ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി യുവാക്കളുടെ പണവും ഫോണും കവര്‍ന്ന അഞ്ചുപേര്‍ പിടിയില്‍

കൊച്ചി- ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി യുവാക്കളെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം പിടിയില്‍. നെട്ടൂര്‍ അമ്പലക്കടവ് കളത്തിപ്പറമ്പ് ഹൗസ് ഷൈജു (38), തമ്മനം കൈതക്കല്‍ കുന്നേല്‍ ഹൗസ് റിന്‍സണ്‍ (22), ചേരാനല്ലൂര്‍ കുന്നുംപുറം പടിപ്പുരക്കല്‍ ഹൗസ് ജിതീഷ് (26), കടവന്ത്ര ഗാന്ധിനഗര്‍ ഉദയ കോളനി ഹൗസ് നമ്പര്‍ 91 മഹേന്ദ്രന്‍ (24), മലപ്പുറം നിലമ്പൂര്‍ കുറുങ്ങോടാന്‍ ഹൗസ് സുബിജിത്ത് (23) എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. 

ജൂലൈ 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നോര്‍ത്ത് പറവൂര്‍ സ്വദേശിയും ഫ്രീലാന്റ് ഫോട്ടോഗ്രാഫറുമായ യുവാവും സുഹൃത്തും വാടകയ്ക്ക് താമസിച്ചിരുന്ന ഹോട്ടലിലെ മുറിയിലേക്ക് അതിക്രമിച്ചെത്തിയ പ്രതികള്‍ മദ്യപിക്കാനായി പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കഴുത്തില്‍ വടിവാള്‍ വെച്ച് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ച് പേഴ്‌സിലുണ്ടായിരുന്ന പതിനായിരം  രൂപയും എ. ടി. എം കാര്‍ഡും സ്മാര്‍ട്ട് വാച്ചും ബ്ലൂടൂത്ത് ഹെഡ് സെറ്റും കവരുകയായിരുന്നു. 

മുറിയിലുണ്ടായിരുന്ന സുഹൃത്തിനെ ഓട്ടോയില്‍ കയറ്റി എറണാകുളം ഹൈക്കോടതിക്കടുത്തുള്ള ബാറില്‍ എത്തിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പിച്ച് രണ്ട് മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച്, പതിനായിരം രൂപ അടക്കം അരലക്ഷം രൂപയുടെ വസ്തുക്കള്‍ എടുക്കുകയും ചെയ്തുവെന്നാണ് കേസ്. 

എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. പി. അനില്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ  അനൂപ് സി, സുനില്‍ രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിഹാബ്, ഉണ്ണികൃഷ്ണന്‍ ഉമേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.

Latest News