ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത്,  നാളെ പുതുപ്പള്ളിയിലേക്ക്; സംസ്‌കാരം വ്യാഴാഴ്ച

കോട്ടയം- അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച. മൃതദേഹം കര്‍ണാടക മുന്‍ മന്ത്രി ടി ജോണിന്റെ ബംഗളൂരു ഇന്ദിര നഗര്‍ കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഇവിടെ എത്തി അന്തിമോപചാരം അര്‍പ്പിക്കും.വിമാന മാര്‍ഗം ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊണ്ടു വരും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനമുണ്ടാകും.
പിന്നീട് തിരുവനന്തപുരത്തു നിന്നു പുതുപ്പള്ളിയിലേക്ക് മൃതദേഹം വിലാപ യാത്രയായി എത്തിക്കും. സംസ്‌കാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നു ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു.
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 4.25നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണം. അദ്ദേഹത്തിനു 79 വയസായിരുന്നു. അര നൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു ഉമ്മന്‍ ചാണ്ടി. രണ്ട് തവണ മുഖ്യമന്ത്രിയായി.


 

Latest News