Sorry, you need to enable JavaScript to visit this website.

വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ലോറികൾ  വിദേശികൾ ഓടിക്കുന്നതിന് വിലക്ക്

റിയാദ്- വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ലോറികളിൽ വിദേശികൾ ഡ്രൈവർമാരായി ജോലി ചെയ്യുന്നതിന് വിലക്കുള്ളതായി പുതിയ ചരക്ക് ഗതാഗത, കാർഗോ ഏജൻസി, ലോറി വാടക നിയമാവലി അനുശാസിക്കുന്നു. ഇത് ലംഘിക്കുന്ന ലോറി ഉടമകൾക്ക് അയ്യായിരം റിയാൽ പിഴ ചുമത്തും. നിയമാവലിയിൽ 93 നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 31 നിയമ ലംഘനങ്ങൾക്ക് അയ്യായിരം റിയാൽ വീതം പിഴ ലഭിക്കും. ലൈസൻസില്ലാതെ ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുക, റദ്ദാക്കിയ ലൈസൻസ് ഉപയോഗിച്ച് ഈ മേഖലയിൽ പ്രവർത്തിക്കുക, പൊതുഗതാഗത അതോറിറ്റിയുടെ അനുമതിയില്ലാതെ ലൈസൻസ് മറ്റുള്ളവർക്ക് മറിച്ചുനൽകുക എന്നീ നിയമ ലംഘനങ്ങൾക്കും അയ്യായിരം റിയാലാണ് പിഴ. 
അതോറിറ്റിയുടെ ലൈസൻസില്ലാതെ സ്ഥാപനത്തിന്റെ ഘടനയിലും പ്രവർത്തന മേഖലയിലും മാറ്റം വരുത്തുക, ലൈസൻസ് പ്രകാരം അനുശാസിക്കുന്നതിലും കുറഞ്ഞ തോതിലേക്ക് ലോറികളുടെ എണ്ണം കുറക്കുക, അതോറ്റിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം സംവിധാനത്തിൽ സ്ഥാപനത്തെ ബന്ധിപ്പിക്കാതിരിക്കുക, ലൈസൻസില്ലാത്ത വാഹനങ്ങൾ പ്രവർത്തിപ്പിക്കുക, അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യപ്പെടുമ്പോൾ ലോറികൾ കൈമാറാതിരിക്കുക, സൗദിയിൽ രജിസ്റ്റർ ചെയ്യാത്ത ലോറികൾ ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുക, ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നതിന് ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് ലോറികൾ വാടകക്ക് നൽകുക, വ്യക്തികൾക്ക് ലോറികൾ വാടകക്ക് നൽകുക, പ്രവർത്തന കാലാവധി അവസാനിച്ച ലോറികൾ ഉപയോഗിക്കുക, അപകടത്തിൽ പെടുന്ന കാറുകൾ അടിയിൽ പെടാതെ നോക്കുന്ന സുരക്ഷാ ബാരിയറുകൾ സ്ഥാപിക്കാതിരിക്കുക പോലുള്ള നിയമ ലംഘനങ്ങൾക്കും ഇതേ തുക പിഴ ലഭിക്കും. 
18 നിയമ ലംഘനങ്ങൾക്ക് മൂവായിരം റിയാൽ പിഴയാണ് ലഭിക്കുക. പ്രൊഫഷനൽ ലൈസൻസില്ലാത്ത ഡ്രൈവർമാരെയും അപകടകരമായ പദാർഥങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ലൈസൻസില്ലാത്ത ഡ്രൈവർമാരെയും ജോലിക്കു വെക്കുക, ചരക്ക് ഗതാഗതത്തിന് അനുയോജ്യമല്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുക, സുരക്ഷിതത്വമില്ലാതെ ചരക്കുകൾ കയറ്റുക, നിരോധിത ട്രാക്കുകളിലൂടെ ലോറികൾ ഓടിക്കുക, അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുക, ഡ്രൈവർമാർക്കുള്ള വിശ്രമ സമയം പാലിക്കാതിരിക്കുക, തകരാറുള്ള ലോറികൾ വാടകക്ക് നൽകുക, ട്രാക്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ട ഉപകരണം ലോറികളിൽ സ്ഥാപിക്കാതിരിക്കുക അടക്കമുള്ള നിയമ ലംഘനങ്ങൾക്കാണ് മൂവായിരം റിയാൽ വീതം പിഴ ചുമത്തുന്നത്. മറ്റു നിരവധി നിയമ ലംഘനങ്ങൾക്ക് 500 മുതൽ രണ്ടായിരം റിയാൽ വരെ പിഴ ലഭിക്കും. പുതിയ നിയമാവലി ഒക്‌ടോബറിൽ പ്രാബല്യത്തിൽ വരും. 
 

Latest News