Sorry, you need to enable JavaScript to visit this website.

പ്രവാചക ഹിജ്‌റ എക്‌സിബിഷന് അടുത്തയാഴ്ച തുടക്കം

റിയാദ് - ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവായ പ്രവാചക ഹിജ്‌റയുടെ (മക്കയിൽ നിന്നുള്ള മദീനയിലേക്കുള്ള പലായനം) നേരനുഭവം സന്ദർശകർക്ക് സമ്മാനിക്കുന്ന എക്‌സിബിഷന് അടുത്ത വാരാന്ത്യത്തിൽ റിയാദിൽ തുടക്കമാകും. സൗദി നാഷണൽ മ്യൂസിയവും ദഹ്‌റാനിലെ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറും (ഇഥ്‌റാ) പ്രാദേശിക, അന്തർദേശീയ സാംസ്‌കാരിക സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് എക്‌സിബിഷൻ. പ്രവാചക ചരിത്രത്തിലേക്ക് എക്‌സിബിഷൻ വെളിച്ചം വീശുന്നു. എ.ഡി 622 ൽ മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തോടെ ആരംഭിച്ച ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു സമുദായത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട സൃഷ്ടിപരമായ സാംസ്‌കാരിക അനുഭവം നൽകാൻ എക്‌സിബിഷൻ ശ്രമിക്കുന്നു. 150 കോടിയിലേറെ വരുന്ന മുസ്‌ലിംകൾ ഉൾപ്പെടുന്ന ഇസ്‌ലാമിക സമൂഹത്തിന് ഇന്നു വരെയുള്ള കലണ്ടറായി പ്രവാചക പലായനം മാറി. 
റിയാദിൽ തുടർച്ചയായി ആറു മാസം എക്‌സിബിഷനുണ്ടാകും. ശേഷം എക്‌സിബിഷൻ മദീനയിലേക്ക് മാറ്റും. പിന്നീട് ലോക രാജ്യങ്ങളിലും പ്രദർശനം സംഘടിപ്പിക്കും. നൂതനവും അഭൂതപൂർവവുമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്ന ഒരു കൂട്ടം പുരാവസ്തുക്കളും ശേഖരണങ്ങളും 14 സംവേദനാത്മക ഇടങ്ങളിലൂടെ പ്രവാചകന്റെ പലായനയാത്ര എക്‌സിബിഷൻ കവർ ചെയ്യുന്നു. മഹത്തായ ഹിജ്‌റയുടെ കഥ വിവരിക്കുന്ന ഡോക്യുമെന്ററിയും പുസ്തകവും എക്‌സിബിഷനിലുണ്ടാകും.  
പ്രവാചക പലായനത്തിന്റെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യുന്ന വിഷയങ്ങളുടെ വിപുലമായ ശ്രേണി പ്രദർശനത്തിൽ ഉൾപ്പെടുന്നു. പ്രവാചക പലായനത്തിന്റെ ചരിത്രപരമായ ആഖ്യാനത്തിലൂടെ അതിനെ ഒരു ആഗോള സാമൂഹിക, സാംസ്‌കാരിക പ്രതിഭാസമായി എക്‌സിബിഷൻ അവതരിപ്പിക്കുന്നു. ഹിജ്‌റക്കിടെ പ്രവാചകൻ നേരിട്ട വെല്ലുവിളികളും എക്‌സിബിഷൻ പ്രദർശിപ്പിക്കുന്നു. പലായനത്തിന്റെയും നാടോടി യാത്രകളുടെയും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കലാസൃഷ്ടികൾ, കലാശേഖരങ്ങൾ, പ്രധാന പ്രദർശനങ്ങൾ, കഥകൾ പറയുന്ന ചരിത്ര രേഖകൾ, കുടിയേറ്റക്കാരുടെ വ്യക്തിപരമായ സാക്ഷ്യങ്ങൾ എന്നിവയും എക്‌സിബിഷനിൽ ഉൾപ്പെടുന്നു. 

ക്യാപ്.
പ്രവാചക ഹിജ്‌റയുടെ നേരനുഭവം സന്ദർശകർക്ക് സമ്മാനിക്കുന്ന എക്‌സിബിഷനിൽ നിന്ന്.
 

Latest News