Sorry, you need to enable JavaScript to visit this website.

വയനാടിന് മറക്കാന്‍ കഴിയാത്ത ഭരണാധികാരി

2015 ജൂലൈ 12ന് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ശിലാസ്ഥാപനം നിര്‍വഹിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസംഗിക്കുന്നു.

കല്‍പറ്റ-വയനാടിനു മറക്കാനാകാത്ത രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. ഭരണാധികാരി എന്ന നിലയില്‍ പ്രത്യേക ശ്രദ്ധയാണ് ജില്ലയോട് അദ്ദേഹത്തിനുണ്ടായിരുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് 2012ലെ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചത്. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി, ദേശീയപാത 766ലെ രാത്രിയാത വിലക്ക്, താമരശേരി ചുരം ബദല്‍ പാത എന്നീ വിഷയങ്ങളിലും സജീവ ഇടപെടല്‍ ഉമ്മന്‍ചാണ്ടി നടത്തിയിരുന്നു.
ആരോഗ്യരംഗത്ത് ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു ഉമ്മന്‍ചാണ്ടിക്കുള്ള ബോധ്യമാണ് വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. കല്‍പറ്റയ്ക്കടുത്ത് മടക്കിമലയില്‍ ഗവ.മെഡിക്കല്‍ കോളേജിന് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്ത 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിലെ നിയമ-സാങ്കേതിക തടസങ്ങള്‍ നീക്കുന്നതിനു ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മടക്കിമല ഭൂമിയില്‍ നിര്‍മിക്കാന്‍ തീരൂമാനിച്ച മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിച്ചതും അദ്ദേഹമാണ്. സര്‍ക്കാര്‍ വയനാട്ടില്‍ ലക്ഷ്യമിടുന്നത് മെഡി സിറ്റിയാണെന്നും മെഡിക്കല്‍ കോളേജ് അതിനുള്ള തുടക്കം മാത്രമാണെന്നുമാണ് ശിലാസ്ഥാപനച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്.
മെഡിക്കല്‍ കോളേജും മെഡി സിറ്റിയും യാഥാര്‍ഥ്യമാകുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നടത്തിവരുന്നതിനിടെയായിരന്നു ഭരണമാറ്റം. ചന്ദ്രപ്രഭാ ട്രസ്റ്റില്‍നിന്നു സ്വീകരിച്ച ഭൂമി പ്രകൃതിദുരന്തസാധ്യതാ മേഖലയിലായതിനാല്‍ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്തേണ്ടെന്ന്  പിന്നീട് വന്ന സര്‍ക്കാര്‍ തിരുമാനിക്കുകയായിരുന്നു. പൂര്‍ണ അര്‍ത്ഥത്തില്‍ അല്ലെങ്കില്‍പോലും മാനന്തവാടി ആസ്ഥാനമായി വയനാട് ഗവ.മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചുവരികയാണ്.
ദേശീയപാത 766ല്‍ ബന്ദിപ്പുര കടുവാസങ്കേതം പരിധിയില്‍ ബാധകമാക്കിയ രാത്രിയാത്ര നിയന്ത്രണം നീക്കിക്കിട്ടുന്നതിന് നിരന്തര പരിശ്രമമാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടത്തിയത്. പലവട്ടം അദ്ദേഹം ബംഗളൂരുവിലെത്തി കര്‍ണാടക മുഖ്യമന്ത്രിയുമായി രാത്രിയാത്രാ വിഷയത്തില്‍ ചര്‍ച്ച നടത്തി. എങ്കിലും കേരളത്തിനു സഹായകമായ നിലപാട് സ്വീകരിക്കാന്‍ കര്‍ണാടക തയാറായില്ല. ദേശീയപാതയിലെ രാത്രിയാത്രാ വിലക്ക് തുടരുകയാണെങ്കിലും  വയനാടിനു വിസ്മരിക്കാന്‍ കഴിയാത്തതാണ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടലുകള്‍. വയനാടിന്റെ റെയില്‍വേ അഭിലാഷം നിറവേറ്റുന്നതിലും പ്രത്യേക താത്പര്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. റെയില്‍ പദ്ധതിയുടെ ഭാഗമായ സര്‍വേയക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡി.എം.ആര്‍.സി) ചുമതലപ്പെടുത്തിയതും ഫണ്ട് അനുവദിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. പിന്നീട് വന്ന സര്‍ക്കാര്‍ ഫണ്ട് നല്‍കാതിരുന്ന സാഹചര്യത്തിലാണ് ഡി.എം.ആര്‍.സി സര്‍വേ പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്നാക്കം പോയത്.
വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ചുരമില്ലാ പാത ഇനിയും യാഥാര്‍ഥ്യമായില്ല. എങ്കിലും അഞ്ച് ബദല്‍പാത നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഫയലുകളിലുണ്ട്.  മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടതാണ് ഈ നിര്‍ദേശങ്ങള്‍ പൊതുമരാമത്ത് വകുപ്പ് തയാറാക്കുന്നതിന് ഇടയാക്കിയത്.
2021 ഡിസംബര്‍ 13ന് ഐ.എന്‍..ടിയു.സി വയനാട് ജില്ലാ കമ്മിറ്റി കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പി.കെ.ഗോപാലന്‍ അനുസ്മണം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയാണ്. ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പി.കെ.ഗോപാലനുമായി വലിയ സൗഹൃദമാണ് അദ്ദേഹത്തിനു  ഉണ്ടായിരുന്നത്. കല്‍പറ്റയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത രാഹുല്‍ഗാന്ധിയുടെ ഓഫീസ് സന്ദര്‍ശനത്തിനാണ് ഏറ്റവും ഒടുവില്‍ ഉമ്മന്‍ചാണ്ടി വയനാട്ടില്‍ എത്തിയത്.

 

 

Latest News