ബസ് കണ്ടക്ടറുടെ പച്ചത്തൊപ്പി അഴിപ്പിച്ച സ്ത്രീയെ നയിക്കുന്നത്..

ആത്യന്തികമായി ഈ വിഭാഗങ്ങളെയെല്ലാം നയിക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ ഇസ്‌ലാമോഫോബിയയാണ്. പച്ചത്തൊപ്പിയായിരുന്നു ആ സ്ത്രീയുടെ പ്രശ്‌നം. ആ ബസിൽ കൃപാണവും തലക്കെട്ടുമുള്ള സിക്കുകാരനാണ് കണ്ടക്ടറെങ്കിൽ അവർ പ്രതികരിക്കുമായിരുന്നോ? നമ്മുടെ ശബരിമല സീസൺ കാലത്ത് പോലീസുകാർ പോലും താടിവെച്ച് ഡ്യൂട്ടിക്ക് വരുന്നില്ലേ? ഇവരെ പോലുള്ളവർ പ്രതികരിക്കുമോ? നമ്മുടെ മെട്രോ റെയിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൂജകൾ മറക്കാറായോ? ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ച് ഇപ്പോഴും പോലീസിന്റെ വിളക്ക് നടക്കുന്നുണ്ടല്ലോ. പോലീസിന്റെ ആചാര വെടിയോടെ ആനയെഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രങ്ങൾ ഇവിടെയില്ലേ? നാളികേരമുടച്ചല്ലേ നാമിപ്പോഴും റോക്കറ്റ് വിടുന്നത്? 

 

ആധുനിക ഐ.ടി നഗരമായ  ബാംഗ്ലൂരിൽ നിന്നു വന്ന ഒരു വാർത്ത രാജ്യം നേരിടുന്ന സമഗ്രാധിപത്യ ഭീഷണി ഒരിക്കൽ കൂടി വെളിവാക്കുന്നതാണ്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ  ബസിലായിരുന്നു സംഭവം. ബസിലെ കണ്ടക്ടർ പച്ച നിറത്തിലുള്ള ഒരു തൊപ്പി ധരിച്ചിരുന്നു. കാലങ്ങളായി അതു ധരിച്ചു തന്നെയാണ് അയാൾ ജോലി ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഒരു സ്ത്രീ ബസിൽ വലിയ തോതിൽ ലഹള വെക്കുകയായിരുന്നു. മതം വീട്ടിൽ മതിയെന്നും സർക്കാർ ജോലിയിൽ അത് കാണിക്കാൻ പാടില്ലെന്നുമായിരുന്നു അവർ ഉറക്കെ വിളിച്ചു പറഞ്ഞത്. സ്വാഭാവികമായും കുറെ പേർ അവരെ പിന്തുണച്ചു. അവസാനം നിറകണ്ണുകളോടെ കണ്ടക്ടർ തൊപ്പി അഴിച്ചുവെക്കുകയായിരുന്നു. 

ഈ സംഭവത്തിനു പിറ്റേന്നു നടന്ന മറ്റൊരു സംഭവം ഇതോടുകൂടെ കൂട്ടിവായിക്കേണ്ടതാണ്.  ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന്റെ മുന്നോടിയായി അതിന്റെ  ചെറുപതിപ്പുമായി ഐ.എസ്.ആർ. ഒ ശാസ്ത്രജ്ഞർ കൂട്ടത്തോടെ തിരുപ്പതിയിലെത്തി, തികച്ചും ബ്രാഹ്മണിക ശൈലിയിൽ  പ്രാർത്ഥന നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാകട്ടെ. ആ കണ്ടക്ടറെ പോലെ ഒരു വ്യക്തിയുടെ നടപടിയല്ല, സർക്കാർ നേരിട്ടു നടത്തിയതായിരുന്നു. എന്തിനധികം പറയുന്നു, പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നടന്ന കാര്യങ്ങളൊന്നും മറക്കാറായിട്ടില്ലല്ലോ. മതേതരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണകൂടം തന്നെ ഔദ്യോഗികമായി തന്നെ സവർണ മൂല്യങ്ങൾ പുനരുജ്ജീവിപ്പിക്കുന്ന രാജ്യത്താണ് ആ പാവം കണ്ടക്ടർ അതിഭീകരമായി അധിക്ഷേപിക്കപ്പെട്ടത്. 

ഇന്ത്യ ഒരു മതേതര രാജ്യമാണ്- നാമെല്ലാം നാഴികക്ക് നാൽപതുവട്ടം പറയുന്ന വാചകം. അതേസമയം ഈ മതേതരത്വമെന്നത് പല യൂറോപ്യൻ രാജ്യങ്ങളിലും നിലനിൽക്കുന്ന പോലെ മതവിരുദ്ധമായ ഒന്നല്ല. അത് ഭരണഘടനയിൽ തന്നെ വിശദീകരിക്കുന്നത്. ഏതു മതത്തിലും വിശ്വസിക്കാനും ആ വിശ്വാസപ്രകാരം ജീവിക്കാനും അതേക്കകുറിച്ച് പ്രചാരണം നടത്താനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇന്ത്യൻ മതേതതരത്വം നൽകുന്നുണ്ട്. അതേസമയം ഭരണകൂടം ഒരു മതത്തിന്റെയും ഭാഗമാകുകയോ പ്രചാരകരാകുകയോ അരുതുതാനും. 
വളറെ വിശദമായി തന്നെ ഇത്തരം കാര്യങ്ങൾ ഇന്ത്യൻ ഭരണഘടന വിശദീകരിക്കുമ്പോഴും അതു മനസ്സിലാകാത്ത രണ്ടു മൂന്നു വിഭാഗങ്ങളെയാണ് നമുക്ക് ചുറ്റും കാണാനാകുക. ഒന്ന് എല്ലാ വൈജാത്യങ്ങളെയും വൈവിധ്യങ്ങളെയും ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കി ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർ തന്നെ. രണ്ടാമതായി തങ്ങൾക്ക് മതവിശ്വാസമോ ദൈവ വിശ്വാസമോ ഒന്നുമില്ലെന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവർക്കും അതു പാടില്ലെന്നു വാശിപിടിക്കുന്ന, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അർത്ഥമറിയാത്ത കേവല യുക്തിവാദികൾ. മൂന്നാമതായി തങ്ങൾ മതേതരവാദികളാണെന്നു അവകാശപ്പെടുകയും എന്നാൽ ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വത്തിന്റെ അർത്ഥം തിരിച്ചറിയാതിരിക്കുന്ന, ഫലത്തിൽ മതവിരുദ്ധരായ ലിബറലുകൾ. ഏറ്റവും ശ്രദ്ധേയമായ കാര്യം രണ്ടും മൂന്നും വിഭാഗങ്ങളുടെ മിക്ക നിലപാടുകളും ആത്യന്തികമായി ഒന്നാം വിഭാഗത്തിൽ പെട്ടവരുടെ നിലപാടുകളുമായി യോജിച്ചു പോകുന്നതാണ് എന്നു കാണാം. അവരാണ് ഇവരുടെ ഗുണഭോക്താക്കൾ. ഏക സിവിൽ കോഡ് തന്നെ ഉദാഹരണം. 

ആത്യന്തികമായി ഈ വിഭാഗങ്ങളെയെല്ലാം നയിക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ ഇസ്‌ലാമോഫോബിയയാണ്. ആ പച്ചത്തൊപ്പിയായിരുന്നു ആ സ്ത്രീയുടെ പ്രശ്‌നം. ആ ബസിൽ കൃപാണവും തലക്കെട്ടുമുള്ള സിക്കുകാരനാണ് കണ്ടക്ടറെങ്കിൽ അവർ പ്രതികരിക്കുമായിരുന്നോ? നമ്മുടെ ശബരിമല സീസൺ കാലത്ത് പോലീസുകാർ പോലും താടിവെച്ച് ഡ്യൂട്ടിക്ക് വരുന്നില്ലേ? ഇവരെ പോലുള്ളവർ പ്രതികരിക്കുമോ? പമ്പക്കുള്ള കെ.എസ്.ആർ.ടി. സി ബസിൽ സ്ത്രീകളെ കയറ്റാത്ത എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മുടെ മെട്രോ റെയിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൂജകൾ മറക്കാറായോ? ഗുരുവായൂർ ഉത്സവത്തോട് അനുബന്ധിച്ച് ഇപ്പോഴും പോലീസിന്റെ വിളക്ക് നടക്കുന്നുണ്ടല്ലോ. പോലീസിന്റെ ആചാര വെടിയോടെ ആനയെഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രങ്ങൾ ഇവിടെയില്ലേ? നാളികേരമുടച്ചല്ലേ നാമിപ്പോഴും റോക്കറ്റ് വിടുന്നത്? ഇതിനൊന്നുമെതിരെ കാര്യമായ പ്രതിഷേധം ഉയരാത്ത നാട്ടിൽ മുസ്‌ലിം വിഭാഗങ്ങളുടെ വേഷവും ആചാരങ്ങളും നിസ്‌കാരവും മറ്റും വലിയ പ്രശ്‌നമായി മാറുന്നതിന്റെ പേര് ഇസ്‌ലാമോഫോബിയ എന്നല്ലാതെ മറ്റെന്താണ്? ജനകീയ സമരങ്ങളിൽ മുസ്‌ലിം സാന്നിധ്യമുണ്ടെങ്കിൽ തീവ്രവാദി സമരമായി മുദ്രയടിക്കുന്നതൊക്കെ അതിന്റെ തുടർച്ച തന്നെ.

തീർച്ചയായും ഇപ്പോഴത്തെ ഏറ്റവും വലിയ ചർച്ചാവിഷയമായ ഏക സിവിൽ കോഡിനെ സ്പർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. അതിനോടുള്ള വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രതികരണം നോക്കിയാൽ ഉന്നയിച്ച വിഷയം കൂടുതൽ വ്യക്തമാകും. ഒരു രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരാണെന്നും അതിനാൽ നിയമങ്ങളും ഒന്നാകണമെന്നുമാണ് മുകളിൽ പറഞ്ഞ മൂന്നു കൂട്ടരുടെയും വാദം. ഒറ്റകേൾവിയിൽ എത്രയോ ശരി. ലോകത്തെ പല രാജ്യങ്ങളിലും അതു നിലനിൽക്കുന്നുണ്ടാകാം, നിലനിൽക്കാത്ത രാജ്യങ്ങളുമുണ്ട്. നമ്മൾ പരിശോധിക്കേണ്ടത് ഇന്ത്യൻ സാഹചര്യമാണ്. ഒന്നാമതായി ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്ന സങ്കൽപത്തിന് എതിരാണ് ഈ വാദഗതി. കുറ്റകൃത്യങ്ങൾക്ക് ഒരേ ശിക്ഷ നൽകുന്ന ക്രിമിനൽ നിയമം പോലെയല്ലല്ലോ സംസ്‌കാരത്തെയും വിശ്വാസത്തെയും ജീവിത രീതിയെയുമെല്ലാം ബാധിക്കുന്ന സിവിൽ നിയമങ്ങൾ. പോക്‌സോ നിയമം എന്ന ക്രിമിനൽ നിയമം പോലും ആദിവാസി വിഭാഗങ്ങളിൽ പ്രയോഗിക്കാനാവാത്ത അവസ്ഥയാണല്ലോ നിലനിൽക്കുന്നത്.  അനന്തമായ വൈവിധ്യങ്ങളും വൈജാത്യവും ബഹുസ്വരതയുമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ശക്തി. അതു തകർക്കുന്ന ഒന്നാണ് ഏക സിവിൽകോഡെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി പോരേ? ഹിന്ദുത്വരാഷ്ട്രം ലക്ഷ്യമാക്കിയ സംഘപരിവാറിന്റെ നിലപാട് മനസ്സിലാക്കാം. എന്നാൽ മറ്റുള്ളവർ അതിനെ പിന്തുണക്കുന്നതിനു കാരണം എന്താണ്? 

വിവിധ ഗോത്രവിഭാഗങ്ങളും ക്രിസ്ത്യൻ, സിക്ക്, പാഴ്‌സി വിഭാഗങ്ങളുമൊക്കെ ഏക സിവിൽ കോഡിനെതിരെ രംഗത്തു വന്നുകഴിഞ്ഞു. അവരെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നു പല കേന്ദ്ര മന്ത്രിമാർ പോലും പ്രസ്താവിച്ചതും കണ്ടു. അപ്പോൾ ലക്ഷ്യം വളരെ വ്യക്തം. മുകളിൽ പറഞ്ഞപോലെ ഇവരെയെല്ലാം നയിക്കുന്നത് ബസ് കണ്ടക്ടർക്കെതിരെ തട്ടിക്കയറിയ സ്ത്രീയെ നയിക്കുന്ന ഇസ്‌ലാമോഫോബിയ തന്നെ. ഹിന്ദു - ക്രിസ്ത്യൻ വ്യക്തി നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്ന ആവശ്യമുയർന്നപ്പോൾ ആരും ഏക സിവിൽ കോഡിനെകുറിച്ച് വാദിച്ചിരുന്നില്ലല്ലോ. ചില മാറ്റങ്ങളൊക്കെ വരികയും ചെയ്തു. ഏക സിവിൽ കോഡിനായി നിലനിൽക്കുന്നവരുടെ ആവശ്യം ലിംഗനീതിയല്ല എന്നു വ്യക്തം. ഇസ്‌ലാമോഫോബിയയിലൂടെ അവർ പങ്കുവെക്കുന്നത് സംഘപരിവാർ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. 

Latest News