ന്യൂദൽഹി- അപകീർത്തിക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജി സുപ്രീംകോടതി നാളെ(ചൊവ്വ) പരിഗണിക്കും. ഈ മാസം ഏഴിനാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രഛക് രാഹുലിന്റെ സ്റ്റേ ആവശ്യം തള്ളിയത്.
ജനപ്രതിനിധികൾക്ക് സംശുദ്ധി വേണമെന്നും രാഹുലിനെതിരെ പത്തോളം ക്രിമിനൽ കേസുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് ഹൈക്കോടതി നടപടി. 2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ, മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്' എന്നു രാഹുൽ പറഞ്ഞത് അപകീർത്തിയുണ്ടാക്കിയെന്നാണു കേസ്. ബി.ജെ.പി ഗുജറാത്ത് എം.എൽ.എ പൂർണേശ് മോഡി നൽകിയ പരാതിയിൽ മാർച്ച് 23നു സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിന് 2 വർഷം തടവും പിഴയും വിധിച്ചു. പിന്നാലെ രാഹുലിന്റെ ലോക്സഭാംഗത്വം നഷ്ടമായിരുന്നു.