1982ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതാണ് കാമറൂണ്‍ പ്രസിഡന്റ് പോള്‍ ബിയ. ഇപ്പോള്‍ അദ്ദേഹത്തിന് 85 വയസ്സായെങ്കിലും ഏഴാം തവണയും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണ് അദ്ദേഹം. 1960ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ 1982ല്‍ പോള്‍ പ്രസിഡന്റാവുന്നത് വരെ അഹ്മദോ അഹിദ്‌ജോയായിരുന്നു രാജ്യത്തിന്റെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്നാണ് പോളിന് പ്രസിഡന്റാവാന്‍ അവസരം ലഭിച്ചത്. രാജ്യത്തിനു മുമ്പിലെ വെല്ലുവിളികളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും ഒന്നിച്ചുനിന്ന് കാമറൂണിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്നും ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിനാണ് കാമറൂണില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തങ്ങള്‍അവഗണിക്കപ്പെടുന്നുവെന്നാരോപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന ജനവിഭാഗം നടത്തുന്ന ആംഗ്ലോഫോണ്‍ വിഘടനവാദം, ബൊക്കോഹറാം ഭീകരവാദം തുടങ്ങിയ വന്‍ വെല്ലുവിളികളെ രാജ്യം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുതിയ തെരഞ്ഞെടുപ്പ്.