Sorry, you need to enable JavaScript to visit this website.

ശരദ് പവാറിനെ സന്ദർശിച്ച് എൻ.സി.പി വിമതർ, ഒന്നും മിണ്ടാതെ പവാർ

മുംബൈ- മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്ന എൻ.സി.പിയിലെ വിമത എം.എൽ.എമാർ ശരദ് പവാറിന്റെ അടുക്കൽ അപ്രതീക്ഷിത സന്ദർശനം നടത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പമാണ് പുതുതായി അധികാരമേറ്റ മന്ത്രിമാർ എത്തിയത്. വിമത നേതാവ് പ്രഫുൽ പട്ടേലും കൂടെയുണ്ടായിരുന്നു. ഇന്ന് ഞങ്ങൾ ഞങ്ങളുടെ ദൈവവും നേതാവുമായ ശരദ് പവാറിനെ കണ്ടു. അേേദ്ദഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് ഞങ്ങൾ എത്തിയത്. പ്രഫുൽ പട്ടേൽ പറഞ്ഞു.
മുൻകൂട്ടി അനുവാദം ചോദിക്കാതെയാണ് ഇവിടെ എത്തിയത്. ശരദ് പവാർ ഒരു മീറ്റിംഗിന് ഇവിടെ എത്തിയിട്ടുണ്ടെന്ന് മനസിലായി. അങ്ങിനെ വന്നതാണ്-പ്രഫുൽ പട്ടേൽ പറഞ്ഞു. എൻ.സി.പി നേതാവായ ശരദ് പവാറിന്റെ ദീർഘകാല കൂട്ടുകാരനായിരുന്ന പ്രഫുൽ പട്ടേലിന്റെ കൂറുമാറ്റം ശരദ് പവാറിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ശരദ് പവാർ ഞങ്ങൾക്ക് മറുപടി നൽകിയില്ലെന്നും ഞങ്ങൾ പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നുവെന്നും അദ്ദേഹത്തെ കണ്ടതിന് ശേഷം ഞങ്ങൾ മടങ്ങുകയാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
അതേസമയം, പാർട്ടിക്കുള്ളിലെ ഭിന്നതയിൽ വിമതർ ഖേദം പ്രകടിപ്പിച്ചതായി ശരദ് പവാർ ക്യാമ്പിലെ ജയന്ത് പാട്ടീൽ സ്ഥിരീകരിച്ചു. പാർട്ടി ഐക്യത്തോടെ നിലനിൽക്കാൻ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അവർ അഭ്യർത്ഥിച്ചു. ശരദ് പവാർ ശ്രദ്ധിച്ചുകേട്ടുവെന്നും എന്നാൽ അവരോട് ഒന്നും പറഞ്ഞില്ലെന്നും ജയന്ത് പാട്ടീൽ പറഞ്ഞു. പെട്ടന്നാണ് കൂടിക്കാഴ്ച നടന്നത്. ഞങ്ങൾ ഇതിനകം ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ശരദ് പവാറുമായി ഇരുന്ന് ഇത് ചർച്ച ചെയ്യും. അപ്പോൾ ഞങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകും. മഹാരാഷ്ട്ര നിയമസഭയിൽ ഞങ്ങൾ സർക്കാരിനെ പിന്തുണച്ചിട്ടില്ല. അതുകൊണ്ടാണ് ഞങ്ങൾക്ക് (പ്രതിപക്ഷത്ത്) ഇരിക്കാൻ സ്പീക്കർ ശരിയായ സ്ഥലം ഒരുക്കുന്നത്, ''അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് 20 എംഎൽഎമാരുണ്ടെന്നും ചിലർ ഇരുപക്ഷത്തെയും പിന്തുണയ്ക്കുന്നുണ്ടെന്നും ജയന്ത് പാട്ടീൽ അവകാശപ്പെട്ടു. ഇവരെല്ലാം ശരദ് പവാറിന്റെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ള പാർട്ടിക്കായിരിക്കും പ്രതിപക്ഷ നേതൃസ്ഥാനമെന്നും അവർ പറഞ്ഞു. ഇതേവരെ പ്രതിപക്ഷ നേതൃസ്ഥാനം ഞങ്ങൾക്കായിരുന്നു. എന്നാൽ അജിത് പവാർ രാജിവച്ചതിനാൽ ആ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. ഇപ്പോൾ പ്രതിപക്ഷത്ത് പരമാവധി എംഎൽഎമാർ ഉള്ള പാർട്ടിക്ക് ആ സ്ഥാനം ലഭിക്കുമെന്നും ജയന്ത് പാട്ടീൽ പറഞ്ഞു.
അജിത് പവാർ തന്റെ വസതിയായ ദേവഗിരി ബംഗ്ലാവിൽ തന്റെ വിശ്വസ്തരായ എൻ.സി.പി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശരദ് പവാറിനെ കാണാൻ വൈ.ബി ചവാൻ സെന്ററിലേക്ക് പോയത്. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുമായുള്ള യോഗത്തിനെത്തിയ ജയന്ത് പാട്ടീലിനെയും സുപ്രിയ സുലെയെയും വൈബി ചവാനിൽ വിളിച്ചുവരുത്തിയിരുന്നു. അമ്മാവനായ ശരദ് പവാറിനെതിരെ പോരടിച്ച ജൂലായ് രണ്ടിന് ഏകനാഥ് ഷിൻഡെ സർക്കാരിൽ ചേർന്നതിന് ശേഷം ശരദ് പവാറും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 
വെള്ളിയാഴ്ച ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ നടന്ന ശസ്ത്രക്രിയയെത്തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത പ്രതിഭ പവാറിനെ കാണാൻ രണ്ട് ദിവസം മുമ്പ് അജിത് പവാർ ശരദ് പവാറിന്റെ ഔദ്യോഗിക വസതിയായ സിൽവർ ഓക്കിലെത്തിയിരുന്നു. അജിത് പവാർ പ്രതിഭയുടെ അടുത്തയാളാണ്. 2019-ൽ, അദ്ദേഹവും ദേവേന്ദ്ര ഫഡ്നാവിസും ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒരു ഹ്രസ്വകാല സർക്കാർ രൂപീകരിച്ചതിന് ശേഷം അജിത് പവാറിനെ എൻ.സി.പിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ പ്രതിഭാ പാട്ടിൽ നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എൻ.സി.പി നേതാക്കൾക്കിടയിൽ 'കക്കി' എന്നറിയപ്പെടുന്ന പ്രതിഭാ പവാറിനെ പാർട്ടിയുടെ മാതാവായാണ് കണക്കാക്കുന്നത്. പക്ഷേ ഒരിക്കലും അവർ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.

Latest News