Sorry, you need to enable JavaScript to visit this website.

കന്നഡ അറിയാത്ത  അദ്ധ്യാപികയെ  നിയമിച്ചു; ക്ലാസ് ബഹിഷ്‌കരിച്ചു വിദ്യാർഥികൾ

കാസർകോട്-കന്നഡ നന്നായി അറിയാത്തയാളെ കന്നഡ മീഡിയം സ്‌കൂളിൽ അദ്ധ്യാപികയായി നിയമിച്ചെന്നാരോപിച്ച് ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. കാസർകോട്  അഡൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. ജൂൺ മൂന്നിനാണ്  തിരുവനന്തപുരം സ്വദേശിനിയായ അദ്ധ്യാപിക സ്‌കൂളിൽ ചുമതലയേറ്റത്. ഹൈസ്‌കൂളിൽ കന്നഡ വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഷയം ആണ് ഇവർ പഠിപ്പിക്കേണ്ടത്. ഉദുമയിലുണ്ടായിരുന്ന ഇവർക്കെതിരെ നേരത്തെയും വിവാദങ്ങൾ ഉണ്ടായിരുന്നു. അതിനുശേഷം ഇവർ മൈസൂരുവിൽ പോയി കന്നഡ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ അഡൂർ സ്‌കൂളിൽ ജോയിൻ ചെയ്യാൻ എത്തിയത്. സ്‌കൂളിൽ ജോയിൻ ചെയ്ത വിവരം അറിഞ്ഞു രക്ഷിതാക്കളും വിദ്യാർത്ഥികളും ഹെഡ്മാസ്റ്ററെയും അദ്ധ്യാപികയെയും തടഞ്ഞു വച്ചിരുന്നു. അദ്ധ്യാപിക പിന്നീട് പോലീസിന്റെ സഹായത്തോടെ സ്‌കൂളിൽ ജോയിൻ ചെയ്തു. പിന്നീട് കഴിഞ്ഞ 16 നാണ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ എത്തിയത്. അപ്പോഴാണ് ടീച്ചർക്ക് കന്നഡ അറിയില്ലെന്നു വിദ്യാർത്ഥികൾ പരാതിപ്പെട്ടത്.  ക്ലാസെടുക്കുന്നത് മനസ്സിലാകുന്നില്ലെന്നാണ് കുട്ടികളുടെ പരാതി. ഇതേ തുടർന്നാണ് തിങ്കളാഴ്ച രാവിലെ 8,9,10 ക്ലാസിൽ പഠിക്കുന്ന  കുട്ടികളും പൂർവ വിദ്യാർത്ഥികളും  ചില രക്ഷിതാക്കളും ചേർന്ന് സ്‌കൂൾ ഉപരോധിച്ചത്. കന്നഡ അറിയുന്ന  അദ്ധ്യാപികരെ  നിയമിക്കണമെന്നാണ് വിദ്യാർഥികൾ പറയുന്നത്
ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും മന്ത്രിക്കും പരാതി നൽകിയിരുന്നു. കൂടാതെ കലക്ടർ ഇമ്പ ശേഖരനും പരാതി നൽകിയിരുന്നു. കലക്ടർ വിളിച്ചു ചേർത്ത ചർച്ചയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാതി കൈമാറാം എന്നും അതുവരെ  അദ്ധ്യാപിക  സ്‌കൂളിൽ പഠിപ്പിക്കാൻ എത്തരുത് എന്നും തീരുമാനം ഉണ്ടാക്കി. അതിനിടയിലാണ് കഴിഞ്ഞ ദിവസം അവർ സ്‌കൂളിൽ എത്തിയത്. അതേ സമയം പി.എസ്.സി നിയമനം ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം സമീപ പ്രദേശമായ ആദൂരിലും ഇതേ പ്രശ്‌നം ഉണ്ടായിരുന്നു. കർണാടക ബോർഡർ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ഇടപെട്ടതിനെ തുടർന്ന് നിയമനം പിൻവലിക്കുകയും ചെയ്തു. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിലായി 439 കന്നഡ മീഡിയം സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ കന്നഡ അറിയാത്തവരെ സ്‌കൂളുകളിൽ നിയമിച്ചാൽ വിദ്യാർത്ഥികൾ ടി.സി വാങ്ങിപ്പോകും എന്നാണ്  പി.ടി.എ ഭാരവാഹികൾ ആശങ്കപ്പെടുന്നത്.

ക്യാപ്.

കന്നഡ അദ്ധ്യാപിക നിയമനത്തിൽ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളുംഅഡൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ  നടത്തിയ ഉപരോധം 

Latest News