ന്യൂദൽഹി- പോക്സോ കേസുകളിലെ ഇരയുടെ പ്രായം നിർണ്ണയിക്കാൻ സ്‌കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും അഡ്മിഷൻ രജിസ്റ്റർ രേഖകളേയും ആശ്രയിക്കാനാവില്ലെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിൽ ഒരു പെൺകുട്ടിയെ തട്ടികൊണ്ടുപോയി വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ വെറുതെവിട്ടുകൊണ്ട് ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനന സർട്ടിഫിക്കറ്റിന് പകരം സ്‌കൂൾ ട്രൻസ്ഫർ സർട്ടിഫിക്കറ്റിനെ ആശ്രയിച്ചാണ് തനിക്കെതിരെ ശിക്ഷ വിധിക്കാൻ വിചാരണ കോടതി ആശ്രയിച്ചതെന്നും ഇരയുടെ പ്രായം 18 വയസ്സിന് മുകളിലാണെന്ന പരിശോധന റിപോർട്ട് നിരസിച്ചുവെന്നും ചൂണ്ടികാണിച്ചാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. വിചാരണ കോടതിയിൽ നടന്ന എതിർ് വിസ്താരത്തിനിടെ പെൺകുട്ടി തനിക്ക് പത്തൊമ്പത് വയസ്സായിരിക്കാമെന്ന് വ്യക്തമാക്കിയതെതും പരിഗണിച്ചില്ലെന്ന് പ്രതി ചൂണ്ടികാണിച്ചു. പ്രതിയുടെ വാദങ്ങൾ ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.