ഹൈദരാബാദ്- അഞ്ച് ദിവസം മുമ്പ് തെലങ്കാന തലസ്ഥാനത്തുനിന്ന് കാണാതായ ബി.ജെ.പി നേതാവിനെ വിജയവാഡയിൽ കണ്ടെത്തി. ബി.ജെ.പി നേതാവ് എം.തിരുപ്പതി റെഡ്ഢിയെ സൈബരാബാദ് പോലീസ് ഹൈദരാബാദിൽ തിരികെ എത്തിച്ചു. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി എം.എൽ.എയുടെ അനുയായികളിൽനിന്ന് ഭീഷണി നേരിട്ടതിനെ തുടർന്നാണ് നാടുവിട്ടതെന്ന് ഇയാൾ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പോലീസ് അറയിച്ചിട്ടില്ല.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഭർത്താവിനെ തട്ടിക്കൊണ്ടുപോയതായി റെഡ്ഢിയുടെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. അൽവാൽ പോലീസിൽ പരാതി നൽകിയ ഇവർ നീതിക്കുവേണ്ടി ധർണ നടത്തുകയും ചെയ്തിരുന്നു. അൽവാലിലെ ഭൂമി കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ ഭർത്താവിൽ വലിയ സമ്മർദമുണ്ടായിരുന്നുവെന്ന് പോലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്ന സുജാത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ജൂലൈ ൧൩ ന് റെഡ്ഢി തഹസിൽദാർ ഓഫീസിലേക്ക് കാറില് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടിരുന്നു. അവിടെ കാർ നിർത്തിയിട്ട ശേഷം മൊബൈൽ ഓഫ് ചെയത് റെഡ്ഡി ഓട്ടോറിക്ഷയിലാണ് മടങ്ങിയിരുന്നത്. ഒന്നര ഏക്കർ ഭൂമിയെ ചൊല്ലി റെഡ്ഡിയും എം.ജനാർദൻ റെഡ്ഢിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പോലീസ് പിന്തുണയോടെ ഭൂമി പിടിച്ചെടുക്കാൻ ചിലർ ശ്രമിക്കുന്നതായി റെഡ്ഢി ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകയിരുന്നു.






