ബിജു പ്രഭാകറും ബണ്ഡാരി സ്വാഗതും വാർത്തയിൽ നിറഞ്ഞപ്പോൾ

ബിജു പ്രഭാകറും ബണ്ഡാരി സ്വാഗതും 


മാസം 220 കോടി വരുമാനമുള്ള കെ.എസ്.ആർ.ടി.സിയിൽ എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രതിസന്ധി എന്ന  നേരിട്ടുള്ള ചോദ്യത്തിന് ഉത്തരം അത്ര എളുപ്പമായിരിക്കില്ല. ഇങ്ങനെ ഒരവസ്ഥയിൽ ബിജു പ്രഭാകരനല്ല ആരായാലും മുൻപിൻ നോക്കാതെ രാജിവെച്ചു പോകും. രാജി ഘട്ടത്തിലും ഭരണ കക്ഷിയെയോ നേതാവിനെയോ പിണക്കാൻ ബിജു പ്രഭാകർ തയാറായിട്ടില്ല. പഴിയെല്ലാം കോൺഗ്രസ് തൊഴിലാളി സംഘടനക്കാണ്. നെയ്യപ്പം തിന്നാൽ മാത്രമല്ല രണ്ട് കാര്യം - ഇതുപോലുള്ള കാര്യങ്ങളിലുമുണ്ട്.


ബണ്ഡാരി  സ്വാഗത് രൺവീർ ചന്ദിനെ കാസർകോട് കലക്ടറായിരിക്കേയാണ് കേരളം കേട്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ള യുവ ഐ.എ.എസുകാരി. ബിജു പ്രഭാകർ കോൺഗ്രസിന്റെ തലയെടുപ്പായിരുന്ന തച്ചടി പ്രഭാകരന്റെ (1936-2000)  മകൻ. ദീർഘ വർഷങ്ങൾ തിരുവനന്തപുരം ജില്ലാ കലക്ടറായിരുന്നു. വിവിധ വകുപ്പുകളുടെ തലപ്പത്തും ശ്രദ്ധ നേടി. 
ബണ്ഡാരി  സ്വാഗത് ഇപ്പോൾ ജല അതോറിറ്റി മാനേജിങ് ഡയരക്ടർ.  കഴിഞ്ഞ ദിവസം യുവ ഐ.എ.എസുകാരിയുടെ ഭാവന പുതിയൊരു വഴിക്കങ്  പോയി- വാട്ടർ മീറ്റർ ടാർഗറ്റ്  ഉയർത്തിയതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചപ്പോൾ എന്നാലൊന്ന് നോക്കണമല്ലോ എന്ന് തന്നെ ആ ഐ.എ.എസ് ബുദ്ധി തീരുമാനിച്ചു. രാവിലെ ഒമ്പത് മണിക്ക് കുടുംബശ്രീ വഴി നിയമിച്ച കരാർ ജീവനക്കാരനെയും കൂട്ടി  തിരുവനന്തപുരം പി.ടി.പി നഗറിൽ  മീറ്റർ റീഡിങിനിറങ്ങി. മൂന്ന് മണിക്കൂർ കൊണ്ട് 80 വീടുകളിലെ ബിൽ തയാറാക്കാനായി. കോർപറേഷനിൽ 80 ബില്ല് തയാറാക്കണമെന്ന നിർദേശത്തെ പിന്നെയെന്തിന് എതിർക്കണമെന്ന് എം.ഡി സ്വന്തം നടപടി വഴി ചോദ്യമുന്നയിക്കുകയായിരുന്നു.   എം.ഡിയുടെ അതിബുദ്ധി അറിഞ്ഞ  കോൺഗ്രസ് സംഘടനക്കാർ വെറുതെയിരുന്നില്ല. സി.ഐ.ടിയുവിന്റേതു പോലെയൊക്കെയുള്ള വാശി ഇപ്പോൾ  ഐ.എൻ.ടി.യു.സിക്കാർക്കും കിട്ടിയെന്ന് തോന്നുന്നു. 
ജല അതോറിറ്റിയിലെ കോൺഗ്രസ് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു തന്നെ നേരിട്ട്  ഇറങ്ങിയപ്പോൾ ബില്ല് കൊടുക്കാനായത് 50 പേർക്ക്. അത്രയെണ്ണം തന്നെ ഉണ്ടാക്കിയെടുത്തതിന്റെ സാഹസം ബിജു വിവരിച്ചിട്ടുണ്ട്. എം.ഡി ശീതീകരിച്ച കാറിലാണ് മീറ്ററെടുക്കാൻ പോയത്. കൂടെ കരാർ പണിക്കാരനുമുണ്ടായിരുന്നു. സാധാരണ മീറ്റർ റീഡർമാർ പോകുന്നതു പോലെ പോയ തനിക്ക് നേരിടേണ്ടി വന്നത് പതിനാറ് വീടുകളിലെ അഴിച്ചുവിട്ട പട്ടികളെയാണെന്ന ഞെട്ടിക്കുന്ന വിവരവും ബിജു വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സംവിധാനത്തിന് നേരെ പട്ടിയെ അഴിച്ചുവിടാൻ മാത്രം ധൈര്യം മനുഷ്യർക്കുണ്ടാവുകയാണെന്നോ?  ബിജു പോയ തിരുവനന്തപുരം കോർപറേഷനിലെ സ്ഥലവും വെളിപ്പെടുത്തിയിട്ടുണ്ട്- കുന്നപ്പുഴ പ്രദേശം.  മീറ്റർ ഏറ്റവും മോശമായ സാഹചര്യത്തിൽ ഫിറ്റ് ചെയ്തവരും കൂട്ടത്തിലുണ്ടായിരുന്നുവെന്ന് കോൺഗ്രസ് സംഘടന നേതാവ് പറയുന്നു. 
ജല അതോറിറ്റിയിലെ സി.പി.എം സംഘടനക്കും എം.ഡിക്കൊപ്പം പൂർണമായി നിൽക്കാൻ പ്രയാസമായിരുന്നു. നിന്നാൽ സംഘടനയിൽ പിന്നെ ആളുണ്ടാകില്ല. ഒറ്റയടിക്ക് ടാർഗറ്റ് ഉയർത്തിയതിനെ സി.ഐ.ടിയുവിന്റെ നേതാവ് പി. ഉണ്ണികൃഷ്ണനും എതിർത്തെന്ന് വരുത്തി. ബില്ലെടുക്കാൻ പോയ ആവേശം ഇപ്പോൾ  എം.ഡിക്ക് ഉണ്ടോ എന്നറിയില്ല. 19 ന് അംഗീകൃത സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പ്രശ്‌നം പഠിക്കാനാണ് പി.ടി.പി നഗർ പ്രദേശത്ത് മീറ്റർ റീഡിങിനിറങ്ങിയതെന്നാണ് എം.ഡിയുടെ ന്യായീകരണം.
ബിജു പ്രഭാകർ വാർത്തയിൽ നിറയുന്നത് കെ.എസ്.ആർ.ടി.സിയെ കൈവിട്ടുകൊണ്ടാണ്. രൂക്ഷമായ സാമ്പത്തിക ഞെരുക്കത്തിൽപെട്ട കെ.എസ്.ആർ.ടി.സിയുടെ ചെയർമാൻ കം മാനേജിങ് ഡയരക്ടർ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് വകുപ്പ് മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും കണ്ട് അറിയിച്ച  ബിജു പ്രഭാകർ വിശദീകരണ വീഡിയോ പരമ്പരയും തുടങ്ങിയിട്ടുണ്ട്. കൗതുകകരമായ കാര്യം ബിജു പ്രഭാകറിന്റെ എതിർപക്ഷത്ത് കോൺഗ്രസ് തൊഴിലാളി സംഘടനയാണെന്നതാണ്.  ഒരു വിഭാഗം ജീവനക്കാർ (കോൺഗ്രസ് സംഘടനക്കാർ) തന്നെ അഴിമതിക്കാരനാക്കാൻ നോക്കിയെന്നും കോൺഗ്രസ് നേതാവിന്റെ മകൻ പറയുന്നുണ്ട്. കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിൽ ധനവകുപ്പിനെ പേരിന് കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ആന്റണി രാജുവിനെയും കൈയടി നൽകിയാണ് സ്വീകരിച്ചത്. നല്ല ഒന്നാന്തരം സോഷ്യൽ എൻജിനീയറിങ് തന്നെ.   സ്ഥാനം ഏറ്റെടുക്കും മുമ്പ് കണ്ടപ്പോൾ സ്ഥാപനത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് പിണറായി വിജയൻ തന്നോട് പറഞ്ഞതായി ബിജു പ്രഭാകർ വെളിപ്പെടുത്തിയിട്ടുണ്ട്.
 കോൺഗ്രസ് സംഘടനക്കെതിരെ ഗുരുതര ആരോപണവും ബിജു പ്രഭാകർ ഉന്നയിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മാസം തോറും നിശ്ചിത തുക ഐ.എൻ.ടി.യു.സിക്ക് പിരിച്ചു നൽകുന്നുണ്ടെന്നാണ് ബിജു പറയുന്നത്. മാസം പത്ത് ലക്ഷം രൂപയുണ്ടാകും.  വിമർശം കോൺഗ്രസ് സംഘടനക്കെതിരെ ആകുമ്പോൾ ഇക്കാലത്ത് അതുണ്ടാക്കിക്കൊടുക്കുന്ന മൈലേജ് ചെറുതായിരിക്കില്ല. 
കേരള ഹൈക്കോടതിയിൽ ദേവൻ രാമചന്ദ്രൻ എന്നൊരു ന്യായാധിപനുണ്ട്. മുന്നിലെത്തുന്ന ഒരനീതിയെയും കണ്ടില്ലെന്ന് നടിക്കാത്തയാൾ. കെ.എസ്.ആർ.ടി.സിയിൽ മര്യാദക്ക് ശമ്പളം കൊടുത്തില്ലെങ്കിൽ വിവരമറിയും എന്ന് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തിരിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നേരിട്ട് ചെന്ന്  വിശദീകരണം നൽകേണ്ടി വരുമായിരുന്നുവെന്നുറപ്പ്.  ഇനിയിപ്പോൾ ബിജു പ്രഭാകർ രാജിവെച്ചാൽ എന്ത് ചെയ്യുമെന്നറിയില്ല. നീതിമാനായ ന്യായാധിപന് ഒരു വിഷയത്തിലും സേഫ് സൈഡൊന്നുമെടുക്കാനാകില്ല. ജൂലൈ 20 ന് മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുത്തിരിക്കണമെന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചത്. അതിന് കഴിയുന്നില്ലെങ്കിൽ എം.ഡി നേരിട്ട് ഹാജരായി വിശദീകരണം നൽകണമായിരുന്നു. മാസം 220 കോടി വരുമാനമുള്ള കെ.എസ്.ആർ.ടി.സിയിൽ എന്തുകൊണ്ട് ഇങ്ങനെ ഒരു പ്രതിസന്ധി എന്ന  നേരിട്ടുള്ള ചോദ്യത്തിന് ഉത്തരം അത്ര എളുപ്പമായിരിക്കില്ല. ഇങ്ങനെ ഒരവസ്ഥയിൽ ബിജു പ്രഭാകരനല്ല ആരായാലും മുൻപിൻ നോക്കാതെ രാജിവെച്ചു പോകും. രാജി ഘട്ടത്തിലും ഭരണകക്ഷിയെയോ നേതാവിനെയോ പിണക്കാൻ ബിജു പ്രഭാകർ തയാറായിട്ടില്ല. പഴിയെല്ലാം കോൺഗ്രസ് തൊഴിലാളി സംഘടനക്കാണ്. നെയ്യപ്പം തിന്നാൽ മാത്രമല്ല രണ്ട് കാര്യം - ഇതു പോലുള്ള കാര്യങ്ങളിലുമുണ്ട്. ബുദ്ധിസാമർഥ്യം ആളുകൾ ഇഷ്ടപ്പെടും. കൗശലക്കാരെ മനുഷ്യർ മറ്റൊരു കണ്ണു കൊണ്ടായിരിക്കും കാണുക. ബണ്ഡാരി സ്വാഗതിന്റെയും ഏറ്റവും പുതിയ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നതും ഈ നിലക്കായിരിക്കും. 

Latest News