Sorry, you need to enable JavaScript to visit this website.

വടക്കൻ കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവീസുകൾ 

ഏറെക്കാലത്തിന് ശേഷം മലബാർ പ്രദേശത്തു കൂടി രണ്ടു പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. 
മംഗളുരുവിൽ നിന്ന് കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴി രാമേശ്വരം എക്‌സ്പ്രസാണ് ഒന്ന്. രണ്ടാമത്തേത് നിലവിലുള്ള കണ്ണൂർ-ബെംഗളുരു എക്‌സ്പ്രസിനെ കോഴിക്കോട് വരെ നീട്ടിയെന്നതാണ്. ഇത് കണ്ണൂർ, കാസർകോട്, മംഗളുരു, ഹാസൻ വഴി ബംഗളുരുവിലേക്ക് സർവീസ് നടത്തുന്നതാണ്. പാലക്കാട്-പഴനി പാത ഇരട്ടിപ്പിച്ചത് മുതലുള്ള ആവശ്യമാണ് മധുരയ്ക്ക് കോഴിക്കോട്ട് നിന്ന് നേരിട്ടുള്ള ട്രെയിൻ സർവീസ്. പതിവു യാത്രക്കാർക്കും നേത്ര രോഗികൾക്കും എല്ലാം സൗകര്യപ്രദമാവുമിത്. അതേപോലെ കണ്ണൂരിൽ പകൽ മുഴുവൻ വിശ്രമിക്കുന്ന കർണാടകയിലൂടെ ഭൂരിഭാഗവും സഞ്ചരിക്കുന്ന കണ്ണൂർ-ബംഗളുരു ട്രെയിൻ നീട്ടാൻ തീരുമാനിച്ചതും അനുഗ്രഹമായി. ഇടക്കാലത്ത് കോഴിക്കോടിന്റെ പ്രതാപത്തിന് മങ്ങലേറ്റിരുന്നു. രണ്ടോ മൂന്നോ പാസഞ്ചർ ട്രെയിനുകളും ഉച്ചയ്ക്കുള്ള തിരുവനന്തപുരം ജനശതാബ്ദിയും മാത്രമേ കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ട്രെയിനുകളായി ഇപ്പോഴുള്ളു. ഇതു മാറി കർണാടക തലസ്ഥാനത്തേക്ക് നേരിട്ട് യാത്ര പുറപ്പെടുന്ന എക്‌സ്പ്രസ് ട്രെയിനിന്റെ ടെർമിനസായി കാലിക്കറ്റ് മാറുകയായി. ഇപ്പോഴത്തെ ഈ പ്രഖ്യാപനം കോഴിക്കോട് എം.പി പതിവായി പറയാറുള്ളത് പോലെ വെറും ഡയലോഗല്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച സെക്കന്തരാബാദിൽ ചേർന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റി അംഗീകരിച്ചതാണിത്. റെയിൽവേ അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് ഔദ്യോഗികമായി അറിയിച്ചതുമാണ്. അതുകൊണ്ടു തന്നെ വൈകാതെ ബംഗളുരു, മധുര ട്രെയിനുകളെത്തി കോഴിക്കോടും മലബാറും സജീവമാവുമെന്നതിൽ സംശയമില്ല. 
തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.  തീരുമാനിച്ചത്  ഒ.രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോഴാണ് തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് അമൃത എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നത്. ഈ ട്രെയിനിൽ ഇപ്പോൾ ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ് പരാതി. 
ഇതിനൊപ്പം കേരളത്തിൽ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. കോവിഡ് സമയത്ത് നിർത്തലാക്കിയതും, യാത്രക്കാരുടെ തിരക്ക് പരിഗണിച്ചുമാണ് പുതിയ സ്റ്റോപ്പുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്. പുതിയതായി അനുവദിച്ച സ്റ്റോപ്പുകളും സമയക്രമവും ചുവടെ.

16603 മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്: അമ്പലപ്പുഴ-പുലർച്ച 3.10 

16792 പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്: കുണ്ടറ- രാത്രി 11.32 

16606 നാഗർകോവിൽ-മംഗളുരു ഏറനാട് എക്‌സ്പ്രസ്: നെയ്യാറ്റിൻകര- പുലർച്ച 3.00

16344 മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്: കരുനാഗപ്പള്ളി-പുലർച്ച 02.22 

12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ്: കൊയിലാണ്ടി-പുലർച്ച 03.09

16381 പുനെ-കന്യാകുമാരി എക്‌സ്പ്രസ്: ഒറ്റപ്പാലം-പുലർച്ച 1.44-ജൂലൈ 15 മുതൽ

16604 തിരുവനന്തപുരം-മംഗളുരു മാവേലി എക്‌സ്പ്രസ്: കുറ്റിപ്പുറം-പുലർച്ച 2.29, കൊയിലാണ്ടി-03.09

16347 തിരുവനന്തപുരം-മംഗളുരു എക്‌സ്പ്രസ് എക്‌സ്പ്രസ്: ചാലക്കുടി: പുലർച്ച 2.09 

യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചത്. യാത്രക്കാരുടെ വിവിധ സംഘടനകൾ ഇതുസംബന്ധിച്ച് നിവേദനങ്ങൾ നൽകിയിരുന്നു. സ്റ്റോപ്പ് 
ആവശ്യപ്പെട്ട് എം.പിമാർ നടത്തിയ സമ്മർദ്ദവും ഫലം കാണുകയായിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകൾ തുടരണമോയെന്ന കാര്യം അതത് സ്റ്റേഷനുകളിലെ വരുമാനം പരിഗണിച്ച് തീരുമാനിക്കും.


 

Latest News