തക്കാളി കുടുംബം കലക്കി, പ്രശ്‌നം  കോംപ്രമൈസാക്കിയത് പോലീസ് 

ഭോപാല്‍- നാട്ടിലും വീട്ടിലും തക്കാളിയ്ക്ക് വന്‍ ഡിമാന്റാണ്. കുടുംബകലഹം വരെ തക്കാളി കാരണമുണ്ടായി.  കറിയില്‍ തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ടു പിരിഞ്ഞ ദമ്പതിമാരെ ഒടുവില്‍ ഒന്നിപ്പിച്ചത് പോലീസാണ്.
മധ്യപ്രദേശിലാണ് സംഭവം. ഷാഹ്ഡോള്‍ സ്വദേശികളായ സഞ്ജീവ് വര്‍മയും ഭാര്യ ആരതിയുമാണ് തക്കാളിയുടെ പേരില്‍ വിവാഹമോചനത്തിന്റെ വക്ക് വരെയെത്തിയത്. ഗ്രാമത്തില്‍ ഭക്ഷണശാല നടത്തുകയാണ് ഇരുവരും. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കായി.
ഒടുവില്‍ വാക്കേറ്റം കനത്തതിനു പിന്നാലെ മകളേയുമെടുത്ത് സഞ്ജീവിനോട് പറയാതെ ആരതി വീടു വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെ സഞ്ജീവ് പോലീസിന്റെ സഹായം തേടുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ആരതി സഹോദരിയുടെ വീട്ടിലുണ്ടെന്ന് പോലീസ് കണ്ടെത്തി. പോലീസ് ഇടപെട്ടാണ് ഇവരുടെ വഴക്ക് പറഞ്ഞു തീര്‍ത്തത്. ഇരുവരേയും ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.അര കിലോഗ്രാം തക്കാളി ആരതിയ്ക്ക് സമ്മാനമായി നല്‍കിയ സഞ്ജീവ് മേലില്‍ ആരതിയുടെ അനുവാദമില്ലാതെ പാചകം ചെയ്യില്ലെന്ന് വാക്ക് നല്‍കുകയും ചെയ്തു.

Latest News