ന്യൂദൽഹി- സഖ്യത്തിലെ എണ്ണം കൂട്ടാൻ പ്രാദേശിക തലങ്ങളിൽ പോലും ശക്തിയില്ലാത്ത പാർട്ടികളെ കുത്തിനിറച്ച് എൻ.ഡി.എ യോഗം. ഇന്നലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന എൻഡിഎ യോഗത്തിൽ പങ്കെടുത്ത 38 പാർട്ടികളിൽ മിക്കതും പ്രദേശിക സ്വാധീനം പോലുമില്ലാത്ത പാർട്ടികളാണ്. ബി ജെപി, ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), എൻസിപി (അജിത് പവാർ വിഭാഗം), എഐഡിഎംകെ, എന്നിവയാണ് പ്രധാന പാർട്ടികളായി യോഗത്തിൽ പങ്കെടുത്തത്. കേരള കാമരാജ് കോൺഗ്രസ്സ്, ജനസേന പാർട്ടി, ആൾ ഇന്ത്യ എൻ ആർ കോൺഗ്രസ്സ്, ഹിൽ സ്‌റ്റേ പീപ്പിൾസ് ഡെമോക്രാറ്റിക്ക് പാർട്ടി, കുകി പിപ്പീൾസ് അലൈൻസ്, ജൻ സൂര്യശക്തി പാർട്ടി, സിക്കിം ക്രാന്തികാരി മോർച്ച, ജൻനായക് ജനത പാർട്ടി , പ്രഹാർ ജൻശക്തി പാർട്ടി, രാഷ്ട്രീയ സമാജ് പക്ഷം, ജൻ സുരാജ്യ ശക്തി പാർട്ടി, പുതിയ തമിഴകം തുടങ്ങിയ ഇതുവരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ പരിചിതമല്ലാത്ത പാർട്ടികളും ഇന്നലത്തെ എൻഡിഎ യോഗത്തിനെത്തി. കേരളത്തിൽ നിന്നുള്ള ബി.ഡി.ജെ.എസ്്, അപ്‌നാദൾ, ആൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ, മിസോറാം നാഷണൽ ഫ്രൻഡ്, ഇൻഡിജിനോസ് പാർട്ടി ഓഫ് ത്രിപുര, റിപ്പബ്ലിക്കൻ പാർട്ടി, അസം ഗണപരിഷത്ത്, തമിഴ് മാനില കോൺഗ്രസ്സ്, പട്ടാളി മക്കൾ കച്ചി, യൂനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ, ശിരോമണി അകാലിദൾ( സംയുക്ത്), മഹാരാഷ്ട്രവാദി ഗോമന്താക് പാർട്ടി, നിഷാദ് പാർട്ടി, എച്ച് എഎം, ജന സേന പാർട്ടി, ഹരിയന ലോഖിത് പാർട്ടി, ലോക്ജനശക്തി പാർട്ടി, ഗൂർഖ നാഷണൽ ലിബറേഷൻ ഫ്രൻഡ് എന്നിവയാണ് പങ്കെടുത്ത മറ്റു പാർട്ടികൾ. ബെംഗളുരവിൽ നടത്തിയ പ്രതിപക്ഷ യോഗത്തിൽ പാർട്ടികളെക്കാൾ കൂടുതൽ പാർട്ടികളെ പങ്കെടുപ്പിച്ചെന്ന് വരുത്തി തീർക്കാനാണ് എൻഡിഎ ഇത്തരത്തിലൊരു യോഗം നടത്തിയത്. രാത്രി വൈകിവരെ തുടർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസംഗിച്ചു. എൻ ഡിഎക്ക് രാജ്യമാണ് ഒന്നാമതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്റെ സുരക്ഷ, പരോഗതി, ജനങ്ങളുടെ ശക്തീകരണം എന്നിവയാണ് ഒന്നാമതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎയുടെ എൻ ന്യൂ ഇന്ത്യയെന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡി ഡെവലപ്‌മെന്റ്, എ അസ്പിരേഷൻ എന്നാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തായിരുന്നപ്പോഴും നല്ല രാഷ്ട്രീയമാണ് തങ്ങൾ ചെയ്തത്. അന്നത്തെ സർക്കാറുകളുടെ അഴിമതികൾ പുറത്ത് കൊണ്ടുവന്നു. പക്ഷേ ഒരിക്കലും ജനവിധിയെ അവഹേളിച്ചില്ല. ഭരിക്കുന്ന ശക്തികൾക്കെതിരെ വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ല. രാജ്യത്തിന്റെ വികസന പദ്ധതികൾക്ക് തടസ്സം നിന്നിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.






