കഅ്ബാലയത്തിന് പുതിയ കിസ്‌വ ബുധനാഴ്ച അണിയിപ്പിക്കും

മക്ക - വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് ബുധനാഴ്ച നടക്കുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. 130 വിദഗ്ധർ അടങ്ങിയ സംഘമാണ് പഴയ കിസ്‌വ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുക. കിസ്‌വ മാറ്റൽ ചടങ്ങിന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്‌മാൻ അൽസുദൈസ് മേൽനോട്ടം വഹിക്കും. 
ഹറംകാര്യ വകുപ്പിനു കീഴിൽ ഉമ്മുൽജൂദ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിലാണ് പ്രകൃതിദത്തമായ 670 കിലോ പട്ടുനൂലും 120 കിലോ സ്വർണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ച് കിസ്‌വ നിർമിക്കുന്നത്. 
14 മീറ്റർ ഉയരമുള്ള കിസ്‌വയുടെ മുകളിൽ നിന്ന് മൂന്നിലൊന്ന് താഴ്ചയിൽ 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. 47 മീറ്റർ നീളമുള്ള ബെൽറ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങൾ അടങ്ങിയതാണ്. കിസ്‌വ നാലു കഷ്ണങ്ങൾ അടങ്ങിയതാണ്. ഇതിൽ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളിൽ തൂക്കുന്ന കർട്ടൻ ആണ്. കിസ്‌വ നിർമാണത്തിൽ 200 ലേറെ ജീവനക്കാർ പങ്കാളിത്തം വഹിക്കുന്നു.
 

Latest News