Sorry, you need to enable JavaScript to visit this website.

കാണാതായ പെണ്‍കുട്ടികളെല്ലാം ഒളിച്ചോടിയതല്ല; മുംബൈ പോലീസിനോട് ഹൈകോടതി

മുംബൈ- കാണാതകുന്ന പെണ്‍കുട്ടികളെല്ലാം കാമുകന്‍മാര്‍ക്കൊപ്പം ഒളിച്ചോടി പോയതാകാമെന്ന സിനിമാ കഥ പോലുള്ള അനുമാനം പോലീസിനു പാടില്ലെന്ന് ബോംബെ ഹൈക്കോടതി. ഈ ചിന്താഗതി പോലീസ് മാറ്റണമെന്നും കോടതിക്കി ഇതില്‍ വലിയ അതൃപ്തിയുണ്ടെന്നും ജസ്റ്റിസുമാരായ എസ് സി ധര്‍മാധികാരി, ഭാരതി ഡാംഗ്രെ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതി പോലീസിനെ ശാസിച്ചത്. ഉന്നത പോലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത്തരം ചിന്താഗതി വച്ചുപുലര്‍ത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. 

ഇത് യഥാര്‍ത്ഥ ജീവിത സംഭവങ്ങളാണെന്നും മക്കളെ നഷ്ടപ്പെടുന്നതില്‍ വേദനിക്കുന്ന വ്യക്തികളുണ്ടെന്ന്് പോലീസ് മറക്കരുതെന്നും കോടതി പറഞ്ഞു. മകള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ പോലീസിനോട് ഉത്തരിവിടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കി റിട്ട് ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. പെണ്‍കുട്ടിയെ കണ്ടെത്താനാവാത്തതിലുളള നിസ്സഹായാവസ്ഥ പോലീസ് കോടതിയെ അറിയിച്ചു. കാണാതായ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം വീടു വിട്ടിറങ്ങിയതാണെന്നും സ്‌കൂളിലെ ഒരു മുതിര്‍ന്ന വിദ്യാര്‍ത്ഥി വലയില്‍ വീഴ്ത്തിയതാണെന്നുമാണ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട്. ഇരുവരും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു. 

സ്‌കൂള്‍ കുട്ടികളെ കണ്ടെത്താന്‍ പോലീസിന് എന്താണ് സാധിക്കാത്തതെന്നും കോടതി ചോദിച്ചു. ആണ്‍കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്‌തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇതെങ്ങനെ ഇപ്പോള്‍ ഉറപ്പിക്കാനാകുമെന്ന് കോടതി ചോദിച്ചു. കയ്യില്‍ പണമില്ലാതെ എത്രകാലം അവര്‍ കഴിയും. അവര്‍ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത്. ഇതൊക്കെ അറിയാന്‍ കൂടുതല്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി ആവശ്യപ്പെട്ടു.
 

Latest News