അശ്രദ്ധയില്‍ പൊലിഞ്ഞത് വിലപ്പെട്ട ജീവന്‍, ലോറിയില്‍ നിന്ന് പുറത്തേക്ക് തൂങ്ങിയ കയറില്‍ കുരുങ്ങി കാല്‍നട യാത്രക്കാരന്‍ മരിച്ചു

കോട്ടയം - ഓടിക്കൊണ്ടിരുന്ന ലോറിയില്‍ ചുറ്റിയിരുന്ന കയര്‍ കുരുങ്ങി  കാല്‍നടയാത്രികന് ദാരുണാന്ത്യം. എംസി റോഡില്‍ കോട്ടയം സംക്രാന്തിയിലാണ് സംഭവം. ഡ്രൈക്ലീനിംഗ് സ്ഥാപനത്തിലെ ജീവനക്കാരന്‍ കട്ടപ്പന സ്വദേശി മുരളി ( 50 )ആണ് മരിച്ചത്. കയറില്‍ കുടുങ്ങിയ ശരീരം ലോറി നൂറ് മീറ്ററോളം ദൂരം വലിച്ചിഴച്ചതിനെ തുടര്‍ന്ന് മുരളിയുടെ കാല്‍ അറ്റു പോയിരുന്നു. ശരീരവും കാലും രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്.  ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയില്‍ നിന്ന് പച്ചക്കറി പുറത്തേക്ക് വീണപ്പോഴാണ് ലോറിയില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന കയറില്‍ കുരുങ്ങിയ ആളെയും വഹിച്ചാണി ലോറി മുന്നോട്ട് പോകുന്നതെന്ന് ഡ്രൈവര്‍ അറിഞ്ഞത്. എസ് എച്ച് മൗണ്ട് ഭാഗത്തു നിന്നാണ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തത്. ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും ഇതേ ലോറിയിലെ കയര്‍ കുരുങ്ങി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 

Latest News