Sorry, you need to enable JavaScript to visit this website.

സി.പി.എം സെമിനാറിൽ സി.പി.ഐ നേതാവിന് മുമ്പേ ജോസ് കെ മാണിക്ക് ക്ഷണം; ചർച്ചയാവുന്നു

കോഴിക്കോട് - ഏകസിവിൽ കോഡിനെതിരായ സി.പി.എം സെമിനാർ വേദിയിൽ ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ അഗവണിച്ച് കേരള കോൺഗ്രസിന് ഇടം ലഭിച്ചതിൽ ചർച്ച. സെമിനാർ ഉദ്ഘാടനം ചെയ്ത സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസംഗ ഊഴമായിരുന്നു. 
 എന്നാൽ, ഇടതു വേദികളിലെല്ലാം മുന്നണിയിലെ രണ്ടാമനായി അവസരം ലഭിക്കാറുള്ള സി.പി.ഐയെ അവഗണിച്ച് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിക്കായിരുന്നു പിന്നീട് വേദിയിൽ ക്ഷണം. ഇത് രാഷ്ട്രീയകേന്ദ്രങ്ങളിൽ വ്യാപക ചർച്ചയായിട്ടുണ്ട്. ജോസ് കെ മാണി സംസാരിച്ച ശേഷമായിരുന്നു സി.പി.ഐ നേതാവും നാദാപുരം എം.എൽ.എയുമായ ഇ.കെ വിജയനെ പ്രസംഗിക്കാൻ ക്ഷണിച്ചത്. 
  ഇടതുമുന്നണിയിലെ രണ്ടാം കക്ഷി എന്ന നിലയ്ക്ക് സി.പി.ഐയെ അവഗണിച്ചത് ഒട്ടും ശരിയായില്ലെന്ന വിമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇതിനകം സജീവമായിട്ടുണ്ട്. കോഴിക്കോട്ട് വിരലിൽ എണ്ണാവുന്ന പ്രവർത്തകരെ കേരള കോൺഗ്രസിന് ഉള്ളൂവെന്നും സി.പി.ഐയെ അവഗണിച്ച് തോളിൽ കയറ്റേണ്ട പാർട്ടിയല്ല കേരള കോൺഗ്രസെന്നും ഇവർ ഓർമിപ്പിക്കുന്നു. ഇത് മുന്നണിയിലെ സി.പി.ഐയോടുള്ള സി.പി.എം സമീപനത്തിന്റെ തുടക്കം മാത്രമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
 സി.പി.ഐ പ്രതിനിധി ഇ.കെ വിജയൻ സംസാരിച്ച ശേഷം എൽ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ്‌കുമാറിനായിരുന്നു അവസരം. മലബാറിൽ, പ്രത്യേകിച്ച് കോഴിക്കോട്ട് സി.പി.ഐ, എൽ.ജെ.ഡി, എൻ.സി.പി, കോൺഗ്രസ് എസ് പോലുള്ള പരമ്പരാഗത ഇടത് പാർട്ടികളെക്കാൾ പ്രാധാന്യം നൽകാൻ മാത്രം എന്ത് മഹത്വമാണ് കേരള കോൺഗ്രസി(എം)ന് ഉളളതെന്നും ഇവർ പരസ്പരം ചോദിക്കുന്നു. ഇത് ശ്രദ്ധയിൽ പെടുത്തുമെന്നും സി.പി.എം ഈ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
 

Latest News