Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷ സഖ്യം സ്വാര്‍ഥസഖ്യമെന്ന് ബി.ജെ.പി

ന്യൂദല്‍ഹി- ബംഗളൂരുവില്‍ നടക്കുന്ന സംയുക്ത പ്രതിപക്ഷ യോഗത്തെ വിമര്‍ശിച്ച് ബി.ജെ.പി എം.പി രവിശങ്കര്‍ പ്രസാദ്.  ഇത് 'സ്വാര്‍ത്ഥ സഖ്യമാണ്' എന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഇന്ത്യക്ക് ഭാവി നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'അരവിന്ദ് കെജ്രിവാള്‍ ദല്‍ഹിയിലെ വെള്ളപ്പൊക്ക പ്രതിസന്ധി ഉപേക്ഷിച്ചു ബംഗളൂരുവിന് പോയി, അദ്ദേഹം എങ്ങനെയുള്ള മുഖ്യമന്ത്രിയാണ്? ഇവിടെ എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ബംഗാളില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി അക്രമം കാണിച്ചു. കോണ്‍ഗ്രസ് നിശബ്ദമാണ്, സിപിഐ-സിപിഐ(എം) നിശബ്ദമാണ്. ഇതിനെ സ്വാര്‍ത്ഥ സഖ്യം എന്നാണ്  വിളിക്കേണ്ടത്. ഇത്തരക്കാര്‍ രാജ്യത്തിന് ഒരു ഭാവി പ്രദാനം ചെയ്യുമോ? തീര്‍ച്ചയായും ഇല്ല - രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രി താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ നടക്കുന്ന മെഗാ മീറ്റിംഗില്‍ 26 പ്രതിപക്ഷ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനുള്ള സംയുക്ത പ്രക്ഷോഭ പദ്ധതി പ്രഖ്യാപിക്കാനും പൊതുമിനിമം പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നേതാക്കള്‍ സാധ്യതയുണ്ട്. സഖ്യത്തിന്റെ പേര് നേതാക്കള്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
യോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ടിഎംസി അധ്യക്ഷ മമത ബാനര്‍ജി, എന്‍സിപിയുടെ ശരദ് പവാര്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ ചിത്രങ്ങളുള്ള 'യുണൈറ്റഡ് വി സ്റ്റാന്‍ഡ്' എന്നെഴുതിയ പോസ്റ്ററുകള്‍ ബെംഗളൂരുവിലെ തെരുവുകളില്‍ പതിച്ചിരുന്നു. എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ഇടതുപക്ഷ നേതാക്കളും ചില പ്രാദേശിക സംഘടനകളും പങ്കെടുക്കും. അതേസമയം, രണ്ടാം ദിവസമായ ചൊവ്വാഴ്ച യോഗത്തില്‍ പങ്കെടുക്കുന്ന എന്‍സിപിയുടെ ശരദ് പവാറിലാണ് എല്ലാ കണ്ണുകളും.

ജൂണ്‍ 23 ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പട്നയില്‍ പ്രതിപക്ഷ നേതാക്കളുടെ ആദ്യ യോഗം നടന്നു. കോണ്‍ഗ്രസ്, ടിഎംസി, എഎപി, സിപിഐ, സിപിഐ എം, ആര്‍ജെഡി, ജെഎംഎം, എന്‍സിപി, ശിവസേന (യുബിടി), എസ്പി, ജെഡിയു തുടങ്ങി പതിനഞ്ചോളം പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Latest News