മുംബൈ - കടലിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെയുണ്ടായ കൂറ്റൻ തിരമാലയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. 32-കാരിയായ ജ്യോതി സൊനാർ ആണ് മരിച്ചത്. ഭർത്താവ് മുകേഷ് അത്ഭുതകരമായി രക്ഷപ്പെട്ടു.
മുംബൈയിലെ ബാന്ദ്ര ബാൻഡ്സ്റ്റാൻഡ് ബീച്ചിലാണ് സംഭവം. ഇരുവരും പാറക്കെട്ടിലിരുന്ന് സല്ലപിച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പാറക്കെട്ടിൽ നിൽക്കവേ ഇവരുടെ ശരീരത്തിലേക്ക് വലിയ തിരമാല വരികയും അടിതെറ്റി വീഴുകയുമായിരുന്നു. മക്കളുടെ കൺമുമ്പിൽ വച്ചായിരുന്നു ദുരന്തം. മൂന്നു മക്കളും കരയിൽനിന്ന് മമ്മീയെന്ന് അലറി വിളിക്കുന്നത് വിഡിയോയിൽ കാണാം. ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് പറയുന്നത്.
കടലിലേക്ക് വീണ മുകേഷിനെ സമീത്തുണ്ടായിരുന്നവർ വലിച്ചു കയറ്റിയെങ്കിലും ജ്യോതിയെ പിടി കിട്ടിയില്ല. തുടർന്ന് പോലീസും രക്ഷാപ്രവർത്തകരും നടത്തിയ തിരിച്ചിലിനൊടുവിൽ പിറ്റേ ദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്താനായത്. ബാന്ദ്ര ഫോർട്ടിൽ ഈ മാസം 9ന് സംഭവിച്ച ദുരന്തത്തിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.