Sorry, you need to enable JavaScript to visit this website.

ഞങ്ങൾ മുസ്ലിംകൾ ഒരു മതഗ്രന്ഥവും കത്തിക്കുന്നവരല്ല; സ്വീഡനിൽ കത്തിക്കൽ പ്രഖ്യാപനത്തിന്റെ ക്ലൈമാക്സ്

സ്റ്റോക്ക്ഹോം- സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ തോറയും ബൈബിളും  കത്തിക്കാൻ അനുമതി തേടിയിരുന്ന 32 കാരനായ മുസ്ലിം യുവാവ് നാടകീയമായി പിന്മാറി. ഇസ്രായിൽ എംബസിക്കു മുന്നിൽ മതഗ്രന്ഥങ്ങൾ കത്തിക്കാൻ അനുമതി തേടിയതും പ്രഖ്യാപനം നടത്തിയതും തന്റെ നാടകം മാത്രമായിരുന്നുവെന്ന് എ.അഹ്മദ്  പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധികളിലേക്ക് ശ്രദ്ധ ക്ഷണിക്കുക മാത്രമായിരുന്നു ലക്ഷ്യം. പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ മൂന്നു പേർക്ക് സ്വീഡിഷ് പോലീസിന്റെ അനുമതി ലഭിച്ചെങ്കിലും താനൊരു മുസ്ലിമാണെന്നും ഒരിക്കലും ഒരു മതഗ്രന്ഥവും കത്തിക്കില്ലെന്നും യുവാവ് പറഞ്ഞു. ലൈറ്റർ നിലത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു യുവാവിന്റെ പിന്മാറ്റം. ഞാൻ ഒരിക്കലും ഒരു ഗ്രന്ഥവും കത്തിക്കാൻ ഉദ്ദേശിച്ചിട്ടില്ല.. ഞാനൊരു മുസ്ലീമാണ്. ഞങ്ങൾ മതഗ്രന്ഥങ്ങൾ കത്തിക്കുന്നവരല്ല- പ്രതിഷേധം കാണാൻ തടിച്ചുകൂടിയവരോട് അദ്ദേഹം പറഞ്ഞതായി എസ് വി ടി റിപ്പോർട്ട് ചെയ്തു. 

അഭിപ്രായ സ്വാതന്ത്ര്യവും മറ്റ് വംശീയ വിഭാഗങ്ങളെ വ്രണപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസത്തിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായിരുന്നു പ്രതിഷേധ പരിപാടിയെന്നും അഹ്മ്ദ് പറഞ്ഞു. ഇത് ഖുർആൻ കത്തിക്കുന്ന ആളുകൾക്കുള്ള മറുപടിയാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അത് കണക്കിലെടുക്കണം- സിറിയൻ വംശജനായ സ്വീഡിഷ് നിവാസി വിശദീകരിച്ചു.

നമ്മൾ പരസ്പരം ബഹുമാനിക്കണം, നമ്മൾ ഒരേ സമൂഹത്തിലാണ് ജീവിക്കുന്നത്. ഞാൻ തോറയും മറ്റൊരാൾ ബൈബിളും വേറെ ഒരാൾ ഖുർആനും കത്തിച്ചാൽ ഇവിടെ യുദ്ധമുണ്ടാകും. അത് ശരിയല്ലെന്ന് കാണിക്കാൻ ഞാൻ ആഗ്രഹിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിന്റെ താളുകൾ മറ്റൊരാൾ കത്തിക്കുകയും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ വ്യാപകമായി അപലപിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു തോറ കത്തിക്കുമെന്ന പ്രഖ്യാപനം. ഇതിനെതിരെ രംഗത്തുവന്നിരുന്നു. പച്ചയായ വിദ്വേഷമെന്നാണ്  ഇസ്രായിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വിശേഷിപ്പിച്ചത്. 

 

Latest News