Sorry, you need to enable JavaScript to visit this website.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടിക്ക് ഇന്ന് നവതി

കുറ്റിപ്പുറം- മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് നവതി. വള്ളുവനാടിന്റെ ലാളിത്യവും നന്‍മയുമുള്ള ഭാഷയുമായി മലയാള സാഹിത്യ ലോകത്തേക്ക് ചേക്കേറിയ എം ടിയുടെ മിക്ക കഥാപാത്രങ്ങളും നമുക്കൊപ്പം ജീവിക്കുന്നു.
മലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വര്‍ഷങ്ങളാണ് കടന്നുപോയത്. ആസ്വാദകര്‍ക്ക് വായനയുടെ പുതു വാതായനങ്ങള്‍ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊര്‍ജസ്വലനാണ്. വായനക്കാര്‍ക്ക് അനുഭവിക്കാനായി ഭാഷ മൃദുവായ ചര്‍മ്മം പോലെയാവണമെന്ന് ഉദ്ഘോഷിച്ച എം ടി ലളിത ഭാഷയുടെ പ്രായോക്താവും പ്രചാരകനുമായിരുന്നു.
ദാരിദ്ര്യം കാര്‍ന്ന് തിന്ന പുന്നയൂര്‍കുളത്തേയും കൂടല്ലൂരെയും ബാല്യകാലമാണ് എംടിക്കുള്ളത്. വിക്ടോറിയ കോളജിന്റെ പൈതൃക മുറ്റത്തു നിന്നും രസതന്ത്രത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ച് അധ്യാപനത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോളും സര്‍ഗാത്മകതയുടെ ലോകത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു എംടിക്ക്. പത്രപ്രവര്‍ത്തനം എംടിക്ക് സാഹിത്യത്തോട് അടുക്കാനുള്ള മറ്റൊരു മാര്‍ഗമായിരുന്നു. എഴുത്തുകാരനായി ചുവടു വച്ച് പിന്നീട് ചലച്ചിത്ര മേഖലക്ക് എംടി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പും സൃഷ്ടിയും എംടി നടത്തുന്നത് തികച്ചും അവിശ്വസനീയമായ രീതിയിലാണ്. തിരസ്‌കരിക്കപ്പെട്ടവരും, എല്ലാം നഷ്ടപ്പെടുന്നവരും എല്ലായ്‌പ്പോഴും ആ തൂലികക്ക് വിഷയമായി.
മലയാളിയുടെ കുടുംബ വൈവാഹിക ജീവിതങ്ങളെ വരച്ചിട്ട മൂന്നു പ്രധാന നോവലുകള്‍ ഉണ്ടായിട്ടുണ്ട് എംടിയില്‍ നിന്ന്. ജാതി ഭ്രാന്തിന്റെ കാലത്തെ വെല്ലുവിളിച്ച അസുരവിത്ത്, ക്ഷയിച്ചു തുടങ്ങിയ തറവാട്ട് വീടിന്റെ കഥകള്‍ പറഞ്ഞ നാലുകെട്ട് , സേതുവിന്റെ യൗവത്തിലൂടെ സഞ്ചരിച്ച കാലം...ഇങ്ങനെ നീളുന്നു മലയാളികള്‍ നെഞ്ചോടടുക്കിയ എംടി പ്രമേയങ്ങള്‍. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട രണ്ടാമൂഴം നിരവധി ആസ്വാദകര്‍ക്ക് ജീവിതത്തില്‍ പുതു പ്രതീക്ഷകള്‍ നല്‍കി.
മനുഷ്യ മനസ്സുകളുടെ സങ്കീര്‍ണതകളെ കീറിമുറിച്ച ഒരു എഴുത്തുകാരന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിലൊരാളാണ് എം ടി. മനസ്സിന്റെ ആഴക്കയങ്ങളില്‍ അപൂര്‍വമായ അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള നിരവധി രചനകള്‍ അദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്.സ്വയം കഥാപാത്രമായി രൂപാന്തരപ്പെട്ട് എംടി എഴുതിയ പല കഥകളും നമ്മെ കരയിപ്പിച്ചു. ഓപ്പോളും നിന്റെ ഓര്‍മക്കും ആ ഗണത്തില്‍പ്പെടുന്നവയാണ് .
മുറപ്പെണ്ണ് എന്ന സിനിമക്ക് തിരക്കഥ രചിച്ചു കൊണ്ടാണ് എം ടി മലയാള ചലച്ചിത്രലോകത്തെത്തുന്നത്. സംവിധാനം ചെയ്തത് ഏഴു സിനിമകള്‍. രചിച്ചത് അമ്പത്തിനാലോളം തിരക്കഥകള്‍. കലാമൂല്യവും ജനപ്രീതിയും ആവോളമുണ്ടായിരുന്നവയായിരുന്നു അവയില്‍ മുഖ്യ പങ്കും. 

Latest News