എം.എല്‍.എമാരെ ചാക്കിടല്‍: മെഹ്ബൂബ മുഫ്തി പറയുന്നത് പച്ചക്കള്ളമെന്ന് ബി.ജെ.പി

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പി.ഡി.പിയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് സംസ്ഥാനത്ത് സംഘടനാ ചുമതലയുള്ള ബി.ജെ.പി നേതാവ് രാം മാധവ്. തികച്ചും അവാസ്തവവും ഞെട്ടിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ് ഈ ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടി കാര്യങ്ങള്‍ നോക്കാനാണ് മെഹ്ബൂബ ശ്രമിക്കേണ്ടതെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയില്‍ ആരും അവരുടെ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നില്ല. പാര്‍ട്ടിയിലെ ആഭ്യന്തര കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനു പകരം ദല്‍ഹിയെ കുറ്റപ്പെടുത്താനും ഭീകരതയുടെ പേരില്‍ ഭീഷണിപ്പെടുത്താനുമാണ് മെഹ്്ബൂബ ശ്രമിക്കുന്നത്. ബി.ജെ.പി ഒരു പാര്‍ട്ടിയേയും പിളര്‍ത്താന്‍ ശ്രമിക്കുന്നില്ല- രാം മാധവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പി.ഡി.പിയെ പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കാനും ഇടപെടാനും ശ്രമിച്ചാല്‍ കൂടുതല്‍ സലാഹുദ്ദീന്‍മാരും യാസിന്‍ മാലിക്കുമാരും ഉണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പി.ഡി.പിയെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഫലം ദൂരവ്യാപകമായിരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.
മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവന വിഘടനവാദികളോടുള്ള അവരുടെ അടുപ്പം മാത്രമല്ല, ഭീകരര്‍ക്ക് ജീവവായു നല്‍കുന്നതുമാണെന്നും ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തി. മെഹ്ബൂബ കാരണം ഭീകരതയിലേക്ക് നീങ്ങുന്നവരടക്കം എല്ലാ ഭീകരരേയും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ സുരക്ഷാ സേനയും അധികാരവുമുണ്ടെന്ന് കൂടൂതല്‍ സലാഹുദ്ദീന്‍ ഉണ്ടാകുമെന്ന മെഹ്ബൂബയുടെ ഭീഷണിയെ കുറിച്ച് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും നേട്ടങ്ങള്‍ക്കുമായി കശ്മീര്‍ കുറച്ചുകാലം ഗവര്‍ണര്‍ ഭരണത്തില്‍ തുടരണമെന്നാണ് തങ്ങളുടെ നിലപാട്. പി.ഡി.പിയും ജനപ്രതിനിധികളും നടത്തിയ അഴിമതിയും സ്വജനപക്ഷപാതവും പരിശോധിക്കാന്‍ മെഹ്്ബൂബ മുഫ്തി തയാറാകണം- രാം മാധവ് ആവശ്യപ്പെട്ടു.
മൂന്ന് വര്‍ഷം പിന്നിട്ട സഖ്യത്തില്‍നിന്ന് ബി.ജെ.പി പിന്മാറിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മെഹ്്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പി.ഡി.പി എം.എല്‍.എമാരെ ചാക്കിടാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നിരവധി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം  മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച പിന്തുണ ഉറപ്പു നല്‍കിയിരുന്നു.  

 

Latest News