തിരുവനന്തപുരം - മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരം പട്ടത്തെ ഓഫീസ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയുടെ നോട്ടീസ്. ഓഫീസ് പ്രവർത്തിക്കാൻ ലൈസൻസ് എടുത്തിട്ടില്ലെന്നും കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നഗരസഭ നോട്ടീസ് നൽകിയത്.
ഏഴ് ദിവസത്തിനകം ഓഫീസ് പ്രവർത്തനം നിർത്തി രേഖാമൂലം അറിയിക്കണമെന്നും അല്ലാത്തപക്ഷം നഗരസഭ അടച്ചുപൂട്ടുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. പട്ടത്തെ ഫഌറ്റിലെ ആറാം നിലയിലാണ് മറുനാടൻ മലയാളി ഓഫീസ് പ്രവർത്തിക്കുന്നത്. മറുനാടൻ മലയാളിയുടെ വിശദീകരണം തള്ളിയാണ് നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നോട്ടീസ്.
ഷാജൻ സ്കറിയ എഡിറ്ററായുള്ള മറുനാടൻ മലയാളിക്കെതിരെ വിവിധ കോടതികളിലും മറ്റും കേസുകൾ നടന്നുവരികയാണ്. മറുനാടന്റെ ഇടപെടലുകൾ സത്യസന്ധമായ മാധ്യമപ്രവർത്തനത്തിന് വൻ കളങ്കമാണെന്നും മറ്റും ചൂണ്ടിക്കാട്ടി നിരവധി ആരോപണങ്ങളാണ് സ്ഥാപനത്തിന് എതിരെ ഉയരുന്നത്. ഓൺലൈൻ മാധ്യമരംഗത്ത് സംഘപരിവാർ ശക്തികൾക്കു വളം വയ്ക്കാൻ സഹായകരമായ ഇടപെടലുകളാണ് ഇവർ നിരന്തരം നടത്തുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, നിയമപരമായ നടപടിയെ ആ നിലയ്ക്കു കാണുന്നതോടൊപ്പം തന്നെ, മറുനാടൻ വാർത്തകളോടുള്ള അന്ധമായ എതിർപ്പ് സ്ഥാപനത്തോടും അതിലെ ജീവനക്കാരോടും അനീതി പ്രവർത്തിക്കാൻ ഇടയാക്കരുതെന്നും പറയുന്നു.






