മഹാഭാഗ്യം; കാറപകടത്തില്‍ നിന്ന് മെസ്സി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, വീഡിയോ വൈറല്‍

മയാമി - യു എസില്‍ കാറപകടത്തില്‍ നിന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലായിരുന്നു സംഭവം. ഒരു ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്ന മെസ്സിയുടെ കാര്‍ മുന്നോട്ട് പോകുകയായിരുന്നു. അപ്പോഴേക്കും മറ്റു വാഹനങ്ങള്‍ മറുവശത്ത് നിന്ന് കുതിച്ചെത്തിയെങ്കിലും ഡ്രൈവര്‍മാരുടെ മനസ്സാന്നിധ്യം കാരണം വലിയ അപകടം ഒഴിവായി. മെസ്സിയുടെ കാറിന് പോലീസ് അകമ്പടിയുണ്ടായിരുന്നു. ചുവപ്പ് ലൈറ്റ് കത്തുന്നത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ടെടുത്തപ്പോള്‍ പോലീസ് വാഹനവും സൈറണ്‍ മുഴക്കി മെസ്സിയുടെ കാറിന് പിന്നാലെ പോകുകയായിരുന്നു. അതുകൊണ്ടാണ് മറുവശത്ത് നിന്ന് വന്ന മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ പതിഞ്ഞതും അപകടം ഒഴിവായതുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസ്സിയാണോ കാറോടിച്ചതെന്ന് വ്യക്തമായിട്ടില്ല. കാര്‍ ചുവപ്പ് നിഗ്നലില്‍ നിര്‍ത്താതെ മുന്നോട്ടു പോകുന്നതും മറ്റ് വാഹനങ്ങള്‍ മെസ്സിയുടെ കാറിനടുത്തേക്ക് കുതിച്ചെത്തുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

 

 

Latest News