ന്യൂദല്‍ഹി- കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനം, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബീഹാറിലെ സീറ്റ് പങ്കിടല്‍ ഫോര്‍മുല, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി-രാംവിലാസ്) തലവന്‍ ചിരാഗ് പാസ്വാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹത്തിന്റെ വസതിയില്‍ കണ്ടു. ചൊവ്വാഴ്ച ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച.
ഷായുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ചിരാഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തതയില്ല. എന്‍ഡിഎ യോഗത്തിന് ഒരു ദിവസം മുമ്പ് ഷായുമായുള്ള ചിരാഗിന്റെ കൂടിക്കാഴ്ച ബി.ജെ.പിക്ക് അനുകൂലമായ സൂചനയായി കണക്കാക്കപ്പെടുന്നു. അമിത് ഷായുമായി നല്ല ചര്‍ച്ചകള്‍ നടന്നുവെന്ന് ചിരാഗ് ട്വിറ്ററില്‍ കുറിച്ചു.
എന്‍.ഡി.എ യോഗത്തില്‍ ചിരാഗ് പങ്കെടുക്കുന്ന കാര്യത്തില്‍ സംശയമില്ലെന്നും എല്‍.ജെ.പിയുടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത തടസ്സമാകില്ലെന്നും ബീഹാര്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് പറഞ്ഞു.