അരൂർ ആസ്ഥാനമായ കേരളത്തിലെ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാൻഡായ ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് പുട്ട് പായ്ക്ക് വിപണിയിലിറക്കി. റെഡി ടു ഈറ്റ് ശ്രേണിയിൽ ഒരു കമ്പനി ഇതാദ്യമായാണ് പുട്ട് വിപണിയിലെത്തിക്കുന്നത്. റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്ക് സീസൺ 2 ന്റെ വിപണനവും ഇതൊടൊപ്പം ആരംഭിച്ചു. കോഴിക്കോട്ട് നടന്ന ചടങ്ങിൽ ടേസ്റ്റി നിബിൾസ് മാനേജിംഗ് ഡയറക്ടർ ചെറിയാൻ കുര്യനിൽനിന്ന് സിനിമാ താരം അനു സിത്താര പുതിയ ഉൽപന്നങ്ങൾ ഏറ്റുവാങ്ങി.
ടേസ്റ്റി നിബിൾസ് നൽകുന്ന റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കുകളിലൂടെ ഓണക്കാലത്ത് കേരളത്തിന്റെ തനത് രുചികൾ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആവോളം ആസ്വദിക്കാമെന്ന് ചടങ്ങിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ചെറിയാൻ കുര്യൻ പറഞ്ഞു. പ്രിസർവേറ്റീവുകൾ ചേർക്കാത്ത, ആരോഗ്യപ്രദമായ ഭക്ഷണം രുചിയോടെ ആസ്വദിക്കാൻ നിങ്ങൾ പൊതികൾ തുറന്ന് വിഭവങ്ങൾ ചൂടാക്കുക മാത്രം ചെയ്താൽ മതി,'' അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ തനത് പരമ്പരാഗത രുചിയിലാണ് സ്വാദിഷ്ടമായ റെഡി ടു ഈറ്റ് പുട്ട് ഉണ്ടാക്കിയിരിക്കുന്നത്. ദീർഘനാളത്തെ പരീക്ഷണങ്ങൾ കൊണ്ടാണ് റിട്ടോർട്ട് പ്രോസസിംഗിന് വഴങ്ങുന്ന രീതിയിൽ ഈ വിഭവത്തെ ടേസ്റ്റി നിബിൾസ് പാകപ്പെടുത്തിയത്. അരിപ്പൊടിയുടെയും ചിരകിയ തേങ്ങയുടെയും അനുപാതവും വെള്ളത്തിന്റെ അംശവും ആവിയും ക്രമീകരിച്ചാണ് റിട്ടോർട്ട് പ്രോസിംഗിനുതകുന്ന രീതിയിൽ പുട്ടുണ്ടാക്കുന്നത്. റെഡി ടു ഈറ്റ് ഓണം സദ്യ സീസൺ 2 പായ്ക്കിൽ 13 വിഭവങ്ങളാണ് ഉള്ളത്. ഒരു കിലോ വേവിച്ച മട്ട അരി (250 ഗ്രാം വീതമുള്ള നാല് പാക്കറ്റുകൾ), രണ്ട് പാക്കറ്റ് സാമ്പാർ കറി (200 ഗ്രാം വീതം), അവിയൽ, ഓലൻ, കാളൻ, കൂട്ടുകറി, കാബേജ് തോരൻ, കണ്ണി മാങ്ങാ അച്ചാർ എന്നിവ ഓരോ പാക്കറ്റ്, 200 ഗ്രാം പുളിയിഞ്ചി, ഏത്തക്ക ചിപ്‌സ് (100 ഗ്രാം), മൂന്ന് ഇനം പായസം എന്നിവ ഉൾപ്പെടുന്നതാണ് ഒരു പാക്ക്. പാലട പായസം മിക്‌സ് (200 ഗ്രാം), സേമിയ പായസം മിക്‌സ് (200 ഗ്രാം), കടുംപായസം മിക്‌സ് (100 ഗ്രാം) എന്നിവയുടെ ഓരോ പാക്കറ്റ് വീതമാണ് മൂന്ന് പായസങ്ങൾ. ഓരോ പാക്കിലും നാല് പേർക്ക് വിളമ്പാവുന്നത്ര അളവുണ്ടാകും.
ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് ഓണം സദ്യ സീസൺ 2 പായ്ക്ക് കമ്പനിയുടെ ഓൺലൈൻ സ്‌റ്റോർ വഴി മാത്രമാണ് വിപണനം. 1780 രൂപയാണ് വിലയെങ്കിലും ഓൺലൈൻ ഓഫർ വഴി 1499 രൂപയ്ക്ക് ലഭിക്കും. 120 രൂപ വിലയിൽ റെഡി ടു ഈറ്റ് പുട്ട് (200 ഗ്രാം) ആദ്യഘട്ടത്തിൽ ഓൺലൈൻ വഴിയും തുടർന്ന് പ്രമുഖ സൂപ്പർ മാർക്കറ്റുകളിലും ലഭിക്കും.