തിരുവനന്തപുരം / കോട്ടയം - അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ ഓർമ്മിച്ച് മകൾ അച്ചു ഉമ്മൻ. 'ഞങ്ങൾക്കിടയിൽ യാത്രപറച്ചിലില്ല, എവിടെയായിരുന്നാലും എന്റെ ഹൃദയത്തിൽ അപ്പ ഉണ്ടാവുമെന്ന്' ഉമ്മൻ ചാണ്ടിയുമൊത്തുള്ള പല നിമിഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ള മകൾ അച്ചു ഉമ്മൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു.
വിലാപയാത്രയ്ക്കിടെ, ഓരോ സ്ഥലത്തും തടിച്ചുകൂടുന്ന ജനക്കൂട്ടത്തെ കണ്ട് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത് ഇങ്ങനെ: 'എന്ത് പറയണമെന്നറിയില്ല. അപ്പയോട് സ്‌നേഹമുള്ള ലക്ഷങ്ങളാണ് ഈ കടന്നുപോകുന്നത്. അദ്ദേഹം ആർക്കുവേണ്ടി ജീവിച്ചോ, അവരാണ് ഇന്ന് വന്നിരിക്കുന്നത്, ഞങ്ങളെ ആശ്വസിപ്പിക്കാൻ. ഇതിൽപ്പരം ഞങ്ങൾക്ക് മറ്റൊന്നുമില്ല. ഇത്രയും സ്‌നേഹം കാണുമ്പോ പറയാൻ വാക്കുകളില്ല. പക്ഷേ, ആ വിടവ് വലിയ വിടവാണ്. ദൈവനിശ്ചയമാണത്. അത് നികത്താൻ ഒന്നിനും സാധിക്കത്തില്ല. ഞങ്ങൾക്ക് മാത്രമല്ല ഈ വന്ന ലക്ഷങ്ങൾ, അവരെ സംബന്ധിച്ച് അവരുടെ കുടുംബാംഗമായാണ് എല്ലാവരും നെഞ്ചേറ്റിയത്. ഈ നാടിനെ സംബന്ധിച്ചും വലിയൊരു വിടവായിട്ട് ഞാൻ കരുതുകയാണ്. ഒരിക്കലും നികത്താനാവാത്ത ഒരു വിടവ്. ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. അത് നാം മാനിക്കേണ്ടി വരും. അപ്പ നാട്ടിലേക്ക് വരാനിരിക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് സാധ്യമായില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ആരോഗ്യം ഒന്ന് മോശമായി, ആശുപത്രിയിൽ പോയി. രാത്രിയായപ്പോൾ വീണ്ടും ഒരല്പം കൂടി മോശമായി. ചൊവ്വാഴ്ച വെളുപ്പിന് കാർഡിയാക് അറസ്റ്റുണ്ടായി. അങ്ങനെ അപ്പ നമ്മെയെല്ലാം വിട്ടുപിരിഞ്ഞു. നമുക്ക് പ്രാർത്ഥിക്കാം. വിധി അങ്ങനെയാണ് ചാണ്ടി ഉമ്മൻ പറഞ്ഞപ്പോൾ കേട്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയുകയായിരുന്നു.
അനന്തപുരിയിൽനിന്നും ജന്മനാട് ലക്ഷ്യമാക്കിയുള്ള ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര മുന്നോട്ട് നീങ്ങുകയാണ്. പ്രതികൂല കാലാവസ്ഥയിലും ആയിരങ്ങളാണ് ഓരോ കവലയിലും പ്രിയ നേതാവിനെ ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അർപ്പിക്കാനും വഴിയിലുടനീളമുള്ളത്. വൻ ജനബാഹുല്യം കാരണം വിലാപയാത്രയ്ക്ക് ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. അത്രത്തോളം ആരാധകരാണ് മൃതദേഹം വഹിച്ചുള്ള വാഹനം പൊതിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ജനനായകന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.