മാഞ്ഞുപോകാത്ത ആ പുഞ്ചിരി.. 

തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിന്റെ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു (ഫയൽ ചിത്രം)   

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണം രാഷ്ട്രീയ കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. പരിണതപ്രജ്ഞനായൊരു നേതാവിനെയാണ് നമുക്ക് നഷ്ടമാകുന്നത്. ഭരണാധികാരിയെന്ന നിലയിലും രാഷ്ട്രീയനേതാവ് എന്നനിലയിലും സമൂഹമനസ്സിൽ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവം വ്യക്തികളിലൊരാളായിരുന്നു അദ്ദേഹം. 
പ്രതിസന്ധിഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി പലതവണ കേരളം കണ്ടതാണ്. ഇറാഖ് യുദ്ധകാലത്ത് മലയാളികളെ അവിടെനിന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ അദ്ദേഹം കാണിച്ച പ്രവർത്തനങ്ങൾ എക്കാലവും പ്രവാസിസമൂഹം നന്ദിയോടെ സ്മരിക്കും. രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നകാര്യത്തിലായാലും സ്വന്തം പാർട്ടിയിലെ എതിർഗ്രൂപ്പുകളെ ഒതുക്കുന്ന കാര്യത്തിലായാലും തനതായരീതി അദ്ദേഹത്തിനുണ്ടായിരുന്നു. 
1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.  1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഈ അനുഭവപരിചയങ്ങളുമായാണ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്  എ.കെ ആന്റണി രാജിവെച്ചതിനെ തുടർന്ന് ഉമ്മൻചാണ്ടി 2004-2006 കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകുന്നത്. പിന്നീട് അഞ്ച് വർഷം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2011ൽ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി. രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ സർക്കാറിനെ ഉമ്മൻ ചാണ്ടിയുടെ നയതന്ത്ര വൈദഗ്ധ്യമായിരുന്നു കാലാവധി പൂർത്തിയാക്കാൻ സഹായിച്ചത്. 
ജനസമ്പർക്കമെന്നാൽ ഉമ്മൻചാണ്ടിയാണ്. ജനങ്ങളോട് ഇതുപോലെ ചേർന്നുനിന്ന് പ്രവർത്തിച്ച മറ്റൊരു നേതാവും കേരളത്തിലുണ്ടെന്ന് തോന്നുന്നില്ല. ജനസമ്പർക്കപരിപാടിക്ക് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുജനസേവനത്തിനുള്ള അവാർഡ് 2013ൽ ഉമ്മൻ ചാണ്ടിയെ തേടിയെത്തി. അർഹതയ്ക്ക് ലഭിച്ച അംഗീകാരമാണിത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ  നടത്തിയ ജനസമ്പർക്ക പരിപാടിയെ അത്ഭുതകരമായ ഒരു രാഷ്ട്രീയപ്രവർത്തനമെന്നുവിളിക്കാം.ഇത്തരമൊരു പരിപാടി മറ്റൊരു ഭരണാധികാരിയും  ലോകത്തൊരിടത്തും നടത്തിയതായി അറിവില്ല. 2011, 2013, 2015 എന്നീ വർഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പർക്ക പരിപാടികളിൽ അദ്ദേഹം 1145449 പേരെയാണ് നേരിൽ കണ്ടത്. 242.87 കോടി രൂപ  വിതരണം ചെയ്തു. 
പത്തു പതിനെട്ടു മണിക്കൂർ തുടർച്ചയായി ജനമധ്യത്തിൽ നിന്നു കൊണ്ടുവേണം പരാതികളൊക്കെ കേട്ട് പരിഹരിക്കാൻ. 2011ൽ നടന്ന ജനസമ്പർക്ക പരിപാടി എറണാകുളത്തും കോട്ടയത്തും 19.30 മണിക്കൂർ നീണ്ടു. ആലപ്പുഴയിൽ 19 മണിക്കൂർ. 2015ൽ കോഴിക്കോട്ട് 17.30 മണിക്കൂർ ഉണ്ടായിരുന്നു. ഇതിനിടയിൽ ഉമ്മൻ ചാണ്ടിക്ക് ഭക്ഷണമോ, വിശ്രമമോ ഉണ്ടായിരുന്നില്ല. കരിക്കിൻ വെള്ളം, ഓട്‌സ്, ചൂടുവെള്ളം തുടങ്ങിയവയിലാണ് രാപകൽ ജനമധ്യത്തിൽ ചെലവഴിച്ചത്.  ജനങ്ങളായിരുന്നു അദ്ദേഹത്തിനെല്ലാം. 
ഒരിക്കൽ ഒരുപുസ്തകപ്രകാശനചടങ്ങിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞത് ഞാനോർക്കുന്നു. 
'പുസ്തകവായന തീരെയില്ലാത്തയാളാണ് ഞാൻ. പത്രം ഓന്നോടിച്ചുനോക്കുംഅത്രേയുള്ളു. എന്റെ വായനയും പഠനവുമെല്ലാം ജനങ്ങളാണ്.ജനങ്ങളിൽനിന്ന് നേരിട്ട്കാര്യങ്ങൾ മനസിലാക്കുന്നതിലാണ്എനിക്ക് താൽപര്യം.' ജനങ്ങളായിരുന്നു അദ്ദേഹത്തിന് പാഠപുസ്തകം.  ഏതുകുരുക്കുപിടിച്ച രാഷ്ട്രീയ-സാമൂഹ്യപ്രശ്‌നങ്ങൾ പരിഹരിക്കാനും അദ്ദേഹത്തിനെ പ്രാപ്തനാക്കിയത് ജനങ്ങളുടെ പിൻബലമാണ്.
നിയമസഭക്ക് അകത്തും പുറത്തും ഉന്നതരായ നേതാക്കളിൽനിന്ന് വ്യക്തിപരമായും രാഷ്ട്രീയമായും ക്രൂരമായ ആരോപണങ്ങൾ നേരിടേണ്ടി വന്ന നേതാവാണദ്ദേഹം. സോളാർ വിവാദമാണ് അദ്ദേഹം നേരിട്ട ഏറ്റവും വലിയപ്രതിസന്ധി. നിയമസഭക്കുള്ളിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെക്കുറിച്ച്‌പോലും വളരെ മോശമായ പരാമർശം അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ നടത്തിയ സന്ദർഭം ഞാനോർത്തുപോകുന്നു.  വി.എസിന്റെ പരാമർശത്തെ ആർക്കും ന്യായീകരിക്കാവുന്നതായിരുന്നില്ല. പ്രതിപക്ഷബെഞ്ച് പോലും ആശയക്കുഴപ്പത്തിലായ സന്ദർഭം. ഭരണപക്ഷത്തുനിന്ന് പരാമർശത്തിനെതിരെ  ബഹളം ഉണ്ടായപ്പോൾ അവരെ ശാന്തരാക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഒരു പക്ഷെ മറ്റൊരു നേതാവിനെതിരെയായിരുന്നു ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെങ്കിൽ നിയമസഭ കൈയ്യാങ്കളിയിൽ അവസാനിക്കുമായിരുന്നുവെന്നതിൽ സംശയമില്ല. 
പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ വിമാനയാത്ര ഉറപ്പാക്കാൻ മുഖ്യമന്ത്രിയായിരുന്നപ്പോഴുള്ള ഉമ്മൻ ചാണ്ടിയുടെ പരിശ്രമങ്ങൾ സഹായിച്ചിരുന്നു. കേരളത്തിന് സ്വന്തമായൊരു വിമാനകമ്പനിയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. കേന്ദ്രസഹായം ആവശ്യമായ പദ്ധതിയാണത്. അതുയാഥാർഥ്യമാക്കാൻ കഴിയാത്തതിലദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു. പുതുപ്പള്ളി എന്ന മണ്ഡലത്തെ തന്റെ മരണം വരെ പ്രതിനിധീകരീക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് ജനങ്ങളുടെ ഹൃദയമറിഞ്ഞുള്ള പ്രവർത്തനങ്ങൾകൊണ്ടാണ്. ഏറ്റവും അധികകാലം നിയമസഭയിൽ അംഗമായ ഉമ്മൻ ചാണ്ടിയെ നിയമസഭ  ബുക്ക് ഫെസ്റ്റിവലിനോടനുബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീർ ആദരിച്ച ചടങ്ങിൽവച്ചാണ് ഞാനദ്ദേഹത്തെ അവസാനമായികണ്ടത്. ഉമ്മൻ ചാണ്ടിയുടെ അവസാനത്തെ പ്രധാനപൊതുചടങ്ങായിരിക്കണം അതെന്നാണ് കരുതുന്നത്.
ഉമ്മൻ ചാണ്ടിയുടെ ജീവിതം പോലെ മുഖ്യമന്ത്രിയെന്ന നിലയിൽപ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓഫീസും ഒരു തുറന്ന പുസ്തകമായിരുന്നു. മാധ്യമപ്രവർത്തകരുടെ ഏതുചോദ്യത്തോടും സഹിഷ്ണുതയോടെ മാത്രമേ അദ്ദേഹം പ്രതികരിച്ചിരുന്നുള്ളു. പല മാധ്യമപ്രവർത്തകരും പരിധിവിട്ടും അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.  ഒരു മീറ്റ് ദ പ്രസ്സ് പരിപാടിയിൽ പ്രകോപനംസൃഷ്ടിച്ചുകൊണ്ടുള്ള ഒരു രാഷ്ട്രീയപത്രത്തിന്റെ മുതിർന്ന ലേഖകന്റെ ചോദ്യങ്ങളെ അതേനിലയിൽ നേരിടാതെ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്ന എന്നോട് അദ്ദേഹത്തെ നിയന്ത്രിക്കാൻ കൈകൊണ്ട് തട്ടി ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. മാധ്യമപ്രവർത്തകരോട് എന്നും  നല്ല ബന്ധമുള്ളയാളായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് എത്ര വിവാദങ്ങളുടെ നടുവിലും മാധ്യമപ്രവർത്തകർക്ക് സെക്രട്ടറിയേറ്റിനുള്ളിൽ ഒരു വിലക്കും അനുഭവിക്കേണ്ടതായി വന്നിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ഒരു ജനകീയനേതാവിന്റെ ശൈലിയാണ് ഭരണതലത്തിലും അദ്ദേഹം പിന്തുടർന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ അനുശോചനസന്ദേശത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ 'ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക. തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സാമാജികരുടെ നിരയിലാണ്  ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ  തെളിവാണ്'.പലതലമുറകളെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത നേതാവെന്നനിലയിൽ ഉമ്മൻ ചാണ്ടിയുടെ നിര്യാണം വലിയ ശൂന്യതയാണ് പൊതുസമൂഹത്തിനുണ്ടാക്കിയിരിക്കുന്നത്.

 

Latest News