മാനനഷ്ടക്കേസ്; ശിക്ഷാവിധി മരവിപ്പിക്കാനും അയോഗ്യത സ്‌റ്റേ ചെയ്യാനും രാഹുല്‍ ഗാന്ധി സുപ്രിം കോടതിയില്‍

ന്യൂദല്‍ഹി- മാനനഷ്ട കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സുപ്രിം കോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതിയുടെ ശിക്ഷാ വിധി ശരിവച്ച കേസിന് സ്റ്റേ നല്‍കണമെന്നും രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഹരജിയില്‍ രാഹുല്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ തുടര്‍ച്ചയായി കുറ്റങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും പത്തിലധികം കേസുകള്‍ രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ശിക്ഷാ വിധി മരവിപ്പിണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നതില്‍ പ്രത്യേക കാരണങ്ങളൊന്നും ബോധിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ എല്ലാ കള്ളന്മാര്‍ക്കും മോഡി എന്ന് പേര് ലഭിച്ചതെങ്ങനെയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന്റെ പേരിലാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. പിന്നാലെ ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കുകയായിരുന്നു.

Latest News