Sorry, you need to enable JavaScript to visit this website.

 ഇന്ത്യൻ ചുക്കിൽ വൻ കുതിപ്പിന് അവസരം 

ശൈത്യകാല ആവശ്യങ്ങൾക്കായി അറബ് രാജ്യങ്ങളുടെ വരവ് ഇന്ത്യൻ ചുക്കിൽ വൻ കുതിപ്പിന് അവസരം ഒരുക്കാം. പച്ച ഇഞ്ചി റെക്കോർഡ് വിലയിൽ. രാജ്യത്ത് പച്ച ഇഞ്ചിയുടെ വിലക്കയറ്റം വിരൽ ചൂണ്ടുന്നത് രൂക്ഷമായ ചുക്ക് ക്ഷാമത്തിലേക്കാണ്.   ഇഞ്ചി കിലോ 280 രൂപയിലേയ്ക്ക് ചെറുകിട വിപണികളിൽ കയറി. മൊത്തവില ഇതിലും അൽപം കുറവാണെങ്കിലും ഇരുന്നൂറിന് മുകളിൽ ഇഞ്ചി വാങ്ങി സംസ്‌കരിച്ച് ചുക്ക് വിൽപനയ്ക്ക് ഇറങ്ങിയാൽ നിലവിലെ വിലയ്ക്ക് നഷ്ടക്കച്ചവടമാകും. വലിയൊരു വിഭാഗം ചുക്ക് ഉൽപാദനത്തിൽ നിന്നും അകലുന്നത് രൂക്ഷമായ ചുക്ക് ക്ഷാമം സൃഷ്ടിക്കാം. മികച്ചയിനം ചുക്കിന് 240 രൂപ. 
സ്ഥിതിഗതി മനസ്സിലാക്കി പശ്ചിമേഷ്യൻ രാജ്യങ്ങൾ വില ഉയർത്തി വാങ്ങാൻ തയാറായാൽ 340-420 തലത്തിലേയ്ക്ക് ചുക്ക് ആദ്യ കുതിപ്പിൽ ഇടം പിടിക്കാം. നാടൻ ഇഞ്ചി വിപണിയുടെ ഹൃദയസ്പന്ദനം നൽകുന്ന സൂചനയും അതാണ്. എന്നാൽ വിപണിയുടെ ഹൃദയം മാത്രമല്ല, തലച്ചോറും നിയന്ത്രിക്കാൻ കെൽപുള്ള വ്യവസായ ലോബി വിദേശ ചുക്ക് എത്തിച്ചാൽ ആഭ്യന്തര വില പ്രതീക്ഷയ്ക്ക് ഒത്ത് ചൂടുപിടിക്കില്ല. 
കാലവർഷം പിൻമാറുന്നതോടെ ഉത്തരേന്ത്യൻ ശൈത്യകാലം തുടങ്ങും. ഇതോടെ രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽ നിന്നും ഓർഡറുകൾ എത്തും. അതേസമയം ഓഗസ്റ്റ് ആദ്യ പകുതിയിൽ തന്നെ അറബ് രാജ്യങ്ങൾ തണുപ്പ് മുന്നിൽ കണ്ട് ചുക്കിന് പുതിയ കച്ചവടങ്ങൾക്കായി രംഗത്ത് ഇറങ്ങാം. കേരളത്തിൽ ചുക്ക് സ്‌റ്റോക്ക് കുറവാണ്, അതുകൊണ്ട് തന്നെ കൊച്ചിയിലും കാര്യമായി ചരക്കില്ല. ചുക്ക് 23,000  24,000 രൂപ.
കുരുമുളക് വിപണി കർഷകന്റെ നിയന്ത്രണത്തിലാണ്. കുറഞ്ഞ വിലയ്ക്ക് ചരക്ക് ഇറക്കുന്നതിൽ നിന്നും ഉൽപാദകർ വിട്ടുനിന്നത് തന്നെയാണ് ഇപ്പോഴത്തെ വിജയത്തിന് അവസരം ഒരുക്കിയത്. ഓഗസറ്റ്, ഒക്ടോബറാണ് എന്നും കുതിച്ചു ചാട്ടത്തിന്റെ കാലം. ഈ മാസം കഴിയുന്നതോടെ ബുൾ തരംഗം കറുത്ത പൊന്നിലും ഉടലെടുക്കാം. രണ്ടാഴ്ചയിൽ ക്വിന്റലിന് 1200 രൂപ ഉയർന്നു. മുന്നിലുള്ള ആഴ്ചകളിൽ ഉത്തരേന്ത്യൻ ഡിമാന്റ് ഉയരുക തന്നെ ചെയ്യും. ഗാർബിൾഡ് കുരുമുളക് 52,000 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 6350 ഡോളർ. വിയറ്റ്‌നാം ടണ്ണിന് 3575 ഡോളറിനും ഇന്തോഷ്യേ 3600 ഡോളറിനും ബ്രസീൽ 3475 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 
മുഹറം അടുത്തതോടെ ഏലത്തിന് കൂടുതൽ ആവശ്യക്കാരെത്തിയെന്നാണ് വിപണി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഇക്കുറി ഉത്സവവേളയിൽ ഏലത്തിന് പതിവിലും ഡിമാന്റ് മുന്നിൽ കണ്ട് വൻതോതിൽ ചരക്ക് വാങ്ങാൻ ഇടപാടുകാർ ഉത്സാഹിച്ചു. സീസൺ അടുത്തതിനാൽ വില കുറയുമെന്ന നിഗമനത്തിലാണ് വാങ്ങലുകാർ. അതുകൊണ്ട് കൂടുതൽ മത്സരിച്ച് വില ഉയർത്താൻ വാങ്ങലുകാർ തയാറായില്ല. കയറ്റുമതിക്കാർ മികച്ചയിനങ്ങൾ കിലോ 2227 രൂപയിലും ശരാശരി ഇനങ്ങൾ 1408 രൂപയിലും ശേഖരിച്ചു.  
അൽപം തെളിഞ്ഞ കാലാവസ്ഥ കണ്ട് ഒരു വിഭാഗം ചെറുകിട കർഷകർ റബർ ടാപ്പിങിന് താൽപര്യം കാണിച്ചു. വിപണി ചരക്ക് ക്ഷാമത്തിന്റെ പിടിയിലാണ്, ലാറ്റക്‌സ് ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാനാവുമെന്ന നിഗമത്തിലാണ് കർഷകർ വെട്ടിന് ഇറങ്ങിയത്. നാലാം ഗ്രേഡ് റബർ കിലോ 153 രൂപയിൽ നീങ്ങുമ്പോൾ ലാറ്റക്‌സിന് കിലോ 120 രൂപ ഉറപ്പ് വരുത്താനായി. ഇതിനിടയിൽ ഏഷ്യൻ മാർക്കറ്റുകളിൽ റബർ അവധി വിലകളിൽ നേരിയ തോതിലുള്ള ഉണർവ് കണ്ടു തുടങ്ങി. ജപ്പാൻ, സിംഗപ്പൂർ, മലേഷ്യൻ മാർക്കറ്റുകളിൽ നിന്നുള്ള അനുകൂല വാർത്തകൾ ഇന്ത്യൻ വ്യവസായികളെ എത്ര മാത്രം സ്വാധീനിക്കുമെന്നതിനെ ആശ്രയിച്ചാവും ഈ വാരം നിരക്ക്. 
ഓണം അടുത്തതോടെ നാളികേര വിപണിയിൽ ഉണർവിന് സാധ്യത തെളിയുന്നു. ഇക്കുറി ഉത്സവ വേളയിൽ എണ്ണ വിൽപന മുൻ വർഷങ്ങളെ അപേക്ഷിച്ച് ചൂട് പിടിക്കുമെന്ന പ്രതീക്ഷയിലാണ് മില്ലുകാർ. വാരാവസാനം അവർ സംഘടിതരായി രംഗത്ത് ഇറങ്ങി വില ഉയർത്തി കൊപ്ര ശേഖരിച്ചു. കൊച്ചിയിൽ വെളിച്ചെണ്ണ 12,100 രൂപയിലും കൊപ്ര 7700 ലുമാണ്.  
സ്വർണ വില ഉയർന്നു. പവൻ 43,640 രൂപയിൽ നിന്നും 44,000 ലേയ്ക്ക് ഉയർന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1924 ഡോളറിൽ നിന്നും 1954 ഡോളറായി. യുഎസ് ഡോളർ ഇൻഡക്‌സിന് നേരിട്ട തളർച്ച ഫണ്ടുകളെ സ്വർണത്തിൽ നിക്ഷപകരാക്കി.

Latest News