകയാണ് ഇപ്പോഴും. വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ, അവസാനമായി പ്രിയനേതാവിനെ കാണാനുള്ള ശ്രമത്തിലാണ് എല്ലാവരും.
ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് തുടങ്ങിയ യാത്ര. 22 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എത്തിയത് 124 കിലോമീറ്റര്‍ ഇപ്പുറം തിരുവല്ലയിലായിരുന്നു. കൊട്ടാരക്കരയിലും അടൂരും ചെങ്ങന്നൂരും, ജനസാഗരം ഇരമ്പിയെത്തി. വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം ജനം തിങ്ങിനിറഞ്ഞു. നേതാക്കള്‍ ഏറെ പണിപ്പെട്ടാണ് വിലാപയാത്രയ്ക്ക് വഴിയൊരുക്കിയത്.