അഞ്ചമ്മ: വിത്ത് ശേഖരത്തിന്റെ കാവലാൾ

ദളിത് സമൂഹങ്ങളുടെ അഭിമാനം ഉയർത്താനും സ്വയംപര്യാപ്തത കൈവരിക്കാനും ഈ കൃഷി ഉപയോഗപ്പെട്ടു. ഇപ്പോൾ അവർക്കു ജന്മിമാരുടെ വീടുകളിൽ കൂലിപ്പണിക്ക് പോകേണ്ടതില്ല. സ്വന്തം കൃഷിയിടങ്ങളിൽ കൃഷി ചെയ്ത് ജീവിക്കാം. ചെറുധാന്യങ്ങൾക്ക് ദരിദ്രന്റെ ഭക്ഷണമെന്ന ആക്ഷേപ പ്രയോഗം ഇപ്പോൾ ഇല്ല. ഇന്ന് ചെറുധാന്യങ്ങൾ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന നിലയിലേക്ക് ഉയർന്നു കഴിഞ്ഞു. ഇപ്പോൾ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായ ചെറുധാന്യകൃഷിക്ക് ലഭിച്ച പ്രാധാന്യത്തിൽ അഞ്ചമ്മയും സന്തോഷിക്കുകയാണ്. അഞ്ചമ്മ അവിടെ പ്രാദേശിക തലത്തിൽ ജനപ്രതിനിധിയാണ്.

 

അഞ്ചമ്മ വിളവെടുക്കുന്നത് മാനവ രാശിയുടെ തന്നെ പ്രതീക്ഷകളാണ്. മാറുന്ന കാലാവസ്ഥക്ക്, മാറിപ്പോയ മണ്ണിന്, നഷ്ടപ്പെട്ടു പോകുന്ന ആരോഗ്യത്തിനു വലിയ സാധ്യതയാണ് ഈ കൃഷി. കൃഷിയും വ്യവസായവും തിരിച്ചറിയാതെയായിപ്പോയ കാലത്തിൽ നിന്നൊരു തിരിഞ്ഞു നടത്തം. അത് അതിജീവനത്തിന്റെ പുതിയ മന്ത്രമാണ്.
അഞ്ചമ്മ നടിമിഡാഡി ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ചെറു ധാന്യ കർഷകയാണ്. അന്താരാഷ്ട്ര ഭക്ഷ്യ കാർഷിക സംഘടന  സാർവദേശീയ തലത്തിൽ ചെറു ധാന്യക്കർഷകരെ ലോകത്തിനു മുൻപിൽ നിരത്തിയപ്പോൾ അതിൽ അഞ്ചമ്മയുണ്ട്. അഞ്ചമ്മയുടെ കൃഷിപാഠങ്ങളുണ്ട്.
അഞ്ചമ്മ തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ ഗംഗുവരക്കാരിയാണ്. സ്‌കൂളിലൊന്നും പോകാൻ കഴിഞ്ഞിട്ടില്ലാത്ത, ദളിത് സമൂഹത്തിൽ നിന്നുള്ള ആളാണ്. സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല അവർക്ക്. കൃഷിയെക്കുറിച്ച് വിശേഷിച്ചും മഴയെ മാത്രം ആശ്രയിച്ചു ചെയ്യുന്ന കൃഷിയെക്കുറിച്ച് നന്നായി അറിയുന്ന ആളാണ് അഞ്ചമ്മ.
പ്രദേശത്ത് ഏക വിളക്കൃഷി വന്നതോടെയാണ് ചെറുധാന്യക്കൃഷി ഇല്ലാതായത്. ഇതോടെ ധാന്യങ്ങളുടെ വൈവിധ്യം നഷ്ടമായി. പിന്നീട് ഡെക്കാൻ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവർത്തന ഫലമായാണ് ചെറുധാന്യക്കൃഷി ശക്തമാവുന്നത്. അഞ്ചമ്മ ഇക്കാര്യത്തിൽ ഒരു എൻസൈക്ലോപീഡിയ തന്നെയാണ്.
എപ്പോൾ വിത്തിടണം, ഏതെല്ലാം ഒരുമിച്ചിടാം, എപ്പോൾ വളം ചേർക്കാം -എല്ലാം അഞ്ചമ്മക്ക് മനഃപാഠം. അതൊന്നും അഞ്ചമ്മക്ക് ആരും പഠിപ്പിച്ചു കൊടുത്തതല്ല. എവിടെ നിന്നും വായിച്ചറിഞ്ഞതുമല്ല. തന്റെ മുതുമുത്തച്ഛന്മാരിൽ നിന്നും കൈമാറിക്കിട്ടിയതാണ്. പിന്നെ കാലവും കാലാവസ്ഥയും മണ്ണിൽ വരുത്തുന്ന മാറ്റങ്ങൾക്ക് കണ്ണും കാതും കൊടുത്ത് അഞ്ചമ്മ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട്.
ഡെക്കാൻ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സഹായത്തോടെയാണ് അഞ്ചമ്മ സ്വന്തം കൃഷിയും വിപുലമായി വികസിപ്പിച്ചെടുത്തത്. ഡി.ഡി.എസിന് 2019 ൽ ഇക്വേറ്റർ പ്രൈസ് ലഭിച്ചപ്പോൾ അഞ്ചമ്മയും ആദരിക്കപ്പെട്ടിരുന്നു.

എൺപതിലധികം വിത്ത് സൂക്ഷിച്ചു പോരുന്നുണ്ട് ഈ അമ്മ, ഏറെയും ചെറുധാന്യവിത്തുകൾ. പിന്നെ പയറിനങ്ങൾ, എണ്ണ വിത്തുകൾ. അഞ്ചമ്മ പറയുന്നത് ചെറുധാന്യ കൃഷിയിലൂടെയാണ് അവർ ദാരിദ്ര്യത്തെ തോൽപിച്ചത് എന്നാണ്. മഴയെ മാത്രമാശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളിലെ ചെറുധാന്യക്കൃഷി നഷ്ടമായത് ഹരിത വിപ്ലവം കൊണ്ടുവന്ന കടുംകൃഷി കാരണമാണ്.

ദളിത് സമൂഹങ്ങളുടെ അഭിമാനം ഉയർത്താനും സ്വയംപര്യാപ്തത കൈവരിക്കാനും ഈ കൃഷി ഉപയോഗപ്പെട്ടു. ഇപ്പോൾ അവർക്കു ജന്മികളുടെ വീടുകളിൽ കൂലിപ്പണിക്ക് പോകേണ്ടതില്ല. സ്വന്തം കൃഷിയിടങ്ങളിൽ കൃഷി ചെയ്ത് ജീവിക്കാം.
ചെറുധാന്യങ്ങൾക്ക് ദരിദ്രന്റെ ഭക്ഷണമെന്ന ആക്ഷേപ പ്രയോഗം ഇപ്പോൾ ഇല്ല. ഇന്ന് ചെറുധാന്യങ്ങൾ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്ന നിലയിലേക്ക് ഉയർന്നു കഴിഞ്ഞു. ഇപ്പോൾ മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായ ചെറുധാന്യകൃഷിക്ക് ലഭിച്ച പ്രാധാന്യത്തിൽ അഞ്ചമ്മയും സന്തോഷിക്കുകയാണ്. അഞ്ചമ്മ അവിടെ പ്രാദേശിക തലത്തിൽ ജനപ്രതിനിധിയാണ്.
ചെറുധാന്യക്കൃഷിയിലൂടെ ഭക്ഷണത്തിന്റെയും വിത്തിന്റെയും സ്വയം പര്യാപ്തതക്കു വാദിക്കുന്നു അഞ്ചമ്മ. പത്താമത്തെ വയസ്സിലാണ് അഞ്ചമ്മ വിവാഹിതയാകുന്നത്. സംഗപ്പയാണ് ഭർത്താവ്. അക്കാലത്ത് രണ്ടു നേരത്തെ ഭക്ഷണത്തിന് തന്നെ ബുദ്ധിമുട്ടായിരുന്നു. കാർഷിക തൊഴിലാളികളായിരുന്നു അവർ. പിന്നീട് അവരുടെ കഠിനാധ്വാനത്തിലൂടെ വലിയ കർഷകയായി മാറി. ഇപ്പോൾ അവർക്ക് പത്തേക്കർ സ്ഥലമുണ്ട്. അവിടെ വൈവിധ്യമാർന്ന കൃഷിയുമുണ്ട്. വലിയ ഒരു വിത്ത് ശേഖരത്തിന്റെ കാവലാളാണ് അഞ്ചമ്മ. വിത്ത്, വിലയ്ക്ക് കൊടുക്കില്ല അഞ്ചമ്മ. വെറുതെ കൊടുക്കും. പിന്നീട് വിളവെടുക്കുമ്പോൾ ഇരട്ടി വിത്ത് തിരികെ നൽകണം.
കേന്ദ്ര ഗവൺമെന്റ് അഞ്ചമ്മയെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനത്തിന്റെ പേരിൽ ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം സഞ്ചരിച്ചിട്ടുള്ള അഞ്ചമ്മ ജൈവ ചെറുധാന്യ കൃഷിയുടെ നല്ലൊരു പ്രചാരകയുമാണ്.

Latest News