ജിദ്ദ - ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കാൻ ലക്ഷ്യമിട്ട് പ്രതിരോധ, ഊർജ, നിക്ഷേപ മേഖലകളിൽ അടക്കം സഹകരണ കരാറുകൾ ഒപ്പുവെച്ച് സൗദി അറേബ്യയും തുർക്കിയും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും തമ്മിൽ നടത്തിയ വിശദമായ ചർച്ചക്കൊടുവിലാണ് പ്രതിരോധം അടക്കമുള്ള മേഖലകളിൽ സഹകരണത്തിന് ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രിമാർ കരാറുകൾ ഒപ്പുവെച്ചത്. ജിദ്ദ അൽസലാം കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും തുർക്കിയും തമ്മിലുള്ള ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും സൗദി കിരീടാവകാശിയും തുർക്കി പ്രസിഡന്റും വിശകലനം ചെയ്തു.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും റജബ് ത്വയ്യിബ് ഉർദുഗാന്റെയും സാന്നിധ്യത്തിൽ ഇരു ഗവൺമെന്റുകളും തമ്മിലുള്ള ഊർജ മേഖലാ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും തുർക്കി ഊർജ, നാച്വറൽ റിസോഴ്‌സസ് മന്ത്രി അൽപർസ്ലാൻ ബെയ്‌റക്തറും പ്രതിരോധ വ്യവസായ സഹകരണ കരാറിൽ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും തുർക്കി പ്രതിരോധ മന്ത്രി യശാർ ഗൂലെറും നേരിട്ടുള്ള നിക്ഷേപ മേഖലയിൽ പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തിൽ സൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹും തുർക്കി നിക്ഷേപ ഓഫീസ് മേധാവി ബുറാക് ദഗ്ലിയോഗ്ലുവും മീഡിയ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ സൗദി മീഡിയ മന്ത്രി യാസിർ അൽദോസരിയും തുർക്കി ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് മേധാവി ഫഖ്‌റുദ്ദീൻ അൽതൂനും തുർക്കിഷ് പ്രതിരോധ കമ്പനിയായ ബൈകാറുമായുള്ള രണ്ടു കരാറുകളിൽ സൗദി പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അൽബയാരിയും ബൈകാർ ടെക്‌നോളജി കമ്പനി സി.ഇ.ഒ ലുത്ഫി ഹലുക് ബെയ്‌റക്തറും ഒപ്പുവെച്ചു.
ബൈകാർ കമ്പനിയുമായി ഒപ്പുവെച്ച കരാറിലൂടെ തുർക്കിഷ് പ്രതിരോധ വ്യവസായ കമ്പനി സൗദി അറേബ്യക്ക് ഡ്രോണുകൾ നൽകുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. പ്രതിരോധ, സൈനിക മേഖലകളിൽ സൗദി അറേബ്യയും തുർക്കിയും തമ്മിലുള്ള സഹകരണത്തിന്റെ പാരമ്യമാണ് പ്രതിരോധ കരാറെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. തുർക്കി പ്രതിരോധ വ്യവസായ കമ്പനിയായ ബൈകാറുമായി ഒപ്പുവെച്ച രണ്ടു കരാറുകളിലൂടെ പ്രതിരോധ മന്ത്രാലയത്തിന് ഡ്രോണുകൾ ലഭിക്കും. സൗദി സായുധ സേനയുടെ സുസജ്ജത ഉയർത്താനും പ്രതിരോധ, ഉൽപാദന ശേഷി ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, ടൂറിസം മന്ത്രി അഹ്‌മദ് അൽഖത്തീബ്, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, മീഡിയ മന്ത്രി സൽമാൻ അൽദോസരി, രഹസ്യാന്വേഷണ വിഭാഗം മേധാവി ഖാലിദ് അൽഹുമൈദാൻ, സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽറുമയ്യാൻ, തുർക്കിയിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് മുഹമ്മദ് അൽഹർബി എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.
അൽസലാം കൊട്ടാരത്തിൽ ചർച്ചയും കരാർ ഒപ്പുവെക്കലും പൂർത്തിയായ ശേഷം സൗദി കിരീടാവകാശി സ്വയം കാറോടിച്ച് തുർക്കി പ്രസിഡന്റിനെ താമസസ്ഥലത്തെത്തിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തുർക്കി പ്രസിഡന്റ് രണ്ടു തുർക്കി നിർമിത ഇലക്ട്രിക് കാറുകൾ സമ്മാനിച്ചിരുന്നു. ഇതിൽ ഒരു കാർ സ്വയം ഓടിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അൽസലാം കൊട്ടാരത്തിൽ നിന്ന് തുർക്കി പ്രസിഡന്റിനെ താമസസ്ഥലത്തെത്തിച്ചത്. സൗദി സന്ദർശനം പൂർത്തിയാക്കി ഉർദുഗാൻ ഖത്തറും യു.എ.ഇയും സന്ദർശിക്കും.