കോഴിക്കോട്- പുതുപ്പാടി കൈതപ്പൊയിലില്‍ പണമിടപാട് സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ആലപ്പുഴ സ്വദേശി സുമേഷിനെ മലപ്പുറം തിരൂരില്‍നിന്ന് ഞായറാഴ്ച രാവിലെയാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൈതപ്പൊയിലിലെ മലബാര്‍ ഫൈനാന്‍സിയേഴ്‌സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേല്‍ പി.ടി. കുരുവിള(സാജു-53)യുടെ ദേഹത്ത് പെട്രൊളൊഴിച്ച് തീകൊളത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കുരുവിള ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആലപ്പുഴ സ്വദേശി സുമേഷാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.
വെള്ളിയാഴ്ച സുമേഷ് സ്വര്‍ണം ഈടുനല്‍കി പണം വാങ്ങാനായി കുരുവിളയുടെ സ്ഥാപനത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഈടുവെക്കാന്‍ സ്വര്‍ണം തികയാത്തതിനാല്‍ പണം നല്‍കിയില്ല. പെരുമാറ്റത്തില്‍ സംശയം തോന്നിയ കുരുവിള അപ്പോള്‍തന്നെ സുമേഷിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഈങ്ങാപ്പുഴയിലെ സഹോദരന്റെ സ്ഥാപനത്തിലുള്ളവര്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനുശേഷമാണ് സുമേഷ് വീണ്ടും സ്ഥലത്തെത്തി കുരുവിളയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.






