കോഴിക്കോട്- പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എതിരെ പ്രസ്താവനയിറക്കിയ ഡോ. ഖദീജ മുംതാസിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവും കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ. ഏകവ്യക്തി നിയമം സെമിനാറിൽ പ്രസംഗിക്കാൻ അനുവദിച്ചില്ലെന്ന ഖദീജ മുംതാസിന്റെ ആരോപണം നിർഭാഗ്യകരമെന്ന് കെ ടി കുഞ്ഞിക്കണ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
കെ ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഡോ.ഖദീജമുംതാസിനോട്ഖേദപൂർവ്വം ചില കാര്യങ്ങൾ പറയട്ടെകെ.ടി.കുഞ്ഞിക്കണ്ണൻകോഴിക്കോട് സെമിനാറിലും സംഘാടകസമിതിയിലും സ്ത്രീകൾക്ക് സംസാരിക്കാൻ അവസരമുണ്ടായില്ല, മുസ്ലീം സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല എന്ന രീതിയിൽ ഡോ.ഖദീജമുംതാസ് ഉയർത്തിയ വിമർശനങ്ങളെ ഏറ്റുപിടിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മറുനാടൻ, ജന്മഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ ഹിന്ദുത്വാനുകൂല മാധ്യമങ്ങൾ സി.പി.ഐ(എം)നെതിരെ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ താൽപര്യം ഖദീജമുംതാസിനെപോലുള്ള ഒരാൾക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാകില്ല.
യഥാർത്ഥത്തിൽ മോഡിയുടെ ഭോപ്പാൽ പ്രസംഗത്തിനുശേഷം ഏകസിവിൽകോഡ് അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ആലോചനകൾ ഖദീജമുംതാസ് ഉൾപ്പെടെയുള്ള ഭരണഘടനാസംരക്ഷണസമിതിയുമായി ബന്ധപ്പെട്ട എല്ലാവരുമായും ഞാൻ നേരിട്ടുതന്നെ നടത്തിയിട്ടുണ്ട്. എളമരംകരീം എം.പിയും പി.മോഹനൻ മാഷുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജൂലായ് 3-ന് നടക്കുന്ന പാർടി സംസ്ഥാനകമ്മറ്റിക്കുശേഷം കൃത്യമായ പരിപാടികളിടാമെന്ന ധാരണയിൽ ജൂലായ് 6-ന് ഭരണഘടനാസംരക്ഷണസമിതിയുടെ ഒരു യോഗം കോഴിക്കോട് യാഷ് ഇന്റർനാഷണലിൽ വിളിച്ചചേർക്കാൻ തീരുമാനിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷപാർടികളെയും സാമൂഹ്യസാംസ്‌കാരികരംഗത്തെ സംഘടനകളെയുമൊക്കെ സംഘടിപ്പിച്ചുകൊണ്ടുള്ള സെമിനാറിനുള്ള സംഘാടകസമിതിയോഗം ജൂലായ് 6-ന് നടക്കുന്നത്. അതിൽ പങ്കെടുക്കേണ്ട എല്ലാവരുമായി നേരത്തെതന്നെ ഏകസിവിൽകോഡിനെതിരായ സെമിനാർ സംഘടിപ്പിക്കുന്ന കാര്യം ധാരണയെത്തുകയും ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് സംഘാടകസമിതി രൂപീകരണയോഗം നടന്നത്. ആ യോഗത്തിൽ പ്രസംഗിക്കാൻ അനുവദിച്ചില്ല എന്ന ആരോപണമാണ് ഖദീജമുംതാസ് ആദ്യം ഉന്നയിച്ചത്. അത് വളരെ നിർഭാഗ്യകരമായിപോയി എന്നുപറയട്ടെ. യഥാർത്ഥത്തിൽ ആ യോഗത്തിൽ ഖദീജമുംതാസ് മാത്രമല്ല മറ്റാരും പ്രസംഗിച്ചിരുന്നില്ല എന്നതാണ് വസ്തുത.
പരിപാടിയുടെ വിശദീകരണത്തിനുശേഷം നേരിട്ട് സംഘാടകസമിതി രൂപീകരണത്തിലേക്ക് കടക്കുകയായിരുന്നു. വിവിധ സാമൂഹ്യസംഘടനകളെയും അഭിഭാഷക അധ്യാപക സാംസ്‌കാരികസംഘടകളെയും പ്രതിനിധീകരിച്ച് നിരവധി പ്രമുഖർ പങ്കെടുത്ത യോഗമായിരുന്നു അത്. സെമിനാറിന്റെ അജണ്ട ഏകീകൃതസിവിൽകോഡിനെതിരായ മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ഏല്ലാവിഭാഗങ്ങളുടെയും പങ്കാളിത്തവും അവരുടെ പ്രതിരോധത്തിന്റെ സാധ്യതയും ആരായുകയെന്നതായിരുന്നു. സെമിനാർ ഹിന്ദുത്വഅജണ്ടയിൽനിന്നുള്ള ഏകസിവിൽകോഡിനെതിരായ നിലപാട് മുന്നോട്ടുവെക്കുകയും വ്യക്തിനിയമ പരിഷ്‌ക്കരണങ്ങൾ അതാത് വിഭാഗങ്ങളിൽ നടക്കേണ്ട ചർച്ചയുടെയും സമവായത്തിന്റെയും പ്രശ്‌നമായിട്ടാണ് കണ്ടത്. ഈ കാര്യങ്ങളെല്ലാം ഖദീജമുംതാസും കെ.അജിതയും അതുപോലുള്ള വ്യക്തിനിയമ പരിഷ്‌ക്കരണങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളുമായി നേരത്തെതന്നെ സംസാരിച്ചിട്ടുള്ളതാണ്. ആ അർത്ഥത്തിലാണ് അവരുടെയെല്ലാം പങ്കാളിത്തവും പ്രാതിനിധ്യവും സെമിനാറിലേക്ക് ഉറപ്പുവരുത്തിയത്.
പിന്നെ സ്ത്രീകളും ന്യൂനപക്ഷങ്ങളും ആദിവാസി പിന്നോക്കവിഭാഗങ്ങളും എല്ലാമടങ്ങുന്ന ജനസമൂഹങ്ങളെ ഉൾക്കൊള്ളുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പൊതുസമീപനമെന്നറിയാത്ത ആളല്ലല്ലോ ഖദീജമുംതാസ്. സെമിനാറിൽ കേരളത്തിലെയും ഇന്ത്യയിലെയും ലക്ഷക്കണക്കിന് വരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒക്കെ ഉൾക്കൊള്ളുന്ന സ്ത്രീകളുടെ പ്രാതിനിധ്യമാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള വനിതാ സംഘടനകൾക്കുള്ളത്. മഹിള അസോസിയേഷന്റെ അഖിലേന്ത്യ അധ്യക്ഷ ശ്രീമതി ടീച്ചർ ഉൾപ്പെടെ പങ്കെടുത്ത ഒരു പരിപാടിയെക്കുറിച്ചാണ് സ്ത്രീ പ്രാതിനിധമുണ്ടായില്ല എന്നതരത്തിലുള്ള ആക്ഷേപങ്ങൾ ഖദീജമുംതാസിനെപോലെയുള്ള ഒരാൾ ഉന്നയിക്കുന്നതെന്നത് അത്യന്തം ഖേദകരമാണെന്ന് പറയട്ടെ.
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമൊക്കെയായി വ്യക്തികളെയും സ്ത്രീകളെയുമൊക്കെ കാണുന്ന ഒരു നിലപാടിലേക്ക് പരിമിതപ്പെട്ടുപോകുന്നത് എന്തുകൊണ്ടാകാമെന്നത് ഖദീജമുംതാസിനെപോലുള്ള ആളുകളോട് വിശദീകരിച്ചുകൊടുക്കേണ്ടതില്ലല്ലോ.തീവ്രഹിന്ദുത്വ അജണ്ടയിൽ നിന്ന് ഏകസിവിൽകോഡ് അടിച്ചേൽപ്പിക്കാനുളള മോഡി സർക്കാരിന്റെ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരായ പ്രതിരോധമെന്ന നിലയിലാണ് കോഴിക്കോട് സെമിനാർ സംഘടിപ്പിച്ചത്. അത് മതനിരപേക്ഷ ജനാധിപത്യ നിലപാടിൽ നിന്നുള്ള അധഃസ്ഥിത ആദിവാസി ന്യൂനപക്ഷസമൂഹങ്ങളുടെ ഒരു വിശാലവേദിയാണ് സെമിനാർ ലക്ഷ്യമിട്ടത്. രാജ്യവും കേരളവും ഈ ദിശയിലുള്ള യോജിച്ച മുന്നേറ്റങ്ങൾക്ക് മുൻകൈയെടുക്കണമെന്നതാണ് സെമിനാർ നൽകുന്ന സന്ദേശം. അത് സർവ്വ ഹിന്ദുത്വാനുകൂല ശക്തികളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. അതാണ് അവരുടെ പ്രതികരണങ്ങളിലൂടെ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ആർ.എസ്.എസും ജമാഅത്തെഇസ്ലാമിയും അവരോടൊപ്പം സി.പി.ഐ(എം) വിരുദ്ധത പങ്കിടുന്ന ചില കോൺഗ്രസ് നേതാക്കളും അധിക്ഷേപകരമായ വാദങ്ങളുയർത്തി സെമിനാറിനെ പൊളിക്കാനാണ് നോക്കിയത്. അവരുടെ രാഷ്ട്രീയം മനസ്സിലാക്കാവുന്നതേയുള്ളൂ. ഏഷ്യാനെറ്റ് പോലുള്ള സംഘിയുടമസ്ഥതയിലുള്ള ചാനലുകൾ ഖദീജമുംതാസിനെപോലുള്ള ആദരണീയരായ വ്യക്തികളെക്കൊണ്ട് സെമിനാറിൽ മുസ്ലീം സ്ത്രീ പ്രാതിനിധ്യമുണ്ടായില്ല എന്ന രീതിയിലുള്ള ആരോപണങ്ങളുയർത്തുകയാണ്. അവരുടെ വാദം പ്രധാനമായും മുസ്ലീംമത യാഥാസ്ഥിതികർക്കുവേണ്ടി സ്ത്രീകളെ വേദിയിൽ നിന്ന് മാറ്റിനിർത്തി എന്നൊക്കെയാണ്.
മറുഭാഗത്ത് മാധ്യമം പോലുള്ള ദിനപത്രങ്ങൾ സെമിനാറിനെ വിശകലനം ചെയ്തുകൊണ്ട് സി.പി.ഐ(എം)നേതാക്കളുടെ പ്രസംഗങ്ങൾ വ്യക്തിനിയമപരിഷ്‌ക്കരണത്തിൽ ഊന്നിയതായിരുന്നുവെന്നും, ഉദ്ഘാടകനായ യെച്ചൂരി ഉൾപ്പെടെയുള്ളവർ മുസ്ലീം സംഘടനാനേതാക്കളെ വേദിയിലിരുത്തി തങ്ങളുടെ നിലപാട് ഉറപ്പിച്ചുപറയുകയായിരുന്നുവെന്നാണ് സ്ഥാപിക്കാൻ നോക്കിയത്. ഖദീജമുംതാസിനെപോലുള്ളവരുടെ പ്രതികരണങ്ങൾ മറുനാടനും ജന്മഭൂമിയും ഏഷ്യനെറ്റും ആഘോഷമാക്കി സെമിനാറിന്റെ വിജയത്തെയും ഏകീകൃത സിവിൽകോഡിനെതിരായ വ്യത്യസ്ത ജനസമൂഹങ്ങളുടെ ഐക്യത്തെയും അപഹസിക്കുകയും ചെയ്യുമ്പോൾ, മാധ്യമം പോലുള്ള പത്രങ്ങളും ഓൺലൈൻ മീഡിയകളും സെമിനാർ വ്യക്തിനിയമപരിഷ്‌ക്കരണത്തിലൂന്നിയെന്നും ഇതിനെക്കുറിച്ച് എന്താണ് മുസ്ലീം മത സംഘടനാനേതാക്കൾക്ക് പറയാനുള്ളത് എന്ന രീതിയിലാണ് കുത്തിത്തിരിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അറിഞ്ഞും അറിയാതെയും ഇവരെല്ലാം ഇന്ത്യയുടെ ബഹുസ്വരതയെയും വിശ്വാസാചാരവൈജാത്യങ്ങളെയും ഏകീകൃതസിവിൽകോഡിലൂടെ ഇല്ലാതാക്കി ഹൈന്ദവ ദേശീയവൽക്കരണത്തിനുവേണ്ടിയുള്ള അജണ്ടയെ സഹായിക്കുകയാണ് എന്നകാര്യം പറയാതിരിക്കാനാവില്ല. ഈയൊരു രാഷ്ട്രീയ യാഥാർത്ഥ്യം മുൻനിർത്തിയാണ് സെമിനാറിനെ പൊളിക്കാൻ മുന്നിട്ടിറങ്ങിയ കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ബി.ജെ.പിയുടെ സ്ലീപ്പിംഗ് സെല്ലുകളായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് ബഹുമാനപ്പെട്ട പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. ആ പ്രതികരണത്തെയാണ് ഏഷ്യനെറ്റുകാർ ഖദീജമുംതാസ് ഉൾപ്പെടെയുള്ളവരെ ബി.ജെ.പിയുടെ സ്ലീപ്പിംഗ് സെല്ലായിട്ടാണ് വിശേഷിപ്പിച്ചതെന്ന് ആരോപിച്ച അവരോട് അഭിപ്രായം തേടിയത്. അവരതിൽ വീഴുകയായിരുന്നു. ഏഷ്യനെറ്റ് പോലുള്ള സംഘി ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ അധമമായ മാധ്യമപ്രവർത്തനം ഹിന്ദുത്വത്തിനുവേണ്ടിയുള്ള വിടുവേലയെന്ന് മനസ്സിലാക്കാൻ ഖദീജമുംതാസിനെപോലുള്ള ഒരാൾക്ക് കഴിയേണ്ടതായിരുന്നു. ഇവിടെയാരും സി.പി.ഐ(എം)നെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്യുന്നവരെ ബി.ജെ.പിയാക്കുന്നില്ല. ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയോട് വിട്ടുവീഴ്ചാപരമായ സമീപനം സ്വീകരിക്കുകയോ ബില്ലുവരട്ടെ അപ്പോൾ ചർച്ചചെയ്യാം സി.പി.ഐ(എം) ഇപ്പോൾ ഏകീകൃതസിവിൽകോഡ് ചർച്ചയാക്കുന്നത് ന്യൂനപക്ഷവോട്ടുകൾക്ക് വേണ്ടിയാണ് എന്നൊക്കെയുള്ള പ്രചാരണങ്ങൾ ഹിന്ദുത്വത്തിനെതിരായ പ്രതിരോധത്തിന്റെ ധാർമ്മികതയെ ദുർബലപ്പെടുത്തുകയെന്ന കുടിലലക്ഷ്യത്തോടെയുള്ളതാണ്.ഈ കാര്യമാണ് ഏകീകൃത സിവിൽകോഡുമായി ബന്ധപ്പെട്ട സംവാദങ്ങളിലും ചർച്ചകളിലും പുരോഗമനനിലപാടുള്ള ആളുകൾ പരിഗണിക്കേണ്ടത്. അന്ധമായി ഏകീകൃതസിവിൽകോഡിനെ എതിർക്കേണ്ടതില്ല എന്ന ഖദീജമുംതാസിനെപോലുള്ളവരുടെ നിലപാടുകൾ രാജ്യമെത്തപ്പെട്ട ഭയാനകമായ ഹിന്ദുത്വഭീഷണിയെക്കുറിച്ചുള്ള അജ്ഞതയിൽനിന്നോ അതിനെ ലഘൂകരിച്ചുകാണുന്നതിൽനിന്നോ ഉണ്ടാവുന്നതാണ്. വ്യക്തിനിയമങ്ങളിലെ ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള പരിഷ്‌ക്കരണങ്ങൾ അതാത് സാമൂഹ്യവിഭാഗങ്ങൾക്കകത്തുനിന്നുതന്നെ ഉയർന്നുവരേണ്ടതാണ്.
അതിനായി അവരെ സജ്ജമാക്കുകയെന്നതാണ് ജനാധിപത്യശക്തികളുടെ ഉത്തരവാദിത്വം. അല്ലാതെ ഒരു എക്‌സിക്യുട്ടീവ് നടപടിയിലൂടെ വ്യക്തിനിയമങ്ങളെ ഏകീകരിക്കുകയെന്നത് തികഞ്ഞ ഫാസിസമാണ്.അതാത് സമൂഹങ്ങളിൽ സമവായമുണ്ടാകാതെ വ്യക്തിനിയമങ്ങൾ പരിഷ്‌ക്കരിക്കാനാവില്ലയെന്നത് പ്രാഥമികമായൊരു ജനാധിപത്യധാരണയാണ്. 1954-ൽ ജവഹർലാൽ നെഹ്‌റുതന്നെ ഏകസിവിൽകോഡ് നടപ്പാക്കുന്നതി#ിലുള്ള വൈഷമ്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഇന്ത്യൻ പാർലമെന്റിൽ നടത്തിയിട്ടുള്ള പ്രസംഗത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. 1985-ൽ ഷബാനുകേസ് വിധിപ്രസ്താവനയിൽ ഏക സിവിൽകോഡ് നടപ്പാക്കണമെന്ന നിർദ്ദേശത്തെ ആദ്യം സ്വാഗതം ചെയ്ത അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി പിന്നീട് ഏകസിവിൽകോഡ് ഉണ്ടാക്കുകയെന്നത് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടല്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന്, അതിനെ സ്വാഗതം ചെയ്തുകൊണ്ട് 1985 ജൂലായ് 12 ന്റെ ദേശാഭിമാനിയിൽ ഇ.എം.എസ് എഴുതിയ ലേഖനവും ഏകസിവിൽകോഡ് അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് അടിവരയിടുന്നുണ്ട്.