ഡി-കമ്പനി അംഗം ആരിഫ് ഷെയ്ഖിന്റെ സ്വത്തുക്കള്‍ എന്‍.ഐ.എ കണ്ടുകെട്ടി

ന്യൂദല്‍ഹി- ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിംഗ് കേസിലെ പ്രധാന പ്രതികളിലൊരാളുടെ സ്വത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടുകെട്ടി. ദാവൂദ് ഇബ്രാഹിം കസ്‌കറിനും ഛോട്ടാ ഷക്കീല്‍ ഉള്‍പ്പെടെയുള്ള ചില അടുത്ത സഹായികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പ്രതി ആരിഫ് അബൂബക്കര്‍ ഷെയ്ഖ് എന്ന ആരിഫ് ഭായ്ജാന്‍ അറസ്റ്റിലായിരുന്നു.

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ആരിഫ് ഷെയ്ഖിന്റെ സ്വത്തുക്കള്‍ 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ സെക്ഷന്‍ 25 (1) പ്രകാരം കണ്ടുകെട്ടിയതായി എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു.

ദാവൂദ് ഇബ്രാഹിമിനും ഛോട്ടാ ഷക്കീലിനും പുറമെ ആരിഫ് അബൂബക്കര്‍ ഷെയ്ഖ്, സഹോദരന്‍ ഷബീര്‍ അബൂബക്കര്‍ ഷെയ്ഖ് എന്ന ഷബീര്‍ തക്ല, മുഹമ്മദ് സലിം ഖുറേഷി എന്ന സലിം ഫ്രൂട്ട് എന്നിവര്‍ക്കെതിരെ യുഎപിഎ, ഐപിസി എന്നീ വകുപ്പുകള്‍ പ്രകാരം എന്‍ഐഎ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിം സംഘത്തിലെ (ഡി-കമ്പനി) അംഗമാണെന്ന് എന്‍ഐഎ ഹാജരാക്കിയ തെളിവുകള്‍ അംഗീകരിച്ച് ആരിഫ് ഷെയ്ഖിന്റെ ജാമ്യാപേക്ഷ മാര്‍ച്ചില്‍ പ്രത്യേക കോടതി തള്ളിയിരുന്നു.

 

Latest News