Sorry, you need to enable JavaScript to visit this website.

മൂത്രമൊഴിക്കലും അൽപം രാഷ്ട്രീയ വിചാരവും

മധ്യപ്രദേശിൽ ആദിവാസി ജനസംഖ്യ 21 ശതമാനമാണ്. അതിൽ ദസ്മത്ത് ഉൾപ്പെടുന്ന കോൽ ഗോത്രം മൂന്നാം സ്ഥാനത്താണ്. ആദിവാസി വോട്ടുകൾക്ക് പ്രാധാന്യമുള്ള 47 നിയമസഭാ മണ്ഡലങ്ങളും ഏഴ് ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനത്തുണ്ട്. ബി.ജെ.പി നേതാവ് ആദിവാസിയെ മൂത്രത്തിൽ കുളിപ്പിക്കുമ്പോൾ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പേടിക്കുകയും ഇരയുടെ കാൽകഴുകാൻ ഓടിയെത്തുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം ഈ കണക്കുകൾ വ്യക്തമാക്കുന്നു.


ജൂലൈ ആറിന് ബി.ജെ.പി പ്രവർത്തകനായ പ്രവേഷ് ശുക്ല ഒരു ആദിവാസിയുടെ മേൽ മൂത്രമൊഴിക്കുന്നു. പ്രദേശത്തെ എം.എൽ.എയായ കേദാർനാഥ് ശുക്ലയുടെ അടുത്ത അനുയായിയാണ് ശുക്ല. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ ദസ്മത് റാവത്താണ് ഇരയായതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ അവകാശപ്പെട്ടു. ദസ്മത് ആദ്യം ഇത് നിഷേധിച്ചെങ്കിലും പിന്നീട് വൈറലായ വീഡിയോയിലെ ഇര താൻ തന്നെയെന്ന് സമ്മതിച്ചു.

ഈ നാണംകെട്ട പ്രവൃത്തിയുടെ വീഡിയോ പ്രചരിച്ചതോടെ വിവാദവും വിമർശവും ഉയർന്നു. ശിവരാജ് സിംഗ് ചൗഹാൻ റാവത്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാലുകൾ കഴുകി, മാല ചാർത്തുകയും പണം വാഗ്ദാനം നൽകുകയും ചെയ്തു. സംഭവത്തിന് ജാതീയമാനമുണ്ടെന്ന ആക്ഷേപം മുഖ്യമന്ത്രി ചൗഹാൻ തള്ളി, ക്രിമിനലുകൾക്ക് ജാതിയില്ലെന്ന് പറഞ്ഞു. പ്രവേഷ് ശുക്ലയുടെ വീട്ടിലേക്ക് ബുൾഡോസറുകൾ അയച്ച് വീടിന്റെ അനധികൃത ഭാഗം സർക്കാർ പൊളിക്കുകയും ചെയ്തു. 
ഈ ദാരുണമായ സംഭവം പുറത്തായതോടെ, പ്രശസ്ത ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോഡ് ഇതുമായി ബന്ധപ്പെട്ട ഒരു കാർട്ടൂൺ പോസ്റ്റ് ചെയ്യുകയും അവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
മധ്യപ്രദേശിൽ ആദിവാസി ജനസംഖ്യ 21% ആണ്. അതിൽ ദസ്മത്ത് ഉൾപ്പെടുന്ന കോൽ ഗോത്രം മൂന്നാം സ്ഥാനത്താണ്. ആദിവാസി വോട്ടുകൾക്ക് പ്രാധാന്യമുള്ള 47 നിയമസഭാ മണ്ഡലങ്ങളും ഏഴ് ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ മേഖലകളിൽ കോൺഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടിയിരുന്നു. ഇത് കോൺഗ്രസിലെ കമൽനാഥിനെ മുഖ്യമന്ത്രിയാകാൻ സഹായിച്ചു. 'ഓപറേഷൻ കമലി'ലൂടെ അദ്ദേഹത്തിന്റെ സർക്കാർ വീഴുകയും ബി.ജെ.പിയുടെ ശിവരാജ് ചൗഹാൻ മുഖ്യമന്ത്രിയാകുകയും ചെയ്തു എന്നത് മറ്റൊരു കാര്യം.

മധ്യപ്രദേശിലെ ആദിവാസികളുടെ സ്ഥിതി പ്രത്യേകിച്ചും, മറ്റ് സ്ഥലങ്ങളിലേത് പൊതുവായും എന്താണെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമായിരിക്കാം. ആദിവാസികളെ സംബന്ധിച്ചിടത്തോളം ബി.ജെ.പിക്ക് ഇരട്ട നയമാണ്. ആദിവാസികൾ ഹിന്ദുക്കളാണെന്നാണ് ഒരു അവകാശവാദം. തീർച്ചയായും ആദിവാസി സംസ്‌കാരം വളരെ വ്യത്യസ്തമാണ്, അവരുടെ മതത്തെക്കുറിച്ചുള്ള അവരുടെ സ്വന്തം ധാരണ വളരെ വ്യത്യസ്തമാണ്. ബി.ജെ.പിയുടെ മാതൃസംഘടനയായ ആർ.എസ്.എസ്, വനവാസി കല്യാൺ ആശ്രമം (വി.കെ.എ) എന്ന പേരിൽ സംഘടനയുണ്ടാക്കി ആദിവാസികളെ ഹൈന്ദവവൽക്കരിക്കാനും അവരെ ഒപ്പം നിർത്താനും ശ്രമിക്കുന്നു. ആർ.എസ്.എസ്  അവരെ ആദിവാസികൾ എന്ന് വിളിക്കുന്നില്ല, പകരം വനവാസികൾ എന്ന് വിളിക്കുന്നു. ഇതിന് കാരണം, ഹിന്ദുത്വ പ്രത്യയശാസ്ത്രം പറയുന്നത് ഹിന്ദുക്കൾ 'ആദ്യം വന്നവർ' ആണെന്നും ഹിന്ദു രാഷ്ട്രം പണ്ടുമുതലേ ഇവിടെയുണ്ട് എന്നതുമാണ്. ആദിവാസികളാണ് യഥാർഥ നിവാസികളെങ്കിൽ ഈ അവകാശവാദം പാളീസാകും.
ആദിവാസി മേഖലകളായ ഡാങ്സ്, ഝബുവ, കാണ്ഡമാൽ എന്നിവിടങ്ങളിൽ വി.കെ.എ വളരെ സജീവമാണ്. ഇവിടെ സാംസ്‌കാരിക സംവിധാനങ്ങളിലൂടെ അവർ ബ്രാഹ്മണ സംസ്‌കാരം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചു. അവർ ആദിവാസികളിൽനിന്ന് ചില സാംസ്‌കാരിക പ്രതീകങ്ങൾ തെരഞ്ഞെടുത്ത് വലിയ ആഡംബരത്തോടെയും പ്രദർശനത്തോടെയും അവതരിപ്പിച്ചു. ഡാങ്സ് ശബരി ക്ഷേത്രത്തിൽ ശബരി കുംഭവും ഹനുമാനെ പ്രധാന ദേവനായി അവരോധിക്കലും നടക്കുന്നു. നിരാലംബയായ ശബരിയെ ദൈവമായി ഉയർത്തിക്കാട്ടുന്നത് ആദിവാസികളുടെ അവശതയും ഇല്ലായ്മയും മഹത്വവത്കരിക്കാനുള്ള ശ്രമമായിരിക്കാം. മധ്യപ്രദേശിലെ ആദിവാസി മേഖലകളിൽ ശബരി കുംഭമേളകൾ സംഘടിപ്പിച്ചിക്കുന്നത് സാംസ്‌കാരികമായി അവരിൽ ആധിപത്യം ചെലുത്താനുള്ള ശ്രമമായിരിക്കാം. ഈ പ്രദേശങ്ങളിൽ ഹനുമാനെ പ്രധാന ദൈവമായി ഉയർത്തിക്കാണിക്കുന്നതിലും വലിയ രാഷ്ട്രീയമുണ്ട്. നഗരപ്രദേശങ്ങളിൽ ശ്രീരാമനെ പ്രതിഷ്ഠിക്കുന്നവർ എന്തിനാണ് ആദിവാസി മേഖലകളിൽ ഹനുമാനെ പ്രതിഷ്ഠിക്കുന്നത്?

ഈ പ്രദേശങ്ങളിൽ, ചരിത്രത്തിൽനിന്നും ഐതിഹ്യങ്ങളിൽനിന്നും സംഭവങ്ങൾ തെരഞ്ഞെടുത്ത് മുസ്‌ലിംകൾക്കെതിരായി അവതരിപ്പിക്കുകയെന്ന കലാപരിപാടിയും നടക്കുന്നുണ്ട്. ആദിവാസി രാജ്ഞിയായ കമലാപതിയെ സ്തുതിച്ച് ഹബീബ് ഗഞ്ച് സ്റ്റേഷന്റെ പേര് റാണി കമൽപതി റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തതും അവരുടെ സ്മരണയ്ക്കായി ഒരു മ്യൂസിയം ആസൂത്രണം ചെയ്തതും ഇതിന് ഉദാഹരണമാണ്. അതുപോലെ, കോൽ ജയന്തി മഹാകുംഭം സംഘടിപ്പിച്ച് ഈ സമുദായത്തെ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഉപയോഗിക്കാനും സവർണ രാഷ്ട്രീയത്തിന്റെ ആധിപത്യത്തിന് കീഴിൽ അവരെ ഒപ്പം നിർത്താനുമാണ് ശ്രമിച്ചത്.
സാമൂഹിക തലത്തിൽ ജാതി അധികാര ശ്രേണിയാണ് വാഴുന്നതെന്ന് നിസ്സംശയം തെളിയിക്കുന്നതാണ് മൂത്രമൊഴിക്കൽ സംഭവം. മറ്റു പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെപ്പോലെ ആദിവാസികളുടെയും അവസ്ഥ ദയനീയമാണ്. അവരുടെ ശാക്തീകരണം ആർ.എസ്.എസ് മുന്നോട്ടു വെയ്ക്കുന്ന പദ്ധതികളിൽ ഏറ്റവും പിന്നിലുമാണ്. സവർണ സമ്പന്നരുടെ ഭീകരത വളരെ ശക്തമാണ്. അവർ നടത്തുന്ന അതിക്രമങ്ങൾ രജിസ്റ്റർ ചെയ്യപ്പെടാതെ പോകുന്നു.
വ്യക്തമായ ഭരണഘടനാ വ്യവസ്ഥകളും മാർഗനിർദേശങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യയിലുടനീളമുള്ള ദളിതുകളുടെയും ആദിവാസി വിഭാഗങ്ങളുടെയും ദുരിതം ഏറ്റവും മോശമായി തുടരുന്നു എന്നതാണ് സത്യം. ഈ സമുദായം ജാതി വ്യവസ്ഥയെന്ന വിപത്തിന്റെ ഇരകൾ മാത്രമല്ല, സ്ഥാപനപരമായ വിവേചനവും സാമൂഹിക ബഹിഷ്‌കരണവും നേരിടുന്നു.  പട്ടികവർഗക്കാർക്കെതിരായ അതിക്രമങ്ങൾ 2021 ൽ 6.4% വർധിച്ചതായി പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശിൽ തന്നെ- 29.8%, രാജസ്ഥാനിൽ 24%, ഒഡീഷ 2021 ൽ 7.6% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ.
ബി.ജെ.പിയും അതുമായി ബന്ധപ്പെട്ട സംഘടനകളും പിന്തുടരുന്ന രാഷ്ട്രീയത്തിന്, വികാരപരമായ പ്രതീകാത്മക പ്രവർത്തനങ്ങളിലൂടെ ആദിവാസികളെ ഹിന്ദുവൽക്കരിക്കാനും സവർണ മേധാവിത്വം നിലനിർത്താനുമുള്ള ബഹുമുഖ തന്ത്രങ്ങളുണ്ട്. ആദിവാസി മേഖലകളിൽ മൊത്തത്തിൽ പിന്തുടരുന്ന ഈ നയങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന ഭയം മാത്രമാണ് കാലുകൾ കഴുകാനും ദ്രോഹിക്കപ്പെട്ട വ്യക്തിക്ക് 5 ലക്ഷം വാഗ്ദാനം ചെയ്യാനും ഇടയാക്കുന്നത്. അതല്ലാതെ മറ്റൊന്നും ചൗഹാന്റെ അടിയന്തര ഇടപെടലുകളിൽ കാണേണ്ടതില്ല. ഗോത്രസമൂഹം ഈ യാഥാർഥ്യം തിരിച്ചറിയുമെങ്കിൽ മധ്യപ്രദേശിൽ ബി.ജെ.പിക്ക് മറ്റൊരു പ്രഹരം കാത്തിരിക്കുന്നുവെന്ന് പറയാം.

Latest News