Sorry, you need to enable JavaScript to visit this website.

ഇടപാടുകൾ ദിർഹംസിലും രൂപയിലും; പ്രവാസികൾക്കും നേട്ടമാകും

ന്യൂദൽഹി- ഉഭയകക്ഷി  ഇടപാടുകൾക്കായി ഡോളർ വിനിമയം കുറച്ച് ദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയും യുഎഇയുമെടുത്ത തീരുമാനം വ്യാപാര രംഗത്ത് വലിയ മാറ്റത്തിനു കാരണമാകും. 
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഇടപാടുകൾക്കായി പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നതിനുള്ള  ലോക്കൽ കറൻസി സെറ്റിൽമെന്റ് സിസ്റ്റം (LCSS) സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.  ഇത് കയറ്റുമതിക്കാരെയും ഇറക്കുമതിക്കാരെയും അവരുടെ ആഭ്യന്തര കറൻസികളിൽ ഇൻവോയ്‌സ് നൽകാനും പണമടയ്ക്കാനും പ്രാപ്തമാക്കും.

എല്ലാ കറന്റ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും ഉൾക്കൊള്ളുന്നതാണ് ധാരണാപത്രമെന്ന് റിസർവ് ബാങ്ക് ഓഫി ഇന്ത്യ അറിയിച്ചു.  ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അബുദാബി സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടത്.

പുതിയ കരാർ രൂപ-ദിർഹംസ്  ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിന്റെ വികസനം സാധ്യമാക്കുമെന്ന് ആർബിഐ പറയുന്നു. ഈ ക്രമീകരണം ഇരു രാജ്യങ്ങൾ തമ്മിലുള്ള നിക്ഷേപങ്ങളെയും പണമയക്കലിനെയും പ്രോത്സാഹിപ്പിക്കും. പ്രാദേശിക കറൻസികളുടെ ഉപയോഗം ഇടപാടുകളുടെ ചെലവുകളും ഇടപാടുകൾക്കുള്ള സെറ്റിൽമെന്റ് സമയവും കുറയ്ക്കും. യുഎഇയിൽ ജോലി ചെയ്യുന്ന  ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണമയുക്കുന്നതിനുള്ള നിരക്കും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
നിലവിൽ യുഎസ് ഡോളറിൽ നടത്തുന്ന ക്രൂഡ് ഓയിൽ ഇറക്കുമതിക്കും യുഎഇയിൽ നിന്നുള്ള മറ്റ് ഇറക്കുമതികൾക്കും രൂപ നൽകാൻ ഇന്ത്യ ഈ സംവിധാനം ഉപയോഗിക്കാനാണ് സാധ്യത. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ, കഴിഞ്ഞ വർഷം ക്രൂഡ് വിതരണം ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമായിരുന്നു യുഎഇ. പ്രാഥമികമായി റഷ്യയുമായുള്ള വ്യാപാരം ലക്ഷ്യമിട്ട് ആഗോള വ്യാപാരം രൂപയിൽ തീർപ്പാക്കുന്നതിനുള്ള ചട്ടക്കൂട് ആർബിഐ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് കാര്യമായ രീതിയിൽ ഇനിയും പുരോഗതി കൈവരിച്ചിട്ടില്ല. 

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 85 ബില്യൺ ഡോളറായിരുന്നു. ഇന്ത്യൻ കയറ്റുമതിക്കാരുടെ നഷ്ടം പരിമിതപ്പെടുത്തുന്നതിന് രൂപ അധിഷ്ഠിത വ്യാപാരത്തിൽ വിനിമയ നിരക്കിന്റെ അപകടസാധ്യതകൾ തടയുന്നതിനുള്ള ഒരു മാർഗം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന്  ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

ആഗോള ആഘാതങ്ങളിൽ നിന്ന് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുതിനുള്ള ഒരു മാർഗമായി ഡോളറിന്റെ ആവശ്യം കുറയ്ക്കുന്നതിനും രൂപയുടെ മൂല്യം അന്തർദേശീയവൽക്കരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണ് യുഎഇയുമായുള്ള കരാർ. റഷ്യയെ കൂടാതെ ആഫ്രിക്ക, ഗൾഫ് മേഖല, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും രൂപയുടെ മൂല്യത്തിൽ വ്യാപാരം നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായി സർക്കാർ ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നു.

പ്രാദേശിക കറൻസിയിൽ അന്താരാഷ്ട്ര വ്യാപാരം തീർക്കാനുള്ള ആർബിഐയുടെ പദ്ധതി ഇറക്കുമതിക്കാരെ രൂപയിൽ പണമടയ്ക്കാൻ അനുവദിക്കും. അത് പങ്കാളി രാജ്യത്തിന്റെ ബാങ്കിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും, അതേസമയം കയറ്റുമതിക്കാർക്ക്  പ്രത്യേക അക്കൗണ്ടിലെ ബാലൻസുകളിൽ നിന്ന് പണം നൽകും. ഇ-ബിആർസി (ഇലക്‌ട്രോണിക് ബാങ്ക് റിയലൈസേഷൻ സർട്ടിഫിക്കറ്റ്) ഉപയോഗം എളുപ്പമാക്കുന്നതിനായി എല്ലാ ബാങ്കുകൾക്കും ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ നൽകുന്ന പ്രക്രിയ പൂർത്തിയാക്കി വരികയാണ് റിസർവ് ബാങ്ക്. 

Latest News