സുലഭമല്ല ജലം, ജാഗ്രതയും സംരക്ഷണവും അനിവാര്യം


ഫലപ്രദമായൊരു ജല മാനേജ്‌മെന്റ്  സംവിധാനം നമുക്കുണ്ടാകണം. ജനപങ്കാളിത്തത്തോടെയുള്ള നടപടികളാണാവശ്യം. മഴക്കാലവും വേനൽക്കാലവും വരുമ്പോൾ മാത്രം വെള്ളത്തെക്കുറിച്ച് ചിന്തിക്കുകയും പിന്നീട് മറക്കുകയും ചെയ്യുന്ന നില വരരുത്. ആത്മാർത്ഥതയുള്ള ഒരു നേതൃത്വത്തെ ജലവിനിയോഗവും സംരക്ഷണവും ഏൽപിക്കണം. പണത്തിന്റെ കുറവല്ല ഇവിടെ പ്രശ്‌നം. ആത്മാർത്ഥതയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും കുറവാണ്. ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചേ പറ്റൂ.

 

സ്‌കൂളുകൾ തുറക്കുമ്പോൾ മഴ നനഞ്ഞുകൊണ്ടായിരുന്നു പണ്ടൊക്കെ കുട്ടികൾ പോയിരുന്നത്. ഇടവപ്പാതി മഴയുടെ വരവ് ജൂണിൽ അച്ചട്ടായിരുന്നു. എന്നാൽ ഇന്ന് കലാവസ്ഥയാകെ മുറ തെറ്റിയിരിക്കുന്നു. കഴിഞ്ഞ 47 വർഷത്തെ മഴക്കണക്കനുസരിച്ച് ഏറ്റവും കുറവ് മഴ ലഭിച്ചത് ഈ ജൂണിലാണ്. ഈ മാസം  മഴ തുടങ്ങിയപ്പോൾ തന്നെ വെള്ളപ്പൊക്കക്കെടുതിയുമായി. പരിസ്ഥിതി ലോലപ്രദേശമായ കേരളത്തിൽ പ്രകൃതിയെ പരിഗണിക്കാതെ നടപ്പിലാക്കിയ പദ്ധതികളാണിതിനൊക്കെ കാരണം. അനുഭവങ്ങളിൽ നിന്ന് നമ്മൾ പാഠം പഠിക്കുന്നുമില്ല.
നീരൊഴുക്കു വഴികളൊക്കെ മണ്ണിട്ട് മൂടിയതോടെ മഴക്കാലം പ്രളയകാലമാകുന്നു.  ഇന്ന് പ്രളയവും വരൾച്ചയും ഇന്നാടിന്റെ ഭാഗമായി മാറി. അഞ്ഞൂറു വർഷത്തിലൊരിക്കലുണ്ടായിരുന്ന മഹാപ്രളയവും നൂറു കൊല്ലത്തിലൊരിക്കലുണ്ടായിരുന്ന പ്രളയവും ഇനി അതേപോലെ ആവർത്തിക്കണമെന്നില്ല. കാലാവസ്ഥാ വ്യതിയാന മൂലം പ്രകൃതിയുടെ താളമാകെതെറ്റുകയാണ്.  എപ്പോഴും എന്തും സംഭവിക്കാം. ഈ തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. ഇവിടുത്തെ അധികാരികൾക്കുണ്ടാകേണ്ടത്. മൺമുന്നൊരുക്കങ്ങളൊക്കെ തെറ്റിയെന്നാണ് പ്രളയ ദുരിതങ്ങൾ വെളിപ്പെടുത്തുന്നത്. പകർച്ചപ്പനി കൂടി മഴയോടൊപ്പം വന്നതോടെ സ്ഥിതിയാകെ ഗുരുതരമായി മാറുകയാണ്. മഴക്കാലത്തെ ജനം ആശങ്കയോടെയാണ് ഇന്ന് കാണുന്നത്.
ജലത്തെ സംബന്ധിച്ച് ശരിയായൊരു ആസൂത്രണം ഇന്നും നമുക്കില്ല. പല പദ്ധതികളും സർക്കാർ കൊണ്ടുവരുന്നുണ്ട്. എന്നാൽ അതൊന്നും നേരാംവണ്ണം പ്രവർത്തിക്കുന്നില്ല. പരിപാലനമോ തുടർപദ്ധതികളോ നടപ്പാക്കപ്പെടുന്നില്ല. ജലത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഇനിയും ജനം മനസ്സിലാക്കിയിട്ടില്ല. കുബ്ലൈ ഖാനെപ്പോലെയുള്ള രാജാക്കന്മാർ ജലം മലിനമാക്കിയിരുന്നവർക്ക് വധശിക്ഷ പോലും നൽകിയിരുന്നു. അക്കാലത്തെ ഭരണകർത്താക്കൾ ജലത്തിന് നൽകിയിരുന്ന പ്രാധാന്യമാണിത് കാണിക്കുന്നത്. ഇന്നത്തെ ഭരണകർത്താക്കളോ? ഇവിടെ വെള്ളത്തിന്റെയും ഭക്ഷ്യ സുരക്ഷയുടെയും സംരക്ഷണത്തിന് ഫലപ്രദമായൊരു നിയമം ഇപ്പോഴുമില്ലെന്ന് ഓർക്കുക. ജനാധിപത്യം ഏത് വഴിയെയാണ് സഞ്ചരിക്കുന്നത്. നേർവഴിക്കാണോ. 44 പുഴകളും നിരവധി നിർച്ചാലുകളും എവിടെ നോക്കിയാലും തോടുകളും കുളങ്ങളും ഒക്കെയുണ്ടായിരുന്ന സുജലയായ കേരളത്തിൽ പോലും കുടിവെള്ള ക്ഷാമം ഉണ്ടാകുന്നതെന്തുകൊണ്ടെന്ന് നമ്മൾ ആലോചിക്കണം.  
ഇവിടുത്തെ വെള്ളം കുടിക്കാൻ കൊള്ളാത്തതായത് എന്നു മുതലാണ്. 3000 മില്ലിമീറ്റർ മഴ ആണ്ടോടാണ്ടു കിട്ടിക്കൊണ്ടിരിക്കുന്ന നാടാണ് കുടിവെള്ളത്തിനായി തൊണ്ട വരണ്ട് വേനൽക്കാലത്ത് കേഴേണ്ടി വരുന്നത്. മഴക്കാലത്ത് പ്രളയ ജലത്തിൽ മുങ്ങിത്താഴുന്നത്.
ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയോടെ മനുഷ്യർ നേടിയ ഭൗതികമായ നേട്ടത്തിന്റെ അഴുക്കുകളൊക്കെ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ടത് പുഴയും കടലും ജലാശയങ്ങളുമാണ്. വ്യവസായ വിപ്ലവം ഭൂമിയെ മലിനമാക്കി. കടലിനെ കുപ്പത്തൊട്ടിയാക്കി. ഇന്നു കാണുന്ന ഈ ആഡംബരങ്ങളുടെയൊക്കെ കാളകൂടമൊക്കെ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടത് നമ്മുടെ ജലാശയങ്ങളാണ്. പുറത്തേക്ക് തുപ്പുന്ന നമ്മൾ ഉള്ളിലേക്ക് കൂടിയാണ് തുപ്പുന്നതെന്ന് മറക്കരുത്.
മനുഷ്യ ജന്മം 99 ശതമാനം വെള്ളം നിറഞ്ഞ ഭ്രൂണത്തിലാണ് തുടങ്ങുന്നത്. കുഞ്ഞുങ്ങളുടെ ശരീരത്തിന്റെ തൊണ്ണൂറു ശതമാനവും വെള്ളമാണ്. പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിന്റെ എഴുപതു ശതമാനവും വെള്ളമാണ്. വാർധക്യമാകുന്നതോടെ ജലനഷ്ടം സംഭവിക്കുന്നു. വൃദ്ധരുടെ ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നു.  മനുഷ്യർ മരിക്കുമ്പോൾ വെള്ളം ശരീരത്തിന്റെ അമ്പത് ശതമാനമായി കുറയും. ഭൂമിയുടെ 71 ശതമാനവും വെള്ളമാണ്. മനുഷ്യരെ പോലെ തന്നെയാണ് ഭൂമിയും. മനുഷ്യരിലുള്ളതെല്ലാം ഭൂമിയിലുമുണ്ട്. ഇതൊക്കെ മനസ്സിലാക്കിയിട്ടാകുമോ ഭൂമിയെ പഴമക്കാർ ദേവിയായി സങ്കൽപിച്ചത്.
ശക്തമായ പ്രളയത്തിന് ഭൂമിയുടെ ഭ്രമണത്തെ പോലും സ്വാധീനിക്കാനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രളയം ഭൂമിയുടെ ഭ്രമണദിശ മാറ്റുന്നു. വലിയ തോതിൽ ഭൂഗർഭ ജലം ഊറ്റിയെടുക്കുന്നതു മൂലം ഭൂമിയുടെ കിഴക്കോട്ടുള്ള ചെരിവ് കൂടിവരുന്നതായും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. നമ്മുടെ കലാവസ്ഥയെ ഈ ചെരിവ് ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നു. ഭൂമിയുടെ ഉള്ളറകൾ തുരന്ന് പെട്രോളും വാതകങ്ങളും കൽക്കരിയും ധാതുക്കളും കവർന്നെടുക്കുന്നതു മൂലം എന്തെല്ലാം ദുരന്തങ്ങളാണ് നമ്മെ ഇനി കാത്തിരിക്കുന്നത്. കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
പ്രളയ ജലത്തിൽ മുങ്ങുമ്പോൾ നമ്മൾ പുഴയെ ശപിക്കരുത്. പുഴക്ക് മനുഷ്യരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കണമെന്ന വിചാരമേയില്ല. പുഴ എല്ലാറ്റിനെയും പോറ്റി വളർത്തിയിട്ടേയുള്ളൂ. നിവൃത്തികേടു കൊണ്ടാണ് കര കവിഞ്ഞൊഴുകേണ്ടിവരുന്നത്. മനുഷ്യർ ഡാം കെട്ടി തടഞ്ഞുവെച്ചിരിക്കുന്ന പുഴയെ അവർ തോന്നിയതു പോലെ തുറന്നു വിടുമ്പോൾ വെള്ളത്തെയാകെ ഉൾക്കൊള്ളാനാകാതെ  കര കവിഞ്ഞല്ലേ പറ്റൂ. പുഴയുടെ സ്വന്തം നീർതടങ്ങളൊക്കെ മനുഷ്യർ മണ്ണിട്ട് മൂടിക്കളഞ്ഞില്ലേ. വെള്ളത്തിന് ഒന്നു കയറി നിൽക്കാൻ പോലുമുള്ള ഇടമില്ലാതാക്കിയതാരാണ്. ഇനിയെങ്കിലും ഉള്ള നീർതടങ്ങൾ സംരക്ഷിച്ചാൽ വെള്ളപ്പൊക്കം കുറയൊക്കെ നിങ്ങൾക്ക് നിയന്ത്രിക്കാമെന്ന് പുഴ നമ്മോട് പറയുന്നുണ്ട്.എന്നാൽ അത് കേൾക്കാനുള്ള ചെവി നമുക്കില്ല. പുഴയുടെ ഭാഷയറിയുന്നവരാരും ഇപ്പോഴില്ല. നമ്മൾ പ്രകൃതിയിൽനിന്ന് അകന്നു കഴിഞ്ഞു.
പുഴയിൽനിന്ന് വെള്ളം കയറാതിരിക്കാൻ കോടികൾ മുടക്കി കരിങ്കല്ല്  കൊണ്ടുവന്ന് അടുക്കുന്നത് വേദനയോടെയാണ്  നോക്കിക്കാണേണ്ടത്. കരിങ്കല്ലിങ്ങനെ നശിപ്പിക്കാൻ ആരാണിവർക്ക് അധികാരം നൽകിയത്. തലതിരിഞ്ഞ പദ്ധതികൾ കുറച്ചു പേരുടെ കീശ വീർപ്പിക്കുക മാത്രമല്ല, നമ്മുടെ പ്രകൃതിയെയും പുഴയെയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ജലക്ഷാമം ഇവിടെ കീറാമുട്ടിയായി മാറുമെന്നുറപ്പാണ്. മഞ്ഞിൽനിന്ന് ഉറവയെടുക്കുന്നവയല്ല നമ്മുടെ പുഴകളൊന്നും. ഹിമാലയം പോലൊരു പർവത നിര കേരളത്തിനില്ല. പശ്ചിമഘട്ടമാണ് നമ്മുടെ പോറ്റമ്മ. ഇവിടുത്തെ പുഴകളൊക്കെ നിത്യഹരിത വനത്തിൽനിന്നുൽഭവിക്കുന്നവയാണ്. കാട്ടുറവകളും മഴയുമാണ് ഇവിടുത്തെ പുഴയുടെ നിലൽപിനാധാരം. പ്രകൃതിസംരക്ഷണം ഒന്നു കൊണ്ടു മാത്രമേ ഇവിടെ പുഴ മരിക്കാതെ നിലനിൽക്കുകയുള്ളൂ. നമ്മുടെ പുഴകളിലേറെയും വേനൽ തുടങ്ങുമ്പോഴേ വറ്റി വരളുന്നതെന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതല്ലേ. മഴ തുടങ്ങുമ്പോഴേ പുഴ കര കവിയുന്നതെന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടതല്ലേ. ഭൂമിയിൽ ഇനിയൊരു ലോക മഹായുദ്ധം ഉണ്ടാകുകയാണെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതിനെ ഗൗരവമായിട്ടെടുത്തേ പറ്റൂ.
ഫലപ്രദമായൊരു ജല മാനേജ്‌മെന്റ്  സംവിധാനം നമുക്കുണ്ടാകണം. ജനപങ്കാളിത്തത്തോടെയുള്ള നടപടികളാണാവശ്യം. മഴക്കാലവും വേനൽക്കാലവും വരുമ്പോൾ മാത്രം വെള്ളത്തെക്കുറിച്ച് ചിന്തിക്കുകയും പിന്നീട് മറക്കുകയും ചെയ്യുന്ന നില വരരുത്. ആത്മാർത്ഥതയുള്ള ഒരു നേതൃത്വത്തെ ജലവിനിയോഗവും സംരക്ഷണവും ഏർപിക്കണം. പണത്തിന്റെ കുറവല്ല ഇവിടെ പ്രശ്‌നം. ആത്മാർത്ഥതയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും കുറവാണ്. ജനങ്ങൾ ഉണർന്ന് പ്രവർത്തിച്ചേ പറ്റൂ.

Latest News