Sorry, you need to enable JavaScript to visit this website.

കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്തിന്റെ പുതിയ ഉറവിടമായി മലേഷ്യ

നെടുമ്പാശ്ശേരി-സംസ്ഥാനത്തേക്കുള്ള രൂപത്തിലും കടത്തിലും മാറ്റം വന്ന സ്വർണക്കടത്തിന്റെ  പുതിയ ഉറവിടമായി മലേഷ്യ മാറുന്നു. ഇതുവരെ ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു നികുതി വെട്ടിച്ച് അനധികൃതമായി സ്വർണക്കടത്ത് അരങ്ങേറിയിരുന്നത്. എന്നാൽ ഗൾഫ് മേഖലയിൽ നിന്നും  സ്വർണവുമായി എത്തുന്ന കാരിയർമാർ  തുടർച്ചയായി പിടിയിലാകുന്നതോടെയാണ് കള്ളക്കടത്ത് സംഘങ്ങൾ മറ്റ് മാർഗ്ഗങ്ങൾ  തേടുകയായിരുന്നു. മാത്രമല്ല സ്ത്രീകളെ കാരിയർമാരാക്കിയുള്ള സ്വർണക്കടത്തും അനുദിനം വർദ്ധിച്ച് വരികയാണ്. ഈ മാസം മാത്രം സ്വർണം കടത്താൻ ശ്രമിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് നടത്തിയ പരിശോധനയിൽ പിടിയിലായ 17 പേരിൽ 13 പേരും വനിതകളാണ് എന്നതും ശ്രദ്ധേയമാണ്. 4.200 കോടി രൂപ വില വരുന്ന 8.472 കിലോഗ്രാം സ്വർണമാണ് രണ്ടാഴ്ച്ചയ്ക്കിടെ നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇതിൽ 1.721 കിലോഗ്രാം സ്വർണം വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതാണ്. ബാക്കിയുള്ളതിൽ 2.13 കോടി രൂപ വിലവരുന്ന 4.308 കിലോഗ്രാം സ്വർണം എത്തിയതും മലേഷ്യയിൽ നിന്നും വന്ന യാത്രക്കാർ വഴിയാണ്. മലേഷ്യൻ കറൻസിയായ റിംഗിറ്റുമായി ഇന്ത്യൻ രൂപയെ താരതമ്യം ചെയ്യുമ്പോൾ ഒരു കിലോ സ്വർണത്തിന്റെ വിലയിൽ ഇന്ത്യയെ അപേക്ഷിച്ച് നാല് ലക്ഷം രൂപയിലധികം കുറവാണ് മലേഷ്യയിൽ നിന്നും സ്വർണം വാങ്ങുന്നതിന്. ഇത് ഇന്ത്യയിലേക്കെത്തിക്കാൻ വിമാന ടിക്കറ്റിന് പുറമെ 30000 രൂപ മുതൽ 40000 രൂപ വരെയാണ് കരിയർമാർക്ക് നൽകുന്നത്. മലേഷ്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിന്റെ കുറവും ഇവർക്ക് നേട്ടമാകുന്നു. ഗൾഫ് നാടുകളിൽ നിന്നും സ്വർണക്കട്ടികളായിട്ടാണ് കൊണ്ടുവരുന്നതെങ്കിൽ മലേഷ്യയിൽ നിന്നും ആഭരണങ്ങളായാണ് സ്വർണം കൊണ്ടുവരുന്നത്. ഇവ മലേഷ്യൻ കട്ടിങ് എന്ന നിലയിൽ നേരിട്ട് വിപണിയിൽ വിൽപന നടത്തുമ്പോൾ ലാഭം പിന്നെയും ഉയരും. ഒരു ഏജന്റാണ് സ്വർണം കൊണ്ടുവരാൻ തങ്ങളെ ഏർപ്പാട് ചെയ്തതെന്നും സ്വർണം ഇവിടെ എത്തിച്ചു കൊടുത്താൽ ലഭിക്കുന്ന കമ്മീഷൻ തുകയ്ക്ക് വേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്നുമാണ് ഈ മാസം ആറിന് പിടിയിലായ ആറ് മലേഷ്യൻ യുവതികൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാൽ ആർക്ക് വേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് അറിയില്ലെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് ഇറങ്ങി കഴിയുമ്പോൾ ഇവിടെ നിന്നുള്ള ഏജന്റ് ബന്ധപ്പെടുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നുമാണ് ഇവർ പറഞ്ഞത്. ഏതെങ്കിലും സാഹചര്യത്തിൽ കാരിയർമാർ കസ്റ്റംസിന്റെ പിടിയിലായാൽ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സ്വർണക്കളക്കടത്ത് സംഘം ഈ മുൻകരുതൽ സ്വീകരിക്കുന്നത്. രാജ്യാന്തര വിമാനത്താവളത്തിലെ കാർഗോ വഴി സ്വർണം കടത്താൻ ശ്രമിച്ചതും അടുത്തിടെ തുടർച്ചയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു.

Latest News