ന്യൂദല്‍ഹി- ടെല്‍ അവീവ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന വിവരത്തിന് പിന്നാലെ കേസെടുത്തു

ന്യൂദല്‍ഹി- ടെല്‍ അവീവിലേക്കുള്ള വിമാനം ഹൈജാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഡല്‍ഹി പൊലീസ് കേസെടുത്തു. ജൂലായ് 13ന് വ്യാഴാഴ്ചയാണ് ടെല്‍ അവീവിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന് ഹൈജാക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചത്. പൂനെയിലെ എയര്‍ ഇന്ത്യ കോള്‍ സെന്ററിലേക്കാണ് കോള്‍ വന്നത്. ഡല്‍ഹി പോലീസ് ഞായറാഴ്ചയാണ് കേസെടുത്തത്. 

ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനം ഹൈജാക്ക് ചെയ്യുമെന്ന് മറ്റൊരാള്‍ പറയുന്നത് താന്‍ കേട്ടതായാണ് ഇന്ത്യയിലേക്ക് വിളിച്ചയാള്‍ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. 

അസമില്‍ നിന്നുള്ള അനുരാഗ് എന്നയാളാണ് എയര്‍ ഇന്ത്യയിലേക്ക് വിളിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

'എയര്‍ ഇന്ത്യ ഡല്‍ഹി- ടെല്‍ അവിവ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന കോളിനെത്തുടര്‍ന്ന് ഗുവാഹത്തി വിമാനത്താവളത്തില്‍ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി യോഗം ചേരുകയും രാവിലെ 9:16 മുതല്‍ 11 വരെ പ്രത്യേക സുരക്ഷാ സമിതി യോഗം ചേരുകയും ചെയ്തതായി എഫ് ഐ ആറില്‍ പറയുന്നു. 

 ഭീഷണി കോളിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സംശയാസ്പദമായ ഒന്നും പുറത്തുവന്നിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പോലീസ് പറഞ്ഞു.

ഐ പി സി സെക്ഷന്‍ 82, 341, 505(1) (ബി), 507 പ്രകാരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിസ്താര വിമാനത്തില്‍ 'ഹൈജാക്ക്' എന്നു പറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഒരാളെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിസ്താര വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് 'ഹൈജാക്ക്' എന്ന് ഉറക്കെപ്പറഞ്ഞയാളെ വിമാനത്തില്‍ നിന്നും പുറത്താക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് നാല് മണിക്കൂറാണ് വിമാനം വൈകിയത്.

നടപടിക്രമം പാലിക്കുന്നതിന്റെ ഭാഗമായി പുറപ്പെടുന്നതിന് പുതിയ അനുമതി നല്‍കുന്നതിന് മുമ്പ് അധികൃതര്‍ വിമാനത്തില്‍ തിരച്ചില്‍ നടത്തി. വിമാനക്കമ്പനി ഉടന്‍ അധികൃതരെ വിവരമറിയിക്കുകയും റിതേഷ് സഞ്ജയ്കുമാര്‍ ജുനേജ എന്ന യാത്രക്കാരനെ കൈമാറുകയും ചെയ്തതായി വിസ്താര വക്താവ് വിശദമാക്കി. 

വിമാന ജീവനക്കാരുടെ പരാതിയെത്തുടര്‍ന്ന് വൈകിട്ട് ആറരയ്ക്ക് മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട വിസ്താര വിമാനത്തില്‍ ജുനെജയെ അറസ്റ്റ് ചെയ്തു.

പോലീസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജുനജ മാനസിക രോഗിയാണെന്നാണ് പറയുന്നത്. മാനസിക അസ്ഥിരതയാണ് ജുനേജയുടെ പെരുമാറ്റത്തിന് കാരണമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest News