Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഅ്ദനിക്ക് ലഭിച്ചത് നീതിയുടെ ചെറുകണിക മാത്രം

പൊതുജീവിതത്തിലേക്കുള്ള മഅ്ദനിയുടെ തിരിച്ചുവരവ് തടയുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. നീതിനിഷേധത്തിന്റെ, ഭരണകൂട ഭീകരതയുടെ ഇരയായി പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറുകണക്കിനാളുകളുടെ പ്രതീകമാണ് മഅ്ദനി. ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഏറെ വൈകിക്കിട്ടിയ നീതിയുടെ ചെറുകണിക മാത്രം.

 

പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഏറെ വൈകിക്കിട്ടിയ നീതിയുടെ ചെറുകണിക മാത്രം. കേരളത്തിൽ, ഒരുപക്ഷെ ഇന്ത്യയിൽ തന്നെ ഈ തലമുറയിൽ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങൾ നേരിട്ട വ്യക്തിയാണ് അദ്ദേഹം. ഇനിയും ഒരു തെളിവുമില്ലാത്ത കുറ്റാരോപണത്തിന്റെ പേരിൽ അദ്ദേഹത്തിനു നഷ്ടപ്പെട്ടത് ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തെ കാൽനൂറ്റാണ്ട്. 

ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്ക് പോകാനുള്ള അനുമതിയാണ് സുപ്രീംകോടതി നൽകിയിട്ടുള്ളത്. മാത്രമല്ല സ്വന്തം ജില്ലയിൽതന്നെ താമസിക്കാം.  ചികിത്സക്ക് മറ്റു ജില്ലകളിലും പോകാം. ക്രിയാറ്റിൻ അളവിൽ വലിയ വർധന ഉള്ളതിനാൽ വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലാണ് നിലവിൽ മഅ്ദനി ഉള്ളത്. അതു പരിഗണിച്ചാണ് കോടതി നടപടി.  നേരത്തെ മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കർണാടകയിലെ അന്നത്തെ ബിജെപി സർക്കാർ കടുത്ത ജാമ്യവ്യവസ്ഥ വെച്ചതിനാൽ അതു നടന്നില്ല. ഒരു കോടിയാണ് അവരതിനു സുരക്ഷാചിലവായി ആവശ്യപ്പെട്ടത്. പിന്നീട് കോൺഗ്രസ് അധികാരത്തിൽ വന്നതോടെയാണ് മഅ്ദനിക്ക് കേരളത്തിൽ വരാനായത്. പക്ഷേ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നതിനാൽ അദ്ദേഹത്തിന് വീട്ടിലേക്ക് പോകാനോ രോഗഗ്രസ്തനായ പിതാവിനെ കാണാനോ കഴിഞ്ഞില്ല. കൊച്ചിയിൽ നിന്നുതന്നെ തിരിച്ചുപോകേണ്ടിയും വന്നു.

കോയമ്പത്തൂർ സ്‌ഫോടനകേസിൽ പ്രതിചേർക്കപ്പെട്ട് പത്തിൽപരം വർഷം ജയിലിൽ കിടന്ന് നിരപരാധിയെന്നു തെളിയിച്ചു പുറത്തുവരുക, അധികം താമസിയാതെ ബാംഗ്ലൂർ സ്‌ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിലാകുക. സ്വാഭാവികമായും ലഭിക്കേണ്ട ജാമ്യം പോലും ഏറെകാലം നിേഷധിക്കപ്പെടുക, രോഗിയായിട്ടും വിദഗ്ധ ചികിത്സ നിേഷധിക്കപ്പെടുക..... സമാനതകളില്ലാത്ത പീഡനങ്ങളുടെ ചരിത്രമാണ് മഅ്ദനിയുടെ ജീവിതം. അതിനുള്ള യഥാർത്ഥ കാരണമാകട്ടെ മുസ്ലിം സമൂഹത്തിൽ നിന്നും പാവപ്പെട്ടവരുടെ ഒരു പ്രസ്ഥാനം രൂപീകരിക്കാൻ ശ്രമിച്ചതും സവർണ ഫാസിസത്തിനെതിരെ ദളിത് - പിന്നോക്ക - ആദിവാസി - ന്യൂനപക്ഷ ഐക്യം എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ചതും. 

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ  അനിഷേധ്യനേതാവായിരുന്ന 
മഅ്ദനി  1998-ലെ കോയമ്പത്തൂർ ബോംബ് സ്‌ഫോടന പരമ്പരയിൽ ഒരു തെളിവുമില്ലാതെ പ്രതി ചേർക്കപ്പെട്ടാണ് ഒൻപതു വർഷം വിചാരണത്തടവുകാരനായി അദ്ദേഹം തമിഴ്നാട്ടിൽ ജയിലിൽ കഴിഞ്ഞത്. വർഷങ്ങൾക്കുമുമ്പെ വാറണ്ടുണ്ടായിരുന്ന, ഒരു പ്രസംഗത്തിന്റെ പേരിലുണ്ടായിരുന്ന കേസിലാണ് അന്നത്തെ നായനാർ സർക്കാർ മഅ്ദനിയെ പിടികൂടി തമിഴ്‌നാടിനു കൈമാറിയത്. അങ്ങനെയാണ് മഅ്ദനിയുടെ ദുരിതപർവ്വം തുടങ്ങുന്നത്. 2007 ഓഗസ്റ്റ് 1-ന് കേസിൽ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅ്ദനിയെ വെറുതേ വിടുകയായിരുന്നു. പിന്നീട്  2008 ജൂലൈ 25ലെ ബാംഗ്ലൂർ സ്‌ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ 9 വർഷത്തോളം കഴിഞ്ഞു. പിന്നീട് ബാംഗ്ലൂരിൽ  ജാമ്യവ്യവസ്ഥയോടെ കഴിയുകയാണ് അദ്ദേഹം. 

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും മുസ്ലിം വിഭാഗങ്ങൾക്കുനേരെ കടന്നാക്രമണങ്ങൾ നടന്നപ്പോൾ മുസ്ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990  ഇസ്ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചതാണ് മദ്അനിയുടെ ദുരന്തങ്ങൾക്ക് കാരണമായത്.  കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ വർഗ്ഗീയവികാരങ്ങൾ ഇളക്കി വിടുന്നതാണെന്ന് വ്യാപകമായി ആരോപണമുയർന്നു. 1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാൽ നഷ്ടമാവുകയും ചെയ്തു. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐ.എസ്.എസ്. നിരോധിക്കുകയും മദ്അനി അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് ഐഎസ്എസ് പിരിച്ചുവിട്ട മദ്അനി  പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി -പി.ഡി.പി-ക്ക് രൂപം നൽകി. അവർണന് അധികാരം, പീഡിതർക്ക് മോചനം എന്നായിരുന്നു പി.ഡി.പിയുടെ അടിസ്ഥാന  മുദ്രാവാക്യം. ഗുരുവായൂർ, തിരൂരങ്ങാടി ഉപ തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പിഡിപി വലിയ പങ്കുവഹിച്ചു. അതായിരുന്നു ഇവിടത്തെ പല പ്രസ്ഥാനങ്ങളേയും ഞെട്ടിച്ചത്. അവരിൽ ഇടതു - വലതു ഭേദമുണ്ടായിരുന്നില്ല. അങ്ങനെ നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു മഅ്ദനിയുടെ ദുരിത ജീവിതം. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ  അപൂർവ്വം ചില മനുഷ്യാവകാശപ്രവർത്തകരും സെബാസ്റ്റ്യൻ പോളിനെ പോലുള്ള മാധ്യമപ്രവർത്തകരും വി എം സുധീരനെപോലെ ചില രാഷ്ട്രീയ നേതാക്കളും ചില മുസ്ലിം സംഘടനകളും മാത്രമാണ് ഈ വിഷയത്തിൽ പ്രതിഷേധിക്കാൻ തയ്യാറായത്. എന്നാൽ കാലക്രമേണ അവരും നിശബ്ദരായി.  പിടിച്ചുകൊടുത്തത് ഇടതുപക്ഷ സർക്കാരാണെങ്കിലും  ജയിൽ വിമോചിതനായതിനെ തുടർന്ന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് വൻ സ്വീകരണം നൽകി. അവിടെ വെച്ച് ഐ.എസ്.എസ് കാലത്തെ തന്റെ പ്രസംഗങ്ങളുടെ പേരിൽ അദ്ദേഹം കേരള സമൂഹത്തോട് മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആശ്വാസം അധികം നീണ്ടില്ല. മഅ്ദനി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ്, അത് തങ്ങളെ തകർക്കുമെന്നു തിരിച്ചറിഞ്ഞവർ ഗൂഢോലോചന തുടർന്നു. അധികം താമസിയാതെ 2008ലെ ബാംഗ്ലൂർ സ്‌ഫോടന കേസിലും പ്രതിയാക്കി. ആദ്യ രണ്ടു കുറ്റപത്രത്തിലും ഇല്ലാതിരുന്ന മഅ്ദനിയെ പിന്നീട് ഉൾപ്പെടുത്തുകയായിരുന്നു. ബാംഗ്ലൂർ സ്‌ഫോടനത്തിനായി കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പിൽ നടന്ന ഗൂഢാലോചനയിൽ മഅ്ദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. 2007 ഓഗസ്റ്റ് ഒന്നിന് കോയമ്പത്തൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മഅ്ദനിക്ക് ബി കാറ്റഗറി സുരക്ഷയേർപ്പെടുത്തിയിരുന്നുവെന്നതാണ്. കടുത്ത നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. കർണാടക പോലീസ് 2010 ഓഗസ്റ്റ് 17 നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.  സ്ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എങ്കിലും മഅ്ദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം 2015 സെപ്തംബർ 15ന് കേസിൽ മഅ്ദനിക്കെതിരായി മുമ്പ് മൊഴി നൽകിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് സ്ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോലീസ് പ്രധാന സാക്ഷിയാ ക്കിയതെന്ന് കോടതിയെ അറിയിച്ചു. കോയമ്പത്തൂരിലെ പോലെ നിരപരാധിയാണെന്നു കണ്ട് മഅ്ദനിയെ വിട്ടയക്കുമെന്ന് ഏല്ലാവർക്കും ഏറെക്കുറെ ഉറപ്പാണ്. ഒരിക്കലും പൊതുജീവിതത്തിലേക്കുള്ള മഅ്ദനിയുടെ തിരിച്ചു വരവ് തടയുക എന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് വ്യക്തം. നീതിനിഷേധത്തിന്റെ, ഭരണകൂട ഭീകരതയുടെ ഇരയായി പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറുകണക്കിനാളുകളുടെ പ്രതീകമാണ് ഇന്ന് മഅ്ദനി. 

Latest News