Sorry, you need to enable JavaScript to visit this website.

ക്ഷേത്രം പോലെയുണ്ടെന്ന് അവകാശവാദം, പള്ളിയിലേക്കുള്ള പ്രവേശനം കലക്ടർ വിലക്കി

മുംബൈ- ക്ഷേത്രത്തോട് സാമ്യമുണ്ടെന്ന് പറഞ്ഞ് ഹിന്ദു സംഘടന അവകാശ വാദം ഉന്നയിച്ച മുസ്ലിം പള്ളിയിലേക്ക് ജൽഗാവ് കലക്ടർ പ്രവേശനം വിലക്കി. പള്ളി പരിപാലിക്കുന്ന ജുമാ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി ജൂലൈ 18 ന് പരിഗണിക്കും.
ജൽഗാവ് ജില്ലാ കലക്ടർ അമൻ മിത്തൽ ജൂലൈ 11ന് പുറപ്പെടുവിച്ച നിരോധന ഉത്തരവിനെതിരെയാണ് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിൽ ഹരജി സമർപ്പിച്ചത്.  മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള എറണ്ടോളിൽ സ്ഥിതി ചെയ്യുന്ന പള്ളി മുസ്ലിംകൾ ക്ഷേത്രം കയ്യേറി നിർമിച്ചതാണെന്നാണ് ആരോപണം.  എന്നാൽ 1861 മുതലെങ്കിലുമുള്ള പള്ളിയുടെ രേഖകളുണ്ടെന്ന് പള്ളി പരിപാലിക്കുന്ന ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി അവകാശപ്പെട്ടു.

ജൂലൈ 13 നാണ് ഹരജി സമർപ്പിച്ചതെന്ന് സ്ഥിരീകരിച്ചുകൊണ്ട് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ എസ് എസ് കാസി പറഞ്ഞു, ആദ്യ വാദം അന്നുതന്നെയും രണ്ടാമത്തേത് അടുത്ത ദിവസവും കോടതി നടത്തി. ഹരജിയുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി നിർദ്ദേശിച്ചതായും അടുത്ത വാദം ജൂലൈ 18 ന് നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു.

തർക്കം പരിഹരിക്കുന്നതിനായി ജൂലൈ 18 ന് ജില്ലാ കളക്ടർ മിത്തൽ ബന്ധപ്പെട്ട കക്ഷികളുമായി ഹിയറിംഗ് നടത്തുന്നുണ്ട്.  ഇതുവരെ അന്തിമ ഉത്തരവ് പാസാക്കിയിട്ടില്ലെന്നും ആദ്യ ഹിയറിംഗിൽ ക്രമസമാധാന ആവശ്യങ്ങൾക്കായി ഇടക്കാല ഉത്തരവ് പാസാക്കിയതാണെന്നും കലക്ടർ പറഞ്ഞു. ജൂലൈ 13ന് നടന്ന രണ്ടാമത്തെ ഹിയറിങ് രണ്ട് മണിക്കൂറിലേറെ നീണ്ടു. വഖഫ് ബോർഡിന്റെയും മസ്ജിദ് ട്രസ്റ്റിന്റെയും പ്രതിനിധികൾ സന്നിഹിതരായിരുന്നു.  ജൂലൈ 18 ന് അടുത്ത ഹിയറിംഗിന് വിളിച്ചിട്ടുണ്ടെന്നും കലക്ടർ മിത്തൽ പറഞ്ഞു

Latest News