ദമാം - നഗരത്തിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയിൽ ഒരാൾക്ക് പരിക്കേറ്റു. മരഉരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ തൊഴിലാളിയെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി.
സമാനമായ മറ്റൊരു സംഭവത്തിൽ, യാമ്പുവിൽ പെട്രോൾ ബങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ പടർന്നുപിടിച്ച തീ യാമ്പു സിവിൽ ഡിഫൻസും അണച്ചു. സ്ഥാപനം ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. സമീപത്തെ കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലേക്കും പെട്രോൾ ബങ്കിലേക്കും തീ പടർന്നുപിടിക്കാതെ നോക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.