Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ചികിത്സഫലിച്ചു; സൗദി വനിതയുടെ 151 കിലോ ഭാരം കുറഞ്ഞു

കൊച്ചി- 326 കിലോ ഭാരവുമായി മാനസിക രോഗ ചികിത്സയ്ക്ക് കേരളത്തിലെത്തിയ സൗദി വനിത സുഖം പ്രാപിച്ചു നാട്ടിലേക്കു തിരിച്ചു പോയത് 151 കിലോ ശരീരഭാരം കുറച്ച്. റിയാദില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സൗദി പൗരന്‍ അബ്ദുറഹ്മാന്‍ തന്റെ 31-കാരി മകള്‍ ലാമിയയുടെ ആദ്യ ഘട്ട ചികിത്സ പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. കൂട്ടാത്തുകുളത്തെ ഒരു സ്വകാര്യ റിഹാബിലിറ്റേഷന്‍ സെന്ററിലായിരുന്നു ചികിത്സ. സ്‌കീസോഫ്രീനിയ രോഗവുമായാണ് ലാമിയയെ കേരളത്തിലെത്തിച്ചത്. മലയാളിയായ വീട്ടുജോലിക്കാരി നിര്‍ദേശിച്ചതനുസരിച്ചാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിയതെന്ന് അബ്ദുറഹ്മാന്‍ പറഞ്ഞു. പൊണ്ണത്തടി കാരണം പ്രത്യേകം തയാറെടുപ്പുകളോടെയാണ് ലാമിയയ കൊച്ചിയിലെത്തിച്ചിരുന്നത്. മാനസിക രോഗത്തിന് അലോപ്പതി ചികിത്സയും പൊണ്ണത്തടിക്ക് ഹോമിയോപതി ചികിത്സയുമാണ് ഇവിടെ നല്‍കിയത്.

ഇല്ലാത്ത ശബ്ദങ്ങള്‍ കേട്ടു കൊണ്ടിരിക്കുന്ന മാനസികാവസ്ഥയുമായാണ് ലാമിയയെ ഇവിടെ എത്തിച്ചത്. ഭക്ഷണ ക്രമത്തിലും താളപ്പിഴകളുണ്ടായിരുന്നു. റിബാബിലിറ്റേഷന്‍ കേന്ദ്രം ഡയറക്ടര്‍ ഫാദര്‍ എഡ്വേര്‍ഡ് ജോര്‍ജ്, ഡോ. നിഷാദ് കോയ, ലഫ്. കേണല്‍ ഡോ. വിനോദ് രാഘവന്‍, ഡോ. ധന്യ ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഒന്നാം ഘട്ട ചികിത്സയില്‍ മാനസിക നില  സാധാരണ നിലയിലാക്കുകയും പകുതിയോളം ശരീര ഭാരം കുറക്കുകയും ചെയ്തു. തിരിച്ചു പോകുമ്പോള്‍ പ്രത്യേക ഭക്ഷണക്രമവും ലാമിയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആറു മാസത്തിനു ശേഷം തുടര്‍ ചികിത്സയ്ക്കായി വീണ്ടും കേരളത്തില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചാണ് കുടുംബം സൗദിയിലേക്കു തിരിച്ചു പറന്നത്.
 

Latest News